Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
Renowned Wrestler Rey Mysterio Sr Dies : ഡബ്ല്യുഡബ്ല്യുഇ സൂപ്പർ താരമായ റെയ് മിസ്റ്റീരിയോയുടെ അമ്മാവനും ഇതിഹാസ ഗുസ്തി താരവുമായ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. മെക്സിക്കോ സ്വദേശിയായ അദ്ദേഹം 66 ആം വയസിലാണ് മരണപ്പെട്ടത്.
ഇതിഹാസ മെക്സിക്കൻ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. 66 വയസായിരുന്നു. ഡബ്ല്യുഡബ്ല്യുഇ സൂപ്പർ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവനാണ് റെയ് മിസ്റ്റീരിയോ സീനിയർ. ഇദ്ദേഹത്തിൻ്റെ കുടുംബം തന്നെയാണ് ഡിസംബർ 20ന് മരണവിവരം പുറത്തുവിട്ടത്. മിഗേൽ ഏഞ്ചൽ ലോപ്പസ് ഡിയാസ് എന്നാണ് ശരിയായ പേര്.
മെക്സിക്കോയിലെ പ്രൊഫഷണൽ ഗുസ്തിയായ ലൂക ലിബ്രെയിലൂടെയാണ് റെയ് മിസ്റ്റീരിയോ സീനിയർ പ്രശസ്തനാവുന്നത്. വേൾഡ് റെസ്ലിങ് അസോസിയേഷൻ, ലൂക ലിബ്രെ എഎഎ വേൾഡ്‌വൈഡ് തുടങ്ങിയവയിലൊക്കെ റെയ് മിസ്റ്റീരിയോ സീനിയർ തുടർ കിരീടങ്ങൾ നേടി. ഡബ്ല്യുഡബ്ല്യുഇയുടെ മെക്സിക്കൽ പതിപ്പായിരുന്നു ലൂക ലിബ്രെ എഎഎ വേൾഡ്‌വൈഡ്. 1990ലെ വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്ലിങ് സ്റ്റാർകേഡിൽ ഉൾപ്പെടെയുള്ള രാജ്യാന്തര ഗുസ്തി മത്സരങ്ങളിലും അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സവിശേഷകരമായ സ്റ്റൈൽ കാരണം ഗുസ്തിയിൽ അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ടായിരുന്നു.
റെയ് മിസ്റ്റീരിയോ ജൂനിയറിൻ്റെ മരണവിവരം ലൂക ലിബ്രെ എഎഎ തങ്ങളുടെ എക്സ് പോസ്റ്റിലൂടെ പുറത്തുവിട്ടു. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച ലൂക ലിബ്രെ കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്തു. ‘മിഗേൽ ഏഞ്ചൽ ലോപ്പസ് ഡിയാസ് എന്നറിയപ്പെണ്ണ റെയ് മിസ്റ്റീരിയോ സീനിയറിൻ്റെ മരണത്തിൽ ഞങ്ങൾക്ക് അതിയായ ദുഖമുണ്ട്. ഞങ്ങളുടെ ആദരാഞ്ജലികൾ. കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനമറിയിക്കുന്നു. അനന്തമായ വിശ്രമത്തിനായി സ്വർഗത്തിലേക്ക് ഞങ്ങൾ പ്രാർത്ഥനകളുയർത്തുന്നു.’- ലൂക ലിബ്രെ എഎഎ കുറിച്ചു.
മെക്സിക്കോയുടെ ഔദ്യോഗിക ഗുസ്തിമത്സരമാണ് ലൂക ലിബ്രെ. ഗുസ്തിമത്സരം എന്നതിനൊപ്പം ഒരു കലാപ്രകടനം കൂടിയാണ് ലൂക ലിബ്രെ. വിവിധ നിറങ്ങളിലുള്ള ഹെൽമറ്റും സിനിമാറ്റിക്കായ ചലനങ്ങളുമൊക്കെ ലൂക ലിബ്രെയുടെ സവിശേഷതയാണ്.
റെയ് മിസ്റ്റീരിയോ സീനിയർ
1958 ജനുവരി എട്ടിനാണ് റെയ് മിസ്റ്റീരിയോ സീനിയർ ജനിച്ചത്. ആദ്യം ബോക്സറായി കരിയർ ആരംഭിച്ച മിസ്റ്റീരിയോയുടെ ശരീരഭാരം വർധിച്ചിരുന്നു. ഇതോടെ പഞ്ചിങ് കഴിവ് കുറയുകയും ബോക്സിങ് റിങിലെ തോൽവി പതിവാവുകയും ചെയ്തു. ഇതേ തുടർന്ന് ട്രെയിനർമാരാണ് ഗുസ്തിമത്സരത്തെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞത്. തുടർന്ന് അദ്ദേഹം ലൂക ലിബ്രെ ഗുസ്തിമത്സരത്തിൽ മത്സരിക്കാനായി പരിശീലിക്കാനാരംഭിച്ചു. സഹോദരനാണ് അദ്ദേഹത്തെ പരിശീലനത്തിനായി കൊണ്ടുപോയിരുന്നത്. 1976 ജനുവരിയിൽ ഡേ ഓഫ് ദി കിംഗ്സ് എന്ന ഷോയിൽ അദ്ദേഹം ഗുസ്തി താരമായി അരങ്ങേറി.
മത്സര കരിയർ അവസാനിച്ചതിന് ശേഷം 1987ൽ അദ്ദേഹം യുവതാരങ്ങളെ പരിശീലിപ്പിക്കുന്നതിനായി ജിം ആരംഭിച്ചു. ഡബ്ല്യുഡബ്ല്യുഇ സൂപ്പർ താരം റെയ് മിസ്റ്റീരിയോ അടക്കമുള്ളവർ ഇവിടെനിന്നാണ് പരിശീലിച്ചത്. കസാൻഡ്രോ, ഹയാബുസ, ഫോബിയ, മിസ്റ്റീരിയോസോ തുടങ്ങി പ്രശസ്തരായ പലരെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. റെയ് മിസ്റ്റീരിയോ അഥവാ നിഗൂഢതയുടെ രാജാവ് എന്ന് ആദ്യം അറിയപ്പെട്ട അദ്ദേഹത്തെ സഹോദരീപുത്രൻ ഈ പേര് സ്വീകരിച്ചതിനെ തുടർന്നാണ് റെയ് മിസ്റ്റീരിയോ സീനിയർ എന്ന് വിളിച്ചത്.