IPL Auction 2025: താരലേലത്തിൽ കോടികളുടെ ‘അയ്യരു കളി’! മാർക്വീ താരങ്ങളെ സ്വന്തമാക്കിയത് ഈ ടീമുകൾ
Marquee players in IPL 2025 Mega Auction: 12 മാർക്വീ താരങ്ങൾ രണ്ട് സെറ്റുകളിലായാണ് ഐപിഎൽ മെഗാ താരലേലത്തിലെത്തിയത്. ഋഷഭ് പന്തിന് താരലേലത്തിൽ പൊന്നും വിലയാണ് ലഭിച്ചത്.
ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടും പ്രതീക്ഷയോടുമാണ് ഐപിഎൽ മെഗാ താരലേലത്തെ വരവേറ്റത്. അബാദി അൽ ജോഹർ അരീനയിൽ നടക്കുന്ന താരലേലത്തിൽ താരങ്ങളെ സ്വന്തമാക്കാനുള്ള ടീമുകളുടെ ലേലം വിളി പൊടിപൊടിക്കുകയാണ്. താരലേലത്തിന്റെ ആദ്യ ദിനമായ ഇന്ന് മാർക്വീ താരങ്ങളുടെ ലേലം പൂർത്തിയായി. രണ്ട് സെറ്റുകളിലായി 12 താരങ്ങളാണ് മാർക്വീ താരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നത്.
ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ജോസ് ബട്ട്‌ലർ, അർഷ്ദീപ് സിംഗ്, കാഗിസോ റബാഡ, മിച്ചൽ സ്റ്റാർക്ക്, കെ.എൽ. രാഹുൽ, യുസ്വേന്ദ്ര ചഹൽ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മില്ലർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് മാർക്വീ താരങ്ങൾ. മില്ലർ ഒഴിച്ച് ബാക്കിയുള്ള താരങ്ങളുടെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു. മില്ലറുടേത് 1.5 കോടിയുമായിരുന്നു അടിസ്ഥാന വില. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പണമാണ് ഋഷഭ് പന്തിന് ലഭിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ എന്നിവവരുമുണ്ട്.
മാർക്വീ താരങ്ങളും ലേലത്തിൽ ലഭിച്ച തുകയും
അർഷ്ദീപ് സിംഗ്
ആർടിഎം ഓപ്ഷനിലൂടെ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് അർഷ്ദീപ് സിംഗിനെ നിലനിർത്തിയത്.
കഗിസോ റബാഡ
ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡയെ താരലേലത്തിന് മുന്നോടിയായാണ് പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത്. മുംബെെ ഇന്ത്യൻസും, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ലേലത്തിൽ റബാഡയെ സ്വന്തമാക്കാൻ എത്തിയെങ്കിലും 10.75 കോടിയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിക്കുകയായിരുന്നു.
ശ്രേയസ് അയ്യർ
30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശ്രേയസ് അയ്യരെ കൊൽക്കത്ത റീലിസ് ചെയ്തത്. ഇക്കാരണത്താൽ ഉയർന്ന തുകയ്ക്ക് പഞ്ചാബിലേക്ക് എത്തിയത് അയ്യർക്ക് നേട്ടമാണ്. 26.75 കോടിയാണ് അയ്യർക്കായി ഡൽഹി വീറോടെ വിളിച്ചത്.
ഋഷഭ് പന്ത്
താരലേലം ആരംഭിച്ച് അരമണിക്കൂർ പിന്നിടും മുമ്പാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 27 കോടി നൽകി ലഖ്നൗ സൂപ്പർ ജയ്ൻറ്സ് പന്തിനെ സ്ക്വാഡിൽ എത്തിച്ചിരിക്കുന്നത്.
ജോസ് ബട്ട്‌ലർ
രാജസ്ഥാൻ റിലീസ് ചെയ്ത ജോസ് ബട്ട്ലർ ഈ സീസണിൽ ഗുജറാത്ത് ടെെറ്റൻസിനായി ഓപ്പണറായി ഇറങ്ങും. 15.75 കോടിയാണ് ലേലത്തിൽ ബട്ട്ലർക്ക് ലഭിച്ചിരിക്കുന്നത്.
മിച്ചൽ സ്റ്റാർക്ക്
സ്റ്റാർക്കിന്റെ മൂല്യത്തിൽ ഇടിവ് സംഭവിച്ചെന്ന് തെളിയിക്കുന്ന താരലേലമാണ് കടന്ന് പോയത്. കഴിഞ്ഞ സീസണിൽ 24.75 കോടി നൽകിയാണ് മിച്ചൽ സ്റ്റാർക്കിനെ കെകെആർ ടീമിലെത്തിച്ചത്. മെഗാ താരലേലത്തിൽ ഇതിന്റെ പകുതി പോലും താരത്തിന് ലഭിച്ചില്ല. 11.75 കോടിക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.
മുഹമ്മദ് ഷമി
കഴിഞ്ഞ സീസണിൽ ഗുജറാത്തിന്റെ താരമായിരുന്ന മുഹമ്മദ് ഷമി ഇത്തവണ 10 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിലെത്തി. പരിക്കിനാൽ വലയുന്ന ഷമിയെ ഏറ്റെടുക്കാൻ ടീമുകൾ തയ്യാറാക്കില്ലെന്ന മുൻ ഇന്ത്യൻ താരത്തിന്റെ പരാമർശത്തിന് പിന്നാലെയാണ് താരത്തെ എസ്ആർഎച്ച് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ഡേവിഡ് മില്ലർ
ഡേവിഡ് മില്ലറെ ലഖ്നൗ സൂപ്പർ ജയന്റ്സ് 7.5 കോടിക്ക് സ്വന്തമാക്കി
കെഎൽ രാഹുൽ
താരലേലത്തിൽ പൊന്നും വില പ്രതീക്ഷ കെ എൽ രാഹുൽ, പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ലെങ്കിലും 14 കോടിക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി.
ലിയം ലിവിംഗ്സറ്റൺ
8.75 കോടി രൂപയാണ് ലിയം ലിവിംഗ്സറ്റണായി ആർസിബി ചെലവഴിച്ചിരിക്കുന്നത്.
മുഹമ്മദ് സിറാജ്
12.25 കോടിക്ക് മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു. ആർസിബിക്ക് ശേഷം താരം കളിക്കുന്ന ആദ്യ ടീമാണിത്.
യുസ്വേന്ദ്ര ചഹൽ
ചഹല്ലിനെ ടീമിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒരു ശ്രമം പോലും രാജസ്ഥാൻ റോയൽസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. 18 കോടി മുടക്കി പഞ്ചാബ് കിംഗ്‌സാണ് ചാഹലിനെ സ്വന്തമാക്കിയത്.