5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup : അവസാന പന്തിൽ നാടകീയ റണ്ണൗട്ട്; നേപ്പാൾ പുറത്ത്, ഒരു റൺ ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ

T20 World Cup : അവസാന പന്തിലെ നാടകീയ റണ്ണൗട്ട് നേപ്പാളിന് തിരിച്ചടിയായപ്പോൾ ഒരു റൺ ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ. തോൽവിയോടെ നേപ്പാൾ ലോകകപ്പിൽ നിന്ന് പുറത്തായി.

T20 World Cup : അവസാന പന്തിൽ നാടകീയ റണ്ണൗട്ട്; നേപ്പാൾ പുറത്ത്, ഒരു റൺ ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ
Run Out Nepal T20 World (Image Courtesy - ICC)
abdul-basith
Abdul Basith | Published: 15 Jun 2024 10:30 AM

നേപ്പാളിനെതിരെ ഒരു റൺ ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പർ 8ൽ. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 116 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നേപ്പാളിന് 7 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാന പന്തിൽ ഗുൽശൻ ഝ നാടകീയമായി റണ്ണൗട്ടായതാണ് നേപ്പാളിനു തിരിച്ചടിയായത്.

സൂപ്പർ താരങ്ങളടങ്ങിയ ദക്ഷിണാഫ്രിക്കയെ 20 ഓവറിൽ 7 വിക്കറ്റിന് 115ലൊതുക്കാൻ നേപ്പാളിനു സാധിച്ചു. 18 പന്തിൽ 27 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സ് മാത്രമാണ് നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റ് സൂക്ഷിച്ച് ബാറ്റ് ചെയ്തത്. 49 പന്തിൽ 43 റൺസ് നേടിയ റീസ ഹെൻറിക്സ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. നേപ്പാളിനു വേണ്ടി കുശാൽ ഭുർട്ടൽ നാലും ദീപേന്ദ്ര സിംഗ് ഐരി മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന് നല്ല തുടക്കം ലഭിച്ചു. എന്നാൽ, മധ്യ ഓവറുകളിൽ നാല് വിക്കറ്റ് വീഴ്ത്തിയ തബ്രൈസ് ഷംസി നേപ്പാളിനെ ബാക്ക്ഫൂട്ടിലാക്കി. അവസാന ഓവറിൽ 8 റൺസും അവസാന പന്തിൽ രണ്ട് റൺസുമായിരുന്നു നേപ്പാളിൻ്റെ വിജയലക്ഷ്യം. ഓട്ട്നീൽ ബാർട്മാൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഗുൽസൻ ഝാ ബൈ റണ്ണിനു ശ്രമിച്ചു. സ്ട്രൈക്കർ എൻഡിൽ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്കിൻ്റെ ത്രോ ലക്ഷ്യം കണ്ടില്ല. എന്നാൽ, ഈ പന്ത് നേരെ എത്തിയത് മിഡ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഹെൻറിച് ക്ലാസൻ്റെ കയ്യിൽ. അപകടമൊഴിവായെന്ന് കരുതി ഗുൽശൻ ഓട്ടത്തിൻ്റെ വേഗത അല്പം കുറച്ചു. ഈ തക്കം നോക്കി ക്ലാസൻ നോൺ സ്ട്രൈക്കർ എൻഡിലെ കുറ്റി തെറിപ്പിച്ചു. ഗുൽശൻ ഝാ നേരിയ വ്യത്യാസത്തിൽ റണ്ണൗട്ട്. ഈ പരാജയത്തോടെ നേപ്പാൾ ലോകകപ്പിൽ നിന്ന് പുറത്തായി.

Read Also: Pakistan T20 World Cup: യുഎസ്എ – അയർലൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചു; പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്ത്

ഇതിനിടെ ടി20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. ഇന്നലെ യുഎസ്എയും അയർലൻഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്നാണ് പാകിസ്താൻ സൂപ്പർ 8ൽ കടക്കാനാവാനാതെ പുറത്തായത്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി യുഎസ്എ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.

ഇന്നലെ നടന്ന മത്സരത്തിൽ യുഎസ്എ പരാജയപ്പെട്ടെങ്കിൽ മാത്രമേ പാകിസ്താൻ അടുത്ത റൗണ്ടിൽ കയറുമായിരുന്നുള്ളൂ. അമേരിക്കയ്ക്ക് നാല് പോയിൻ്റും പാകിസ്താന് 2 പോയിൻ്റുമാണ് ഉണ്ടായിരുന്നത്. ഇരു ടീമിനും അവശേഷിക്കുന്നത് ഓരോ മത്സരങ്ങളും. യുഎസ്എ അയർലൻഡിനെതിരെ തോറ്റ് പാകിസ്താൻ അയർലൻഡിനെതിരായ തങ്ങളുടെ അവസാന മത്സരം വിജയിച്ചെങ്കിൽ നെറ്റ് റൺ റേറ്റ് കൂടി പരിഗണിച്ച് പാകിസ്താന് സാധ്യതയുണ്ടായിരുന്നു. എന്നാൽ, മഴയിൽ അയർലൻഡുമായി പോയിൻ്റ് പങ്കുവച്ചതോടെ യുഎസ്എയ്ക്ക് 5 പോയിൻ്റായി. അയർലൻഡിനെതിരെ കളി ജയിച്ചാലും പാകിസ്താന് 4 പോയിൻ്റേ നേടാനാവൂ. ഇതോടെ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.