IND vs ENG: സിനീയർ താരങ്ങളാണെന്ന് കരുതി വിശ്രമിക്കാം എന്ന് വിചാരിച്ചോ? കോലിയും രോഹിത്തും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരകളിക്കും, റിപ്പോർട്ട്
Virat Kohli And Rohit Sharma: 10 വർഷങ്ങൾക്ക് ശേഷം ബോർഡർ ഗവാസ്കർ ട്രോഫിയും കെെവിട്ടതോടെ രോഹിത്തും കോലിയും കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. ഇരുവരും വിരമിക്കണമെന്ന് അഭിപ്രായപ്പെടുന്നവരിൽ മുൻ ഇന്ത്യൻ താരം ഉൾപ്പെടെയുള്ളവർ ഉണ്ട്.
ന്യൂഡൽഹി: 2025 ഫെബ്രുവരിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കോലിയും കളിച്ചേക്കുമെന്ന് റിപ്പോർട്ട്.
മോശം ഫോം അലട്ടുന്ന ഇരുവരും ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ച് ഫോം വീണ്ടെടുക്കണമെന്നാണ് ബിസിസിഐ തീരുമാനം. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഏകദിന ഫോർമാറ്റിൽ ടീം ഇന്ത്യ കളിക്കുന്ന ഏക പരമ്പരയാണിത്. ഫെബ്രുവരി 6, ഫെബ്രുവരി 9, ഫെബ്രുവരി 12 തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര. ഫെബ്രുവരി 19-നാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുക. ചാമ്പ്യൻസ് ട്രോഫിയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ മൂന്ന് താരങ്ങളായിരിക്കും നയിക്കുക.നേരത്തെ ഈ രീതിയോട് ബിസിസിഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിൽ സൂര്യകുമാർ യാദവാണ് ടി20 ടീമിനെ നയിക്കുന്നത്.
ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗാവസ്കർ ട്രോഫിയിൽ വിരാട് കോലിയും രോഹിത് ശർമ്മയും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങൾ കളിച്ച രോഹിത് ശർമയുടെ സമ്പാദ്യം 30 റൺസ് മാത്രമാണ്. പിതൃത്വ അവധിയെ തുടർന്ന് ടെസ്റ്റിലെ ആദ്യ ടെസ്റ്റിൽ താരം കളിച്ചിരുന്നില്ല. ബോർഡർ ഗവാസ്കർ ട്രോഫിയിൽ മധ്യനിരയിലും ഓപ്പണിംഗിലും ഇറങ്ങിയെങ്കിലും നിരാശ മാത്രമാണ് രോഹിത് ആരാധകർക്ക് സമ്മാനിച്ചത്. കഴിഞ്ഞ 15 ഇന്നിംഗ്സുകളിൽ 10 ലും രണ്ടക്കം കാണാൻ രോഹിത്തിന് കഴിഞ്ഞില്ല. തുടർന്ന് ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റായ സിഡ്നിയിൽ താരം ടീമിൽ ഉണ്ടായിരുന്നില്ല.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ മികച്ച ഫോം കാഴ്ചവച്ചാണ് താരം ടൂർണമെന്റിന് തുടക്കം കുറിച്ചത്. പെർത്തിലെ സെഞ്ച്വറി തിളക്കത്തിന്റെ മികവ് പരമ്പരയിലെ മറ്റ് മത്സരങ്ങളിൽ ആവർത്തിക്കാൻ കോലിക്ക് കഴിഞ്ഞില്ല. അഞ്ച് മത്സരങ്ങളിലെ 10 ഇന്നിംഗ്സുകളിലായി 190 റൺസാണ് കോലിയുടെ സമ്പാദ്യം. 10 വർഷങ്ങൾക്ക് ശേഷം ബോർഡർ ഗവാസ്കർ ട്രോഫിയും കെെവിട്ടതോടെ രോഹിത്തും കോലിയും കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്. ഇരുവരും വിരമിക്കണമെന്ന് അഭിപ്രായപ്പെടുന്നവരിൽ മുൻ ഇന്ത്യൻ താരം ഉൾപ്പെടെയുള്ളവർ ഉണ്ട്.
അതേസമയം, ജനുവരി 10-ന് മുമ്പ് ചാമ്പ്യൻസ്ട്രോഫിക്കായുള്ള സ്ക്വാഡ് പ്രഖ്യാപിക്കണമെന്നാണ് ഐസിസി നിർദ്ദേശം. പരിക്കിനെ തുടർന്ന് സിഡ്നി ടെസ്റ്റിൽ ബൗളിംഗിന് ഇറങ്ങാത്ത ബുമ്ര ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടം നേടുമോ എന്ന് കണ്ടറിയണം. ബുമ്ര ഇടം നേടിയില്ലെങ്കിൽ അർഷ്ദീപ് സിംഗാണ് ടീമിൽ ഇടംപിടിക്കാൻ സാധ്യതയുള്ള താരം.
ടീം ഇന്ത്യ സാധ്യത ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് (ബുമ്രയുടെ അഭാവത്തിൽ)