Rohit Sharma : രോഹിത് നല്‍കിയത് വിരമിക്കലിന്റെ സൂചനയോ ? ആ ഗ്ലൗസുകള്‍ പറയാതെ പറയുന്നതെന്ത് ? അഭ്യൂഹങ്ങള്‍ വ്യാപകം
Rohit Sharma's Gloves Act : പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. ഡഗൗട്ടിന് മുന്നില്‍ തന്റെ ഗ്ലൗസ് ഉപേക്ഷിച്ചതിന് ശേഷമാണ് രോഹിത് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്
അങ്ങേയറ്റം ശോകമായ പ്രകടനം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഈ രോഹിത് ശര്‍മയെ അല്ല ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും അടുത്തതില്‍ ശരിയാകുമെന്ന് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ്. എന്നാല്‍ മത്സരങ്ങള്‍ ഓരോന്ന് കഴിയുമ്പോഴും കാണാനാകുന്നതോ ഡഗൗട്ടിലേക്ക് തല കുനിച്ച് നിരാശനായി മടങ്ങുന്ന ഇന്ത്യന്‍ നായകനെയും.
പ്രതീക്ഷകളെല്ലാം വിഫലമാകുമ്പോള്‍ ആരാധക രോക്ഷവും അണപൊട്ടുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനമാണ് രോഹിതിനെതിരെ ഉയരുന്നത്. രോഹിത് വിരമിക്കണമെന്ന് വരെ ആവശ്യപ്പെടുന്നവരും ഏറെ. ഇതിനിടയില്‍ രോഹിത് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍ രോഹിതിന്റെ തന്നെ ഒരു പ്രവൃത്തിയാണ്. ഗാബ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 27 പന്തില്‍ 10 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന് നേടാനായത്.
പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം മടങ്ങിയത്. ഡഗൗട്ടിന് മുന്നില്‍ തന്റെ ഗ്ലൗസ് ഉപേക്ഷിച്ചതിന് ശേഷമാണ് രോഹിത് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. പിന്നാലെ താരം വിരമിക്കുന്നതിന്റെ സൂചനയാണ് നല്‍കിയതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു. ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ കുട്ടിക്ക്രിക്കറ്റില്‍ നിന്ന് രോഹിത് വിരമിച്ചിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്നും സൂചനയുണ്ട്. ഇതിന് പിന്നാലെ ടെസ്റ്റിലെ വിരമിക്കല്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്.
താളം കണ്ടെത്താനാകാതെ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിരാശജനകമായ പ്രകടനമാണ് രോഹിത് പുറത്തെടുക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരം കളിക്കാതിരുന്ന താരം, അഡ്‌ലെയ്ഡ് ടെസ്റ്റിലാണ് ടീമിനൊപ്പം ചേര്‍ന്നത്. 23 പന്തില്‍ മൂന്ന്, 15 പന്തില്‍ 6 എന്നിങ്ങനെയാണ് അഡ്‌ലെയ്ഡില്‍ രോഹിത് നേടിയ റണ്‍സുകള്‍.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ 63 പന്തില്‍ 52 റണ്‍സ് നേടിയതിന് ശേഷം ഒരു അര്‍ധ സെഞ്ചുറി പോലും കണ്ടെത്താന്‍ രോഹിതിന് സാധിച്ചിട്ടില്ല. കീവിസെതിരായ രണ്ടാം ടെസ്റ്റിലും (ഒമ്പത് പന്തില്‍ പൂജ്യം, 16 പന്തില്‍ എട്ട്), മൂന്നാം ടെസ്റ്റിലും (18 പന്തില്‍ 18, 11 പന്തില്‍ 11) രോഹിത് നിരാശപ്പെടുത്തിയിരുന്നു.
ന്യൂസിലന്‍ഡിനെതിരായ മത്സരങ്ങള്‍ക്ക് മുമ്പായി ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയിലും രോഹിതിന് താളം കണ്ടെത്താനായില്ല. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ നേടിയത് 19 പന്തില്‍ ആറു റണ്‍സ്. രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ അഞ്ച്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 11 പന്തില്‍ 23. രണ്ടാം ഇന്നിങ്‌സില്‍ ഏഴ് പന്തില്‍ എട്ട്. ഒടുവില്‍ ഇപ്പോള്‍ ഓസീസ് പര്യടനത്തിലും മങ്ങിയ ഫോം തുടരുന്നു.
Read Also : ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തിരിച്ചടി, ഹേസൽവുഡ് കളിക്കില്ല; റിപ്പോർട്ട്
ഗാബ ടെസ്റ്റ്
ഗാബ ടെസ്റ്റില്‍ ഒരു വിധം ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി മറികടന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 193 റണ്‍സ് പിറകിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്‌സില്‍ 445 റണ്‍സാണ് ഓസീസ് നേടിയത്. 27 പന്തില്‍ 10 റണ്‍സുമായി ജസ്പ്രീത് ബുംറയും, 31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപുമാണ് ക്രീസില്‍.