5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: സഞ്ജു തിരികെയെത്തിയേക്കും; രഞ്ജി ക്വാർട്ടറിൽ കേരളത്തിനെതിരെ മുംബൈയെ വീഴ്ത്തിയ ജമ്മു കശ്മീർ

Ranji Trophy Kerala - Jammu Kashmir: രഞ്ജി ക്വാർട്ടർ ഫൈനൽ ലൈനപ്പ് തീരുമാനമായി. കേരളം ജമ്മു കശ്മീരിനെ നേരിടും. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മുംബൈയെ തോല്പിച്ച ടീമാണ് ജമ്മു കശ്മീർ. ക്വാർട്ടറിൽ സഞ്ജു സാംസൺ കേരള ടീമിലേക്ക് തിരികെയെത്താനും സാധ്യതയുണ്ട്.

Ranji Trophy: സഞ്ജു തിരികെയെത്തിയേക്കും; രഞ്ജി ക്വാർട്ടറിൽ കേരളത്തിനെതിരെ മുംബൈയെ വീഴ്ത്തിയ ജമ്മു കശ്മീർ
കേരള രഞ്ജി ടീംImage Credit source: Social Media
abdul-basith
Abdul Basith | Published: 01 Feb 2025 15:34 PM

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരളത്തിന് എതിരാളികളായി ജമ്മു കശ്മീർ. ഗ്രൂപ്പ് മത്സരത്തിൽ രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ തുടങ്ങി സൂപ്പർ താരങ്ങൾ ഉൾപ്പെട്ടെ മുംബൈയെ വീഴ്ത്തിയ ടീമാണ് ജമ്മു കശ്മീർ. എലീറ്റ് ഗ്രൂപ്പ് എയിൽ ജമ്മു കശ്മീർ ഒന്നാമതായപ്പോൾ ഗ്രൂപ്പ് സിയിൽ കേരളം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. വിദർഭ – തമിഴ്നാട്, ഹരിയാന – മുംബൈ, സൗരാഷ്ട്ര – ഗുജറാത്ത് എന്നിങ്ങനെയാണ് മറ്റ് ക്വാർട്ടർ മത്സരങ്ങൾ.

എലീറ്റ് ഗ്രൂപ്പ് എയിൽ ജമ്മു കശ്മീർ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബറോഡയ്ക്കെതിരെ ശക്തമായ നിലയിലാണ് ജമ്മു കശ്മീർ. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് മുംബൈയ്ക്കും ആറ് മത്സരങ്ങളിൽ നിന്ന് ജമ്മു കശ്മീരിനും 29 പോയിൻ്റ് വീതമുണ്ട്. ബറോഡയ്ക്കെതിരെ സമനിലയെങ്കിലും നേടാനായാൽ ജമ്മു കശ്മീരി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിയ്ക്കും. ബറോഡയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ ഇതുവരെ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 304 റൺസിൻ്റെ ലീഡെടുത്തിട്ടുള്ള ജമ്മു കശ്മീർ സമനില ഉറപ്പിച്ചുകഴിഞ്ഞു.

ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് കേരളം ക്വാർട്ടറിലെത്തിയത്. ബീഹാറിനെ ഇന്നിംഗ്സിനും 169 റൺസിനും തകർത്തതോടെ കേരളത്തിന് ബോണസ് അടക്കം 28 പോയിൻ്റായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹരിയാനയെ കർണാടക തോല്പിച്ചെങ്കിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയേനെ. എന്നാൽ, കർണാടകയ്ക്കെതിരെ ഹരിയാന സമനിലയെങ്കിലും ഉറപ്പിച്ചിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ഹരിയാനയുടെ സ്കോറിൽ നിന്ന് 122 റൺസ് പിന്നിലാണ് നിലവിൽ കർണാടക. ഒരു വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഹരിയാന ഒന്നാമതും കേരളം രണ്ടാമതും ഫിനിഷ് ചെയ്യും.

ഫെബ്രുവരി എട്ടിനാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക. ആ സമയത്ത് സഞ്ജു സാംസൺ ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് തിരികെയെത്തും. താരത്തെ നോക്കൗട്ട് മത്സരങ്ങൾക്കുള്ള ടീമിൽ പരിഗണിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പരമ്പരയ്ക്കുള്ള ക്യാമ്പിൽ പങ്കെടുത്തില്ലെന്ന് കാട്ടി സഞ്ജുവിനെ കെസിഎ വിജയ് ഹസാരെ ട്രോഫി ടീമിൽ പരിഗണിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. പ്രസിഡൻ്റ് ജയേഷ് ജോർജിൻ്റെ ചില പ്രസ്താവനകൾക്കെതിരെ ക്രിക്കറ്റ് ആരാധകരടക്കം രംഗത്തുവന്നു. ഈ വിവാദങ്ങൾക്ക് ശേഷം വീണ്ടും സഞ്ജു കേരള ടീം സെലക്ഷൻ റഡാറിലെത്തുന്നു എന്ന പ്രത്യേകതയും ക്വാർട്ടർ മത്സരത്തിനുണ്ട്.

Also Read: Ranji Trophy: ബീഹാറിനെതിരെ ഇന്നിംഗ്സ് ജയം; രാജകീയമായി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് കേരളം

ബീഹാറിനെതിരായ അവസാന മത്സരത്തിൽ സൽമാൻ നിസാർ, ജലജ് സക്സേന, ഷോൺ റോജർ എന്നിവരാണ് കേരളത്തിനായി തിളങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 351 റൺസിന് ഓളൗട്ടാവുകയായിരുന്നു. 150 റൺസ് നേടി അവസാന വിക്കറ്റായി പുറത്തായ സൽമാൻ നിസാർ ആയിരുന്നു കേരളത്തിൻ്റെ ടോപ്പ് സ്കോറർ. താരത്തിൻ്റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയായിരുന്നു ഇത്. ഷോൺ റോജറിൻ്റെ (59) കന്നി ഫസ്റ്റ് ക്ലാസ് ഫിഫ്റ്റിയും കേരളത്തെ തുണച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബീഹാർ ആദ്യ ഇന്നിംഗ്സിൽ 64 റൺസിനും ഫോളോ ഓൺ വഴങ്ങിയിറങ്ങിയ രണ്ടാം ഇന്നിംഗ്സിലും 118 റൺസിനും ഓളൗട്ടായി. രണ്ട് ഇന്നിംഗ്സിലും ജലജ് സക്സേന അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. ഫസ്റ്റ് ക്ലാസ് കരിയറിലെ 10ആം 10 വിക്കറ്റ് നേട്ടമാണ് സക്സേന മത്സരത്തിൽ കുറിച്ചത്.