5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Real Madrid vs Pachuca : പച്ചൂക്കയ്ക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയം; ഇൻ്റർകോണ്ടിനൻ്റൽ കപ്പ് റയൽ മാഡ്രിഡിന്

Real Madrid Beat Pachuca In Intercontinental Cup : ഫിഫ ഇൻ്റർകോണ്ടിനൻ്റൽ കപ്പിൽ മെക്സിക്കൻ ക്ലബ് പച്ചൂക്കയെ വീഴ്ത്തി റയൽ മാഡ്രിഡിന് കിരീടം. മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയലിൻ്റെ വിജയം. കിലിയൻ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ എന്നിവർ റയലിനായി ഗോൾ പട്ടികയിൽ ഇടം നേടി.

Real Madrid vs Pachuca : പച്ചൂക്കയ്ക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയം; ഇൻ്റർകോണ്ടിനൻ്റൽ കപ്പ് റയൽ മാഡ്രിഡിന്
റിയൽ മാഡ്രിഡ് (Image Courtesy- Real Madrid X)
abdul-basith
Abdul Basith | Published: 19 Dec 2024 07:50 AM

ഫിഫ ഇൻ്റർകോണ്ടിനൻ്റൽ കപ്പ് റയൽ മാഡ്രിഡിന്. ഫൈനലിൽ മെക്സിക്കൻ ക്ലബ് പച്ചൂക്കയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് വമ്പന്മാർ കിരീടം നേടിയത്. കിലിയൻ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ എന്നിവരാണ് റയലിനായി ഗോൾ നേടിയത്.

മത്സരത്തിൻ്റെ സമസ്ത മേഖലകളിലും ആധിപത്യം നേടിയാണ് റയൽ മാഡ്രിഡ് വിജയിച്ചത്. 37ആം മിനിട്ടിൽ എംബാപ്പെയിലൂടെ റയൽ മാഡ്രിഡ് ഗോൾ വേട്ട ആരംഭിച്ചു. വിനീഷ്യസ് ജൂനിയറിൻ്റെ ക്രോസിൽ നിന്നാണ് എംബാപ്പെ ഗോളടിച്ചത്. ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു. 53ആം മിനിട്ടിൽ അടുത്ത ഗോളെത്തി. ഇത്തവണ, ആദ്യ ഗോൾ നേടിയ എംബാപ്പെ രണ്ടാം ഗോളിലേക്ക് വഴിയൊരുക്കി. എംബാപ്പെ നൽകിയ പാസിൽ നിന്ന് റോഡ്രിഗോ ഗോൾ നേടുകയായിരുന്നു. വാർ പരിശോധന നടത്തിയാണ് റഫറി ഗോൾ അനുവദിച്ചത്. 83 ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ റയൽ മൂന്നാം ഗോൾ നേടി. ലൂക്കാസ് വാസ്ക്വസിനെ പച്ചൂക്ക താരം ഇദ്രിസി ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. ഏറെ സമയം വാർ പരിശോധന നടത്തിയ ശേഷമാണ് റഫറി പെനാൽറ്റി അനുവദിച്ചത്. വിനീഷ്യസ് ജൂനിയറാണ് കിക്കെടുത്തത്. ഈ ഗോളോടെ റയൽ ജയമുറപ്പിച്ചു.

Also Read : IND vs AUS: ഓസീസിന് തലവേദനയായി വീണ്ടും പരിക്ക്; ട്രാവിസ് ഹെഡിന് അടുത്ത മത്സരം നഷ്ടമാകുമെന്ന് റിപ്പോർട്ട്

ഈ കിരീടത്തോടെ റയൽ മാഡ്രിഡ് ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച പരിശീലകനായി കാർലോസ് ആഞ്ചലോട്ടി മാറി. ആകെ 15 കിരീടങ്ങളാണ് ആഞ്ചലോട്ടി ഇതുവരെ റയലിനൊപ്പം നേടിയിരിക്കുന്നത്. റയലിൽ കിരീടം നേടുന്നത് മറ്റ് ഏത് ക്ലബിനെക്കാളും എളുപ്പമാണ് എന്ന് ആഞ്ചലോട്ടി പ്രതികരിച്ചു. കാരണം, ഒരു മികച്ച ക്ലബാണ് ഇത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുണ്ട്, എപ്പോഴും കൂടുതൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ആരാധകരുണ്ട്. 2024 വളരെ മികച്ച ഒരു വർഷമായിരുന്നു. ഈ വർഷവും വളരെ നന്നായി പൂർത്തിയാക്കാനായി. ഇത് 2025ലേക്ക് വളരെ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നു. റോഡ്രിഗോ, കാമവിംഗ തുടങ്ങിയ യുവതാരങ്ങളുടെ വളർച്ച ടീമിൻ്റെ പ്രകടനങ്ങളിൽ ഏറെ സഹായിക്കുന്നുണ്ട്. യുവതാരങ്ങളുടെ പ്രകടനം ടീമിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇത് ലീഗ് മത്സരങ്ങളിൽ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകളിൽ ക്ലബിനെ ഏറെ സഹായിക്കും. റയലിലേക്ക് തിരികെവന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ആഞ്ചലോട്ടി മത്സരശേഷം പ്രതികരിച്ചു.