Ranji Trophy: മാരത്തൺ ഇന്നിംഗ്സുകളുടെ മാന്ത്രികൻ സൽമാൻ; ആറ് വർഷത്തെ കാത്തിരിപ്പിന് വിലയുള്ള ആ ഒരു റൺ

Ranji Trophy - Salman Nizar: ഒരു റണ്ണിൻ്റെ വിലയെന്താണെന്നറിയണമെങ്കിൽ അത് ജമ്മു കശ്മീരിനോട് ചോദിക്കണം. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാൻ പറ്റാതിരുന്നതിന് കാരണം ഒരൊറ്റ റൺ ആണെന്നവർ പറയും. കേവലം ഒരു റണ്ണിൻ്റെ കുറവെന്നവർ സ്വയം പഴിയ്ക്കും. അതിൻ്റെ മറുവശത്ത് പക്ഷേ, സൽമാൻ നിസാറാണ്. പരാജയത്തിൻ്റെ പടുകുഴിയിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്തി സെമിഫൈനൽ ബർത്ത് സമ്മാനിച്ച തലശ്ശേരിക്കാരൻ. സിനിമാക്കഥയെ വെല്ലുന്ന ആ കഥ.

Ranji Trophy: മാരത്തൺ ഇന്നിംഗ്സുകളുടെ മാന്ത്രികൻ സൽമാൻ; ആറ് വർഷത്തെ കാത്തിരിപ്പിന് വിലയുള്ള ആ ഒരു റൺ

സൽമാൻ നിസാർ

abdul-basith
Published: 

13 Feb 2025 11:51 AM

സൽമാൻ നിസാർ മാരത്തൺ ഇന്നിംഗ്സുകൾക്ക് കഴിവുള്ള താരമാണ്. സെറ്റാവാൻ സൽമാന് അല്പം സമയം വേണം. ആ സമയത്ത് ചിലപ്പോൾ ചില അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ, സെറ്റായാൽ പിന്നെ നോക്കണ്ട. ആ ഇന്നിംഗ്സ് അങ്ങനെ നീണ്ടുനീണ്ട് പോകും. ഇക്കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ ആരംഭിച്ച അസാമാന്യ ഫോം പിന്നീടിങ്ങോട്ട് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ വരെ തുടർന്നപ്പോൾ നമുക്ക് കിട്ടിയത് സെമിഫൈനൽ ബർത്ത്. 2018-19 സീസണ് ശേഷം നമ്മളാദ്യമായി സെമിയിൽ, അതും ഒരു ഫുൾ സ്ട്രെങ്ത് ടീമില്ലാതെ. അതിൻ്റെ കാരണക്കാരൻ സൽമാൻ നിസാർ എന്ന തലശ്ശേരിക്കാരൻ.

1997 ജൂൺ 30 ന് ജനിച്ച സൽമാൻ നിസാർ 2015ൽ, 18ആം വയസിലാണ് കേരളത്തിൻ്റെ സീനിയർ ടീമിൽ അരങ്ങേറുന്നത്. കേരളത്തിൻ്റെ അണ്ടർ 14, 16, 23 വിഭാഗങ്ങളിൽ കളിച്ചതിന് ശേഷം അസമിനെതിരെയായിരുന്നു സൽമാൻ്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് സാവധാനത്തിലെങ്കിലും കൃത്യമായ വളർച്ച കാഴ്ചവെക്കാൻ സൽമാന് സാധിച്ചു. ഒരേസമയം 162 പന്തിൽ 44 റൺസെടുക്കാനും 44 പന്തിൽ സെഞ്ചുറിയടിക്കാനും കഴിയുന്ന പ്ലയർ. ടെക്നിക്കലി സൗണ്ട്. സോളിഡ് ബേസ്. ഹാർഡ്‌വർക്കിങ്. കരിയർ ആരംഭിച്ച് ഒരു പതിറ്റാണ്ടാവുമ്പോൾ സൽമാൻ നിസാർ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചയാണ്.

പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ജമ്മു കശ്മീരിനെതിരെ ക്വാർട്ടർ പോരിനിറങ്ങുമ്പോൾ കേരളത്തിനുണ്ടായിരുന്നത് ഗ്രൂപ്പ് ഘട്ടത്തിൽ കാണിച്ച പോരാട്ടവീര്യം മാത്രമായിരുന്നു. വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലെവിടെയും കേരള താരങ്ങളുടെ പേരില്ല, ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ 12ആമതുള്ള ജലജ് സക്സേന ഒഴികെ. കേരളത്തിൻ്റെ ഏറ്റവും പ്രധാന താരമായ സഞ്ജു സാംസൺ ഇല്ല. മറ്റൊരു മുതിർന്ന താരം വിഷ്ണു വിനോദ് ഇല്ല. പക്ഷേ, ബൗളിംഗ് നിര ഭേദപ്പെട്ടതായിരുന്നു. എന്നിട്ടും ഗ്രൂപ്പ് സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി കേരളം ക്വാർട്ടറിലെത്തി. കർണാടക, ബംഗാൾ തുടങ്ങിയ വമ്പന്മാരെ പിടിച്ചുനിർത്തിയുള്ള നോക്കൗട്ട് പ്രവേശം തന്നെ എഗൈൻസ്റ്റ് ദി ഓഡ്സ് ആയിരുന്നു. അവിടെനിന്ന് പിറന്നത് മറ്റൊരു സിനിമാക്കഥ.

ജമ്മു കശ്മീർ എത്തുന്നത് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ്. രോഹിതും ജയ്സ്വാളുമടങ്ങുന്ന മുംബൈ നിരയെ അടക്കം തുരത്തിയാണ് അവർ നോക്കൗട്ട് ഘട്ടത്തിലേക്ക് മാർച്ച് ചെയ്തത്. റാസിഖ് ദർ സലാം, ഉമ്രാൻ മാലിക് എന്നീ പേസർമാർ ഇല്ലെങ്കിലും അതിനെ കവർ ചെയ്യുന്ന പേസ് ബാറ്ററിയായിരുന്നു ജമ്മുവിൻ്റെ കരുത്ത്. അവിടേക്കാണ് 70 ശതമാനം മാത്രം ബാറ്റിംഗ് കരുത്തുമായി നമ്മൾ ചെല്ലുന്നത്. 210ന് എട്ട് എന്ന നിലയിൽ നിന്ന് ജമ്മു കശ്മീർ 280 എത്തിയെന്നത് തിരിച്ചടിയായെങ്കിലും കേരളത്തിൻ്റെയെന്നല്ല, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ജലജ് സക്സേനയുടെ വിക്കറ്റ് കോളം പൂജ്യമായിട്ടും അവരെ ആ സ്കോറിലൊതുക്കിയെന്നത് നമ്മുടെ നേട്ടമായിരുന്നു. നിതീഷിൻ്റെ ആറ് വിക്കറ്റായിരുന്നു ഹൈലൈറ്റ്.

മറുപടി ബാറ്റിംഗിൽ വിനാശം വിതച്ച് ജമ്മു തുടങ്ങി. ഇന്ത്യൻ താരങ്ങളും ആഭ്യന്തര സൂപ്പർ സ്റ്റാറുകളും മുട്ടുമടക്കിയ ഇടത്ത് ‘കേരളം പോലെ ഇട്ടാവട്ടത്ത് തായം കളിക്കുന്ന’ നമ്മുടെ താരങ്ങൾക്ക് മറുപടിയില്ലാതായി. സ്കോർബോർഡിൽ 11 റൺസ് ആയപ്പൊഴേക്കും ക്യാപ്റ്റൻ സച്ചിൻ ബേബി ഉൾപ്പെടെ മൂന്ന് പേർ പുറത്ത്. അവിടെനിന്ന് തുടങ്ങിയ തിരിച്ചടി 104ലെത്തി. വീണ്ടും തകർച്ച. 137/7 എന്ന നിലയിൽ കേരളം ഒന്ന് നിന്ന് ശ്വാസമെടുത്തു. സൽമാൻ നിസാറിൻ്റെ കാൽകുലേറ്റഡ് സ്ട്രോക് പ്ലേ. നിതീഷിൻ്റെ കൗണ്ടർ അറ്റാക്ക്. 190ൽ നിന്ന് 9 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലേക്ക് കേരളത്തിൻ്റെ വീഴ്ച. മൂന്നാം ദിവസം കളി ആരംഭിച്ചത് 9 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എന്ന നിലയിലാണ്. സൽമാൻ നിസാർ 49 നോട്ടൗട്ട്, ബേസിൽ തമ്പി പൂജ്യം നോട്ടൗട്ട്.

Also Read: Ranji Trophy : സലാം സൽമാൻ, ഇജ്ജ് മുത്താണ് ! രഞ്ജിയിൽ സെമിയിലേക്ക് കേരളത്തിന്റെ മാസ് എൻട്രി

അവിടെനിന്ന് സിനിമയാരംഭിച്ചു. ബേസിൽ തമ്പിയെ ഒരുവശത്ത് സംരക്ഷിച്ചുനിർത്തി സൽമാൻ നിസാർ പടനയിച്ചു. ആബിദ് മുഷ്താഖ് അടക്കം ആറ് പേർ ജമ്മു കശ്മീരിനായി പന്തെറിഞ്ഞു. ഗള്ളി, സ്ലിപ്പ്, ലെഗ് സ്ലിപ്പ്, സില്ലി പോയിൻ്റ്, ഷോർട്ട് ലെഗ്. ഫീൽഡർമാർ സൽമാനും ബേസിലിനും വലകെട്ടി. രക്ഷയില്ല. ലോങ് ഓഫിലും ഡീപ് കവറിലും ഫീൽഡർമാരെ ബൗണ്ടറിയിൽ നിർത്തി കൂറ്റൻ ഷോട്ടുകൾക്ക് മോഹിപ്പിച്ചു. പന്ത് നിലം തൊട്ടും തൊടാതെയും ബൗണ്ടറിയിലേക്ക്. സൽമാൻ്റെ ഒറ്റയാൾ പോരാട്ടത്തിൽ ബേസിൽ തമ്പിയുടെ വീരോചിത പിന്തുണ. ഒടുവിൽ സൽമാൻ നിസാർ മൂന്നക്കം തികച്ചു. ഫസ്റ്റ് ക്ലാസ് കരിയറിലെ രണ്ടാമത്തെ മാത്രം സെഞ്ചുറി. സ്കോർ പതിയെപതിയെ ജമ്മുവിനെ തൊടുന്നു. ഒടുവിൽ ജമ്മുവിനെ തൊട്ട് ഒരു റൺ കൂടുതലും നമ്മൾ എടുത്തു. തൊട്ടടുത്ത പന്തിൽ ബേസിൽ തമ്പി ഔട്ട്. 80 റൺസിൻ്റെ അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ബേസിലിൻ്റെ സമ്പാദ്യം 15 റൺസ്. സൽമാൻ നിസാർ 112 നോട്ടൗട്ട്.

അപ്പോഴും കളി ജമ്മുവിൻ്റെ പോക്കറ്റിലാണ്. രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ പാരസ് ഡോഗ്ര തൻ്റെ ജമ്മു കരിയറിലെ അവസാന മത്സരത്തിൽ ഏറ്റവും നിർണായകമായ ഒരു ഇന്നിംഗ്സ് കളിച്ചു. 132 റൺസ്. ജമ്മു 399/9 എന്ന സ്കോറിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഒരു ദിവസവും ഒരു സെഷനും ബാക്കി. കേരളത്തിന് ജയിക്കാൻ വേണ്ടത് 398 റൺസ്. ബാറ്റിംഗിനിറങ്ങിയ എല്ലാവരും ഒത്തുപിടിച്ചു. പക്ഷേ, ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിൽ കേരളം ഒന്ന് ശങ്കിച്ചു. എന്നാൽ, സൽമാൻ നിസാറിൻ്റെ ബാറ്റ് തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഏഴാം വിക്കറ്റിൽ സൽമാനും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് നേരിട്ടത് 280 പന്തുകൾ. ഒരു ഏകദിനമത്സരത്തിലാകെയുള്ളത് കേവലം 300 പന്തുകൾ! കൂട്ടിച്ചേർത്ത റൺസ് അപരാജിതമായ 115 റൺസ്. സൽമാൻ 162 പന്തിൽ 44. അസ്ഹറുദ്ദീൻ 118 പന്തിൽ 67. എളുപ്പമായിരുന്നില്ല ഈ ചെറുത്തുനില്പ്. എട്ട് പേരാണ് ജമ്മുവിനായി പന്തെറിഞ്ഞത്. സ്ലെഡ്ജിങും പ്രകോപനവും കേരള ബാറ്റർമാർ നേരിട്ടു. ഇതിനിടെ നിയമാനുസൃതമല്ലാത്ത ബൗളിംഗ് ആക്ഷൻ്റെ പേരിൽ ആബിദ് മുഷ്താക്കിന് അമ്പയറുടെ താക്കീത്. ഇതിനൊക്കെ ശേഷം സ്റ്റേഡിയത്തിൻ്റെ നടുമുറ്റത്ത് സൽമാൻ്റെയും അസ്ഹറിൻ്റെയും ആലിംഗനം. ആദ്യ ഇന്നിംഗ്സിലെ ഒരു റൺ ലീഡ് കേരളത്തെ സെമിയിലെത്തിക്കുമ്പോൾ ജമ്മു കശ്മീർ പുറത്ത്. രഞ്ജിയിൽ ആദ്യമായി സെമിയെന്ന മോഹം നടക്കാതെ കശ്മീർ പുറത്താവുമ്പോൾ ഭാഗ്യവും മനക്കരുത്തും കേരളത്തെ അവസാന നാലിലെത്തിക്കുന്നു.

 

 

Related Stories
IPL 2025: “കളി ജയിക്കണം, വേറെ വഴിയില്ല”; പോയിൻ്റ് നില മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് രാഹുൽ ദ്രാവിഡ്
IPL 2025: ഈ കളി കൂടി തോറ്റാൽ പ്ലേ ഓഫ് മറക്കാം; രാജസ്ഥാൻ റോയൽസിന് ഇന്ന് ബെംഗളൂരു അഗ്നിപരീക്ഷ
IPL 2025 : ആദ്യം ബോളർമാരുടെ ഇംപാക്ട്, പിന്നെ രോഹിത് ശർമയുടെ ഇംപാക്ട്; ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് ജയം
IPL 2025: ഒരോവര്‍ എറിഞ്ഞ് പിന്നെയും വിഘ്‌നേഷ് പുറത്ത്, ഇഷാന്‍ കിഷന്റെ വിക്കറ്റില്‍ ഒന്നിലേറെ ചോദ്യങ്ങള്‍
Pahalgam terror attack: പഹല്‍ഗാം ആക്രമണം, ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കായികലോകവും; ഐപിഎല്ലില്‍ ഇന്ന് ‘ആഘോഷങ്ങളി’ല്ല
IPL 2025: ‘ആ പരിചയം ഇനി വേണ്ട’; സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് കെഎൽ രാഹുൽ: വിഡിയോ വൈറൽ
ജീവിതം വട്ടപൂജ്യമാകില്ല, ഈ ചാണക്യ തന്ത്രങ്ങൾ മാത്രം മതി
എരിവ് മാറ്റാനായി ഐസ്‌ക്രീം കഴിക്കുന്നത് നിര്‍ത്തിക്കോളൂ!
കരള്‍ അപകടത്തിലാണോ? ഈ ലക്ഷങ്ങള്‍ സൂചനയാകാം
ഊര്‍ജം വേണ്ടേ? എങ്കില്‍ ഇവ കഴിച്ചോളൂ