5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma: ധോണിയുടെ വഴിയെ രോഹിത്തും! വിരമിക്കൽ അഭ്യൂഹങ്ങൾക്ക് പിന്നിൽ എന്ത്?

Rohit Sharma Retirement Rumors: കഴിഞ്ഞ 13 ഇന്നിം​ഗ്സുകളിൽ ഒരുതവണ മാത്രമാണ് രോഹിത്തിന് അർദ്ധ സെഞ്ച്വറി നേടാനായത്. മറ്റ് പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ഒരു ക്യാപ്റ്റനിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതിലും താഴെയുള്ള പ്രകടനമാണ് രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

Rohit Sharma: ധോണിയുടെ വഴിയെ രോഹിത്തും! വിരമിക്കൽ അഭ്യൂഹങ്ങൾക്ക് പിന്നിൽ എന്ത്?
Rohit Sharma and MS Dhoni (Image Credits: PTI& Getty Images)
athira-ajithkumar
Athira CA | Published: 18 Dec 2024 10:34 AM

ന്യൂഡൽഹി: ‌‌എംഎസ് ധോണിയുടെ വിരമി​ക്കൽ പ്രഖ്യാപനം ഓർമ്മയില്ലേ? ഒരു പതിറ്റാണ്ട് മുമ്പ് ഡിസംബർ മാസത്തിൽ ഓസ്ട്രേലിയയിൽ വച്ചായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ധോണി എടുത്ത ആ തീരുമാനം രോഹിത് ശർമ്മയും പിന്തുടരുമോ എന്ന ചോദ്യം ആരാധകരും ഉയർത്തുന്നുണ്ട്. മോശം ഫോമും ക്യാപ്റ്റൻസിയിലെ പിഴവുമാണ് ഹിറ്റ്മാന് നേരെ ആരാധകർ തിരിയാൻ കാരണം.

2014 ഡിസംബർ 30-ന് ഓസ്ട്രേലിയയിലെ മെൽബണിൽ വച്ച് നടന്ന ബോക്സിം​ഗ് ഡേ ടെസ്റ്റ് പരമ്പരയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച എം.എസ്.ധോണിയെ രോഹിത് ശർമ്മ കണ്ടുപടിക്കണമെന്നാണ് ആരാധക പക്ഷം. കണക്കുകൾ പരിശോധിക്കുമ്പോൾ ആരാധകർ പറയുന്നതിലും അർത്ഥമുണ്ട്. കഴിഞ്ഞ 13 ഇന്നിം​ഗ്സുകളിൽ ഒരുതവണ മാത്രമാണ് രോഹിത്തിന് അർദ്ധ സെഞ്ച്വറി നേടാനായത്. മറ്റ് പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ഒരു ക്യാപ്റ്റനിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതിലും താഴെയുള്ള പ്രകടനമാണ് രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ഇന്നിം​ഗ്സുകളിൽ നിന്നുള്ള സ്കോർ. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ മധ്യനിരയിൽ ഇറങ്ങിയെങ്കിലും അവിടെയും നിലയുറപ്പിക്കാനായില്ല. ​ഗാബ ടെസ്റ്റിൽ നേടാനായത് വെറും 10 റൺസ് മാത്രം. എട്ട് തവണയാണ് രണ്ടക്കം കാണാനാവാതെ പുറത്തായത്.

വീരേന്ദർ സെവാ​ഗും കെ ശ്രീകാന്തുമെല്ലാം കരിയറിന്റെ അവസാന ഘട്ടത്തിൽ വരുത്തിയ പിഴവുകൾ ആവർത്തിച്ചാണ് രോഹിത്തും കൂടാരം കയറുന്നത്. ബാറ്റിം​ഗിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും രോഹിത്തിന്റെ കണക്കുകൾ പിഴച്ചു. ​ഗാബയിലും രോഹിത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചതോടെ ആരാധകർ വിരമിക്കൽ മുറവിളികൾ ഉയർത്തുന്നുണ്ട്. പാറ്റ് കമ്മിൻസ് താരത്തെ പുറത്താക്കിയതിന് പിന്നാലെ രോഹിത് ശർമ്മ വിരമിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പുറത്തായതിന് പിന്നാലെ ഏറെ നിരാശയോടെയാണ് രോഹിത്ത് ക്രീസ് വിട്ടത്. ഡഗ്ഔട്ടിൽ എത്തുന്നതിന് മുമ്പേ താരം ഗ്ലൗസ് ഉപേക്ഷിച്ചതോടെയാണ് വിരമിക്കൽ അഭ്യൂഹങ്ങൾ സജീവമായത്. ഡഗ്ഔട്ടിന് സമീപമുള്ള പരസ്യബോർഡിന് പിന്നിലായാണ് രോഹിത് ​ഗ്ലൗസുകൾ ഉപേക്ഷിച്ചത്. ഇതോടെയാണ് രോഹിത് വിരമിക്കുന്നുവെന്ന പോസ്റ്റ് എക്സിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഇതുവരെയും രോഹിത്തിന് താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. ജൂണിലെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത് കുട്ടിക്രിക്കറ്റിന്റെ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ടീമിലെ സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ തുടങ്ങിയവരുടെ ഈ ഫോർമാറ്റിലെ ഭാവി നിർണയിക്കുന്നത് ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ പ്രകടനമാണെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.

Latest News