5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Rohit Sharma : പറഞ്ഞത് ചെയ്തുകാണിച്ച നായകൻ; രോഹിത് ശർമ ബാക്കിയാക്കുന്നത് നിശ്ചയദാർഢ്യത്തിൻ്റെ പാഠങ്ങൾ

Rohit Sharma Lead From The Front : 'ഹീ വാക്ക് ദ ടോക്ക്' എന്ന പ്രയോഗത്തിൻ്റെ ഇന്ത്യൻ ക്രിക്കറ്റ് രൂപമാണ് രോഹിത് ശർമ്മ. മാറിയ ബാറ്റിംഗ് ശൈലിക്കൊപ്പം സഞ്ചരിക്കണമെന്ന് പറഞ്ഞ്, അത് രണ്ട് ലോകകപ്പുകളിലും അക്ഷരം പ്രതി പിന്തുടർന്ന താരം. ആദ്യ ലോകകപ്പിൽ തോറ്റുപോയെങ്കിൽ രണ്ടാമത്തെ ലോകകപ്പിൽ കിരീടമുയർത്തി അയാൾ ആ തീരുമാനത്തെ ന്യായീകരിക്കുന്നുണ്ട്.

Rohit Sharma : പറഞ്ഞത് ചെയ്തുകാണിച്ച നായകൻ; രോഹിത് ശർമ ബാക്കിയാക്കുന്നത് നിശ്ചയദാർഢ്യത്തിൻ്റെ പാഠങ്ങൾ
Rohit Sharma Lead From The Front
Follow Us
abdul-basithtv9-com
Abdul Basith | Updated On: 30 Jun 2024 10:51 AM

ഐസിസി ഇവൻ്റുകളുടെ നോക്കൗട്ടുകളിൽ തോറ്റ് ഇന്ത്യൻ ആരാധകരുടെ ഹൃദയം പലതവണ പൊടിഞ്ഞിട്ടുണ്ട്. അതും സെമിയിലും ഫൈനലിലുമൊക്കെ. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് (India Have won The World Cup). ഇതൊക്കെ സംഭവിക്കുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയായിരുന്നു. അപ്പോഴൊക്കെ വൈകാരികതയോടെ പരാജയത്തെ കാണുന്ന, കലങ്ങിയ കണ്ണുകളോടെ നിസ്സഹായനായി ഡ്രസിങ് റൂമിനു പുറത്തിരിക്കുന്ന രോഹിതിനെ കണ്ടിട്ടുണ്ട്. ഇന്നലെ ആ ഹാർട്ട്ബ്രേക്കുകളൊക്കെ ഇല്ലാതായ ദിവസമായിരുന്നു (Rohit Sharma Retired From T20 Cricket).

ഐസിസി ഇവൻ്റുകളിലൊരു കപ്പ് മോഹിച്ചാണ് കരിയറിൻ്റെ ഏതാണ്ട് അവസാനമെത്തിനിൽക്കുന്ന രോഹിത് ശർമ്മയെ ബിസിസിഐ നായകനാക്കുന്നത്. അതുമായി ബന്ധപ്പെട്ട് വിരാട് കോലിയും ബോർഡും തമ്മിൽ ചില ഉരസലുകളുണ്ടായെങ്കിലും മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ രോഹിത് നയിക്കാൻ തുടങ്ങിയപ്പോൾ ബിസിസിഐയെപ്പോലെ ആരാധകരും ഒരു കിരീടത്തിനു മോഹിച്ചു. എന്നാൽ, ഫൈനലിൽ ഇന്ത്യൻ യാത്ര അവസാനിക്കുന്നത് പതിവായപ്പോൾ ആരാധകരിൽ ചിലർ അയാളിലെ ക്യാപ്റ്റനെ, താരത്തെ, ഓപ്പണറെ സംശയിച്ചു. പക്ഷേ, രോഹിത് ഗുരുനാഥ് ശർമ്മ തൻ്റെ സ്കിൽസെറ്റിനു കൊടുക്കുന്ന മൂല്യം അവർ പിന്നീടാണറിഞ്ഞത്.

കഴിഞ്ഞ ഏകദിന ലോകകപ്പിനു മുൻപ് നടന്നൊരു വാർത്താസമ്മേളനത്തിൽ, ‘ടോപ്പ് ഓർഡറിൽ നമ്മുടെ സമീപനം ശരിയല്ല. അത് മാറണം’ എന്ന് സ്വയം വിമർശനം നടത്തിയതിനു ശേഷം രോഹിത് അക്ഷരാർത്ഥത്തിൽ അത് നടത്തിക്കാണിച്ചു. സ്വന്തം വിക്കറ്റ് സംരക്ഷിച്ച് സേഫ് ഇന്നിംഗ്സ് കളിക്കാതെ തുടക്കം മുതൽ എതിർ ബൗളർമാരെ സമ്മർദ്ദത്തിലാക്കി തകർപ്പൻ ഇന്നിംഗ്സുകൾ. ഇംപാക്ട്ഫുളായ ഈ ഇന്നിംഗ്സുകൾ ഇന്ത്യയെ ഫൈനലിലെത്തിച്ചു. ഫൈനലിലും 31 പന്തിൽ 47 റൺസെടുത്ത രോഹിത് ഇന്ത്യക്ക് വിസ്ഫോടനാത്മക തുടക്കം നൽകി. എന്നാൽ, ആ ലോകകപ്പ് വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. അന്ന് രോഹിത് കളിച്ച ഷോട്ടിനെ പലരും വിമർശിക്കുന്നുണ്ടെങ്കിലും അങ്ങനെ കളിച്ചാണ് ഇന്ത്യയെ അയാൾ കലാശക്കളി വരെയെത്തിച്ചതെന്ന സത്യം അവർ മറന്നു.

Also Read : Virat Kohli : നിർണായകസമയത്ത് ചിറകുമുളച്ച് അമാനുഷികനായ കോലി; ഒരിക്കൽ കൂടി ടീമിനെ രക്ഷിച്ച് അയാൾ പാഡഴിക്കുന്നു

ഈ ടി20 ലോകകപ്പിലും രോഹിത് സ്വീകരിച്ചത് സമാന ബാറ്റിംഗാണ്. വ്യക്തിഗത നേട്ടങ്ങളെ തിരിഞ്ഞുനോക്കാതെ ടോപ്പ് ഓർഡറിൽ ആക്രമിച്ച് കളിച്ച് ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ രോഹിതിനു കഴിഞ്ഞു. ഇടയ്ക്ക് ചില മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ വെറുപ്പ് അവിടവിടെയായി വീണ്ടും തലപൊക്കി. ഓസ്ട്രേലിയക്കെതിരെ നിർണായകമായ സൂപ്പർ എട്ടിൽ 41 പന്തുകൾ നേരിട്ട് 92 റൺസ് നേടി രോഹിത് ശർമ മടങ്ങുമ്പോൾ ആ വെറുപ്പ് കെട്ടടങ്ങുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പ് സെമി ആവർത്തനമായി ഇത്തവണയും ഇന്ത്യക്ക് മുന്നിലെത്തിയത് ഇംഗ്ലണ്ട്. അവിടെയും രോഹിതിൻ്റെ വില്ലോ ശബ്ദിച്ചു. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ രോഹിത് നേടിയത് 39 പന്തിൽ 57 റൺസ്. ഫൈനലിൽ ഇതേ പാത സ്വീകരിച്ച് പുറത്തായപ്പോൾ 2023 ലോകകപ്പ് ഫൈനൽ ആവർത്തനമെന്ന ആശങ്ക ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ബൗളർമാർ ചേർന്ന് രക്ഷിച്ചെടുത്തു.

രോഹിത് എന്ന ബാറ്റർക്കൊപ്പം രോഹിത് എന്ന ക്യാപ്റ്റനും ഈ ലോകകപ്പിൽ പ്രോ ആക്ടീവായിരുന്നു. അയാൾ ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിമിത ഓവർ നായകനെന്ന വിശേഷണം അന്വർത്ഥമാക്കുന്ന തരത്തിൽ ടീമിനെ നയിച്ചു. ഫൈനലിൽ, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 30 പന്തിൽ 30 റൺസ് എന്ന ഇക്വേഷനിൽ നിന്ന്, നല്ല പ്രകടനം നടത്തുമെന്ന് കരുതി ടീമിൽ ഉൾപ്പെടുത്തിയ സ്പിന്നർമാർ കൃത്യസമയത്ത് തല്ലുകൊണ്ട് തളർന്നപ്പോൾ, ഏറെക്കുറെ തോൽവി ഉറപ്പായപ്പോൾ ഹാർദിക് പാണ്ഡ്യ വച്ച് നീട്ടിയ ക്ലാസൻ്റെ വിക്കറ്റിൽ പിടിച്ച് രോഹിത് കയറി. അർഷ്ദീപിനും ബുംറയ്ക്കും കൃത്യമായി വീതിച്ചുനൽകിയ ഫൈനൽ ഓവറുകൾ. കളി അവസാന ഓവറിലേക്ക് നീട്ടാൻ ദക്ഷിണാഫ്രിക്കയും മില്ലറും ശ്രമിക്കുമെന്നറിഞ്ഞ്, അപകടവും കൗശലവും നിറഞ്ഞൊരു കളി. ആ കളിക്കൊടുവിൽ ഇന്ത്യ വിജയിച്ചുനിന്നു. നന്ദി പ്രിയപ്പെട്ട രോഹിത്.

Stories