Rodrigo Bentancur: സഹതാരത്തിനെതിരായ വംശീയാധിക്ഷേപം; ടോട്ടൻഹാം താരം റോഡ്രിഗോ ബെൻ്റാകുറിന് വിലക്ക്
Tottenham’s Rodrigo Bentancur Ban: മിഡ്ഫീൽഡർ റോഡ്രിഗോ ബെൻ്റാകുറിന് ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കിനെ കുറിച്ച് ഇതുവരെയും ടോട്ടൻഹാം പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാൻ താരവും തയ്യാറായിട്ടില്ല.
ഡാനിയേൽ ഹെവി: ടോട്ടൻഹാം മിഡ്ഫീൽഡർ റോഡ്രിഗോ ബെൻ്റാകുറിന് വിലക്ക് പ്രഖ്യാപിച്ച് ഫുട്ബോൾ അസോസിയേഷൻ. വംശീയ അധിക്ഷേപത്തെ തുടർന്ന് ഏഴ് ആഭ്യന്തര മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയിരിക്കുന്നത്. സഹതാരം സോൺ ഹ്യൂങ്മിനിനെക്കുറിച്ച് വംശീയ അധിക്ഷേപം ഉൾപ്പെടുന്ന പരാമർശം നടത്തിയതിന് ആണ് ഫുട്ബോൾ അസോസിയേഷൻ നടപടിയെടുത്തത്. വിലക്കിന് പുറമെ 100,000 പൗണ്ട് പിഴയും ചുമത്തി.
ജൂണിൽ ബെൻ്റാകൂർ തൻ്റെ ജന്മനാടായ ഉറുഗ്വേയിലെ പോർ ലാ കാമിസെറ്റ എന്ന ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വംശീയാധിക്ഷേപം നടത്തിയത്. ടോട്ടൻഹാം ജേഴ്സി ചോദിച്ചപ്പോഴായിരുന്നു പരാമർശം. വിലക്കിനെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ എന്നിവയ്‌ക്കെതിരായ പ്രീമിയർ ലീഗ് മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ലീഗ് കപ്പ് ക്വാർട്ടർ ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങളും 27 കാരനായ താരത്തിന് നഷ്ടമാകും. യൂറോപ്പ ലീഗ് മത്സരങ്ങളിൽ അദ്ദേഹം കളിക്കുമെന്നാണ് വിവരം.
തുടർന്ന് ബെൻ്റാകുർ സോഷ്യൽ മീഡിയയിലൂടെ സോൺ ഹ്യൂങ്മിനിനോട് ക്ഷമാപണം നടത്തിയിരുന്നു. “സോൺ, എന്റെ ഭാഗത്ത് നിന്ന് നിനക്കുണ്ടായ വിഷമത്തിൽ ഞാൻ മാപ്പ് ചോദിക്കുന്നു. ഒരു തമാശയായി പറഞ്ഞതാണ് അത്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആരെയും ദ്രോഹിക്കാനോ അനാദരിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം സോണിനോട് പറഞ്ഞു. താരം ക്ഷമാപണം നടത്തിയെന്നും താൻ അത് അംഗീകരിച്ചെന്നും ദക്ഷിണകൊറിയൻ താരമായ സോൺ ഹ്യൂങ്മിനും വ്യക്തമാക്കിയിരുന്നു.
പ്രീ-സീസൺ പരിശീലനത്തിനായി ഇരുവരും ഒത്തു ചേർന്നപ്പോൾ ബെൻ്റാകൂർ സോണിനോട് കരഞ്ഞു കൊണ്ട് ക്ഷമാപണം നടത്തിയ വാർത്തകളും പുറത്തു വന്നിരുന്നു. ജൂൺ 26-നാണ് ബെൻ്റാകുറിനോട് ഫുട്ബോൾ അസോസിയേഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്. ആഗസ്റ്റ് 19-ന് ബെൻ്റാകൂറിന് വേണ്ടി ടോട്ടൻഹാം അസോസിയേഷനിൽ വിശദീകരണം സമർപ്പിച്ചു. എന്നാൽ താരം ചട്ടം E3 ലംഘിച്ചുവെന്ന് ആരോപിച്ച് അസോസിയേഷൻ സെപ്തംബർ 11-ന് താരത്തിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ബെൻ്റാകൂർ ആവർത്തിച്ചു.
Tottenham’s Rodrigo Bentancur has received a seven-match ban and £100,000 fine for using a racial slur about team-mate Son Heung-min. The FA also ordered him to take part in a mandatory education programme #PremierLeague pic.twitter.com/2zC0gokgTF
— PakPassion Sport (@PakPassionSport) November 18, 2024
#PL Tottenham Hotspur’s Rodrigo Bentancur has been banned for seven matches after he made a racist remark about South Korean people when talking about teammate Son Heung-min.
Bentancur denied the charge but was found guilty and also fined $126,160.
— EWN_Sport (@EWN_Sport) November 18, 2024
നവംബർ 12-ന് മൂന്നംഗ സമിതിയുടെ യോഗത്തിൽ ബെൻ്റാകുർ ചട്ടം E3.1 ലംഘിച്ചെന്നും ഗുരുതരമായ കുറ്റമാണെന്നും കണ്ടെത്തി. ഏഴ് ആഭ്യന്തര മത്സരങ്ങളിൽ നിന്ന് താരത്തെ വിലക്കണമെന്നും 100,000 പൗണ്ട് ($125,000) പിഴ ഈടാക്കണമെന്നും വിദ്യാർത്ഥികളുമായി സംവദിക്കണമെന്നുമാണ് സമിതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഫുട്ബോൾ അസോസിയേഷന്റെ നടപടിക്കെതിരെ ടോട്ടൻഹാം അപ്പീലിന് പോകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റ് നോക്കുന്നത്. മിഡ്ഫീൽഡർ റോഡ്രിഗോ ബെൻ്റാകുറിന് ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കിനെ കുറിച്ച് ഇതുവരെയും ക്ലബ്ബ് പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാൻ താരവും തയ്യാറായിട്ടില്ല.