5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma : ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻസി നഷ്ടമാവുന്നു; അടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എന്ന് റിപ്പോർട്ട്

Hardik Pandya To Captain India In ODI Replacing Rohit Sharma: ഏകദിനത്തിൽ രോഹിതിന് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാൻ ബിസിസിഐ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ ഹാർദിക് നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ രോഹിതിൻ്റെ ഭാവിയിൽ തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്.

Rohit Sharma : ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ്മയ്ക്ക് ക്യാപ്റ്റൻസി നഷ്ടമാവുന്നു; അടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എന്ന് റിപ്പോർട്ട്
രോഹിത് ശർമ്മImage Credit source: PTI
abdul-basith
Abdul Basith | Published: 03 Jan 2025 22:42 PM

ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ്മയ്ക്ക് (Rohit Sharma) ക്യാപ്റ്റൻസി നഷ്ടമാവുന്നു എന്ന് റിപ്പോർട്ട്. വരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ബിസിസിഐ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ വ്യത്യസ്ത താരങ്ങളാവും നയിക്കുക. നേരത്തെ, ഈ രീതിയോട് ബിസിസിഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ബോർഡർ – ഗവാസ്കർ ട്രോഫിയിലും അതിന് മുൻപ് നാട്ടിൽ ന്യൂസീലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും നടത്തിയ വളരെ മോശം പ്രകടനങ്ങൾക്കൊടുവിലാണ് രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമാവുന്നത്. മോശം പ്രകടനങ്ങളെ തുടർന്ന് രോഹിത് സ്വയം മാറിനിൽക്കാൻ തീരുമാനിച്ചതാണെന്ന ഔദ്യോഗിക അറിയിപ്പാണ് ടീം മാനേജ്മെൻ്റ് നൽകുന്നതെങ്കിലും രോഹിതിനെ മാറ്റിനിർത്താൻ പരിശീലകനായ ഗൗതം ഗംഭീർ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ 37കാരനായ രോഹിതിൻ്റെ ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ചു എന്നാണ് സൂചനകൾ. ഈ വർഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഒരു പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൻ്റെ തുടക്കമാണ്. അതാണ് ഇനി ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരം. ആ പരമ്പരയിൽ ഒരു പുതിയ ടീം കെട്ടിപ്പടുക്കാനാവും ബിസിസിഐ ശ്രമിക്കുക. അതുകൊണ്ട് തന്നെ രോഹിതിന് ആ ടീമിൽ ഇടം ലഭിക്കില്ല.

Also Read : India 2025 Cricket Schedule : ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിൽ തുടക്കം; പിന്നാലെ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാ കപ്പും; 2025ൽ ടീം ഇന്ത്യയ്ക്ക് ആവേശകരമായ ഷെഡ്യൂൾ

ടെസ്റ്റിൽ മോശം പ്രകടനങ്ങളാണെങ്കിലും ഏകദിനത്തിലും ടി20യിലും രോഹിത് മിന്നും ഫോമിലായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ടീമിനെ മുന്നിൽ നിന്ന് നയിച്ച രോഹിത് ഇന്ത്യക്ക് കുട്ടി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്തു. ഏകദിന ലോകകപ്പിൻ്റെ ഫൈനലിലും ടീമിനെ എത്തിച്ചു. ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് ടി20 കരിയർ അവസാനിപ്പിച്ചു. ടെസ്റ്റ് കരിയർ ഏറെക്കുറെ അവസാനിച്ചെന്ന് ഉറപ്പായിരിക്കെ ഇനി ഏകദിനത്തിൽ മാത്രമേ രോഹിത് കളിയ്ക്കൂ. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനമാവും ഏകദിന കരിയറിൽ രോഹിതിൻ്റെ വിധിയെഴുതുക. ചാമ്പ്യൻസ് ട്രോഫിയിൽ നന്നായി കളിച്ചാൽ ഒരു പക്ഷേ, അടുത്ത ഏകദിന ലോകകപ്പ് വരെ രോഹിതിന് ടീമിൽ അവസരം നൽകിയേക്കും. ഇനി അതല്ല, ചാമ്പ്യൻസ് ട്രോഫിയിൽ മോശം പ്രകടനങ്ങളാണെങ്കിൽ രോഹിത് പിന്നെ ടീമിലുണ്ടാവില്ല. അതുകൊണ്ട് തന്നെ ചാമ്പ്യൻസ് ട്രോഫിയോടെ പുതിയ ഏകദിന ക്യാപ്റ്റനെ പരിഗണിക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

രോഹിതിന് പകരം ജസ്പ്രീത് ബുംറയാണ് നിലവിൽ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ. ടെസ്റ്റ് വൈസ് ക്യാപ്റ്റനായ ബുംറ തന്നെയാവും ഇനി ടീമിനെ നയിക്കുക. സൂര്യകുമാർ യാദവ് ടി20 ടീം ക്യാപ്റ്റനാണ്. ഏകദിനത്തിൽ ഹാർദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാലും രോഹിത് തന്നെ തുടർന്നാലും മൂന്ന് ഫോർമാറ്റിലും മൂന്ന് ക്യാപ്റ്റന്മാരാവും. ടി20യിൽ രോഹിതിനെ ആദ്യം ക്യാപ്റ്റനായി നിയമിച്ച ഇന്ത്യ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് മാറിനിൽക്കാൻ കോലിയോട് ആവശ്യപ്പെട്ടു. പരിമിത ഓവർ ടീമുകളെ ഒരു ക്യാപ്റ്റൻ നയിക്കട്ടെ എന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഇതിന് പിന്നാലെ കോലി ടെസ്റ്റ് ക്യാപ്റ്റൻസിയും ഒഴിയുകയായിരുന്നു.