IPL Auction 2025: ഈ സാലാ കപ്പ് നമ്‌ദെ! രണ്ടും കൽപ്പിച്ച് ആർസിബി, ബാലൻസ്ഡ് സ്ക്വാഡെന്ന് ആരാധകർ
RCB 2025 Team: കഴിഞ്ഞ സീസണിൽ ടീമിന്റെ ശക്തമായ തിരിച്ചുവരവിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. തുടർ തോൽവികളിൽ വലഞ്ഞ ആർസിബി, കം ബാക്കിൽ ചെന്നെെ സൂപ്പർ കിംഗ്സിനെ വീഴ്ത്തിയാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
ജിദ്ദ: ഐപിഎല്ലിലെ സ്ഥിരം ചെണ്ടകളാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 17 വർഷമായിട്ടും കിരീടം കിട്ടിയിട്ടില്ലെങ്കിലും ഏത് അവസ്ഥയിലും കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന ആരാധകർ തന്നെയാണ് ടീമിന്റെ ശക്തി. ബാറ്റിംഗിലേയും ബൗളിംഗിലേയും പോരായ്മ പരിഹരിക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന ആരാധകരുടെ അഭ്യർത്ഥ മാനേജ്മെന്റ് കേട്ടുവെന്ന് വേണം പറയാൻ. ഐപിഎൽ 18-ാം പതിപ്പിന് മുന്നോടിയായി സന്തുലിതമായ ടീമിനെയാണ് മാനേജ്മെന്റ് താരലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ടീമിന്റെ ശക്തമായ തിരിച്ചുവരവിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. തുടർ തോൽവികളിൽ വലഞ്ഞ ആർസിബി, കം ബാക്കിൽ ചെന്നെെ സൂപ്പർ കിംഗ്സിനെ വീഴ്ത്തിയാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്. ഐപിഎൽ 2025 സീസണ് മുന്നോടിയായുള്ള താരം ലേലം പൂർത്തിയായതോടെ ആർസിബി ക്യാപ്റ്റൻ ആരാവുമെന്നതിലെ ആകാംക്ഷ തുടരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ ടീം നിലനിർത്തിയിരുന്നില്ല. രണ്ടുകോടിക്ക് മെഗാലേലത്തിൽ ഫാഫിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നെങ്കിലും ആർടിഎം കാർഡ് ഉപയോഗിക്കാനും ആർസിബി തയ്യാറായില്ല. ക്യാപ്റ്റനാകാൻ ശേഷിയുള്ള താരത്തെയും ലേലത്തിലൂടെ ആർസിബി വിളിച്ചെടുത്തില്ല. എങ്കിലും ഐപിഎൽ 18-ാം പതിപ്പിനുള്ള ആർസിബി ടീമിൽ ആരാധകർ ഡബിൾ ഹാപ്പിയാണ്.
ആർസിബിയുടെ അടുത്ത് കണ്ടതിൽ വച്ചുള്ള ഏറ്റവും സന്തുലിതമായ സ്ക്വാഡാണ് ഇത്തവണത്തേതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അടുത്ത മെഗാതാരലേലം വരെ ടീമിൽ നിലനിർത്താവുന്ന താരങ്ങളെയും മാനേജ്മെന്റ് ടീമിൽ എത്തിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് താരം വിൽ ജാക്സിനെ മുംബെെയ്ക്ക് വിട്ടുനൽകിയത് മണ്ടത്തരമാണെന്ന് ഒരു വിഭാഗം പറയുമ്പോഴും അത് തങ്ങളെ ബാധിക്കില്ലെന്ന വിലയിരുത്തലും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ടിം ഡേവിഡും ജേക്കബ് ബെതലും ജാക്സിന് പകരക്കാരായി തിളങ്ങാൻ പറ്റിയ താരങ്ങളാണ്. പേസർമാരും ആർസിബിക്കായി തിളങ്ങുമെന്നാണ് കണക്കുക്കൂട്ടൽ. ഫിൽ സാൾട്ടിന് ബാക്ക് അപ്പായി ടീം എത്തിച്ചിരിക്കുന്ന സ്വാസ്തിക് ചിക്കാര പവർ ഹിറ്റർ ആണെന്നുള്ളതും ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
ആർസിബിയുടെ പകരക്കാർ
ഫാഫ് ഡുപ്ലസിസി- ജേക്കബ് ബെതൽ
ഗ്ലെൻ മാക്സ്വെൽ- ലിയാം ലിവിംഗ്‌സ്റ്റൺ
വിൽ ജാക്സ്- ഫിൽ സാൾട്ട്
മുഹമ്മദ് സിറാജ്- ഭുവനേശ്വർ കുമാർ
ടീം സന്തുലിതമാണെന്ന് ആരാധകർ ഉറപ്പിച്ച് പറയുമ്പോഴാണ് ടീമിനെ ഈ സീസണിൽ നയിക്കുക ആരാവുമെന്നതിൽ വീണ്ടും ചർച്ച സജീവമായത്. ആർസിബിയുടെ നായക സ്ഥാനത്തേക്ക് സൂപ്പർ താരം വിരാട് കോലി മടങ്ങിയെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോലിയെ കൂടാതെ രജത് പട്ടീദാറിനെയും യാഷ് ദയാലിനെയുമാണ് ലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയത്. പാട്ടീദാറും ദയാലും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന പേരുകളല്ല.
ആദ്യ സീസണുകളിൽ ബാറ്റിംഗ് ലെെനപ്പായിരുന്നു ആർസിബിയുടെ നട്ടെല്ല്. ഇത്തവണത്തെ താരലേലത്തിൽ ശക്തമായ ബൗളിംഗ് സംഘത്തെ
ശക്തിപ്പെടുത്താനുള്ള നീക്കവും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, ആഭ്യന്തരക്രിക്കറ്റിലെ താരമായ റാസിഖ് ധർ സലാം, സുയാഷ് ശർമ്മ, ശ്രീലങ്കൻ താരം നുവാൻ തുഷാര എന്നിവരെ കോടികൾ നൽകിയാണ് ആർസിബി ടീമിലെത്തിച്ചിരിക്കുന്നത്.
വിക്കറ്റ് കീപ്പർ ബാറ്റർമാരായ ജിതേഷ് ശർമ, ഫിൽ സാൾട്ട്, ഓൾ റൗണ്ടർമാരായ സ്വപ്നിൽ സിംഗ്, ജേക്കബ് ബെതൽ, റൊമാരിയോ ഷെപ്പേർഡ്, ലിയാം ലിവിംഗ്സറ്റൺ , ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, മനോജ് ബന്ധാംഗെ എന്നിവരെയാണ് ആർസിബി ലേലത്തിലൂടെ ടീമിലെത്തിച്ചിരിക്കുന്നത്.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 2025 സീസൺ സ്ക്വാഡ്
ബാറ്റർമാർ
വിരാട് കോലി, രജത് പട്ടീദാർ, ഫിൽ സാൾട്ട്, ജിതേഷ് ശർമ്മ, ദേവദത്ത് പടിക്കൽ, സ്വാസ്തിക് ചിക്കാര.
ബാളർമാർ
ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, റാസിഖ് ധർ സലാം, യഷ് ദയാൽ, സുയാഷ് ശർമ്മ, ലുങ്കി എൻഗിഡി, നുവാൻ തുഷാര, അഭിനന്ദൻ സിംഗ്, മോഹിത് രതി.
ഓൾറൗണ്ടർമാർ
ലിയാം ലിവിംഗ്‌സ്റ്റൺ, ക്രുണാൽ പാണ്ഡ്യ, ടിം ഡേവിഡ്, ജേക്കബ് ബെതൽ, റൊമാരിയോ ഷെപ്പേർഡ്, സ്വപ്നിൽ സിംഗ്, മനോജ് ഭണ്ഡാഗെ.