Ranji Trophy: രോഹിതും ജഡേജയും പന്തും കളത്തിൽ; രഞ്ജി ട്രോഫി രണ്ടാം ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കം
Ranji Trophy Rohit Sharma, Ravindra Jadeja, Rishabh Pant : രഞ്ജി ട്രോഫി രണ്ടാം ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ വിവിധ ആഭ്യന്തര ടീമുകളിൽ ഇന്ത്യയുടെ സീനിയർ താരങ്ങൾ കളിയ്ക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം മുതിർന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും കളത്തിലിറങ്ങും.
രഞ്ജി ട്രോഫി രണ്ടാം ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ദേശീയ ടീം അംഗങ്ങളൊക്കെ നിർബന്ധമായും ആഭ്യന്തര മത്സരങ്ങൾ കളിച്ചിരിക്കണമെന്ന ബിസിസിഐയുടെ നിർദ്ദേശത്തിന് പിന്നാലെ നടക്കുന്ന ആദ്യ രഞ്ജി മത്സരങ്ങളാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ വിവിധ ആഭ്യന്തര ടീമുകളിൽ ടെസ്റ്റ് ടീം അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് തുടങ്ങിയവർ വിവിധ ടീമുകൾക്കായി ഇന്ന് കളിക്കും. വിരാട് കോലി ഈ റൗണ്ടിൽ കളിക്കില്ല.
ജമ്മു കശ്മീരിനെതിരായ മുംബൈ ടീമിലാണ് രോഹിത് ശർമ്മ ഉൾപ്പെട്ടിരിക്കുന്നത്. സ്ഥിരം മുംബൈ നായകൻ അജിങ്ക്യ രഹാനെ തന്നെ ടീമിനെ നയിക്കും. രോഹിതിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളും ശ്രേയാസ് അയ്യരുമൊക്കെ ടീമിൽ ഇടം നേടിയിട്ടുണ്ട്. ജയ്സ്വാളും രോഹിതും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നാണ് വിവരം. നിലവിലെ രഞ്ജി ജേതാക്കളായ മുംബൈ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ്. സൂപ്പർ താരങ്ങളെത്തുമ്പോൾ കളി ജയിച്ച് ഒന്നാം സ്ഥാനത്തെത്തുകയായും മുംബൈയുടെ ലക്ഷ്യം. രോഹിത് ശർമ്മ ടീമിൽ ഉൾപ്പെട്ടതിനാൽ സ്റ്റേഡിയത്തിൽ ആരാധകർക്കുള്ള ഇരിപ്പിടം വർധിപ്പിച്ചിട്ടുണ്ട്. 100 സീറ്റുകളെന്നത് 500 സീറ്റുകളായി വർധിപ്പിച്ചെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
രാജ്കോട്ടിൽ ഡൽഹിയും സൗരാഷ്ട്രയും തമ്മിലുള്ള മത്സരത്തിൽ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും കളിക്കും. ആയുഷ് ബദോനി നയിക്കുന്ന ഡൽഹി ടീമിലാണ് പന്ത് കളിയ്ക്കുക. ജയദേവ് ഉനദ്കട്ട് നായകനായ സൗരാഷ്ട്ര ടീമിൽ രവീന്ദ്ര ജഡേജ കളിക്കും. മുതിർന്ന ബാറ്റർ ചേതേശ്വർ പൂജാരയും സൗരാഷ്ട്ര ടീം അംഗമാണ്. മുഹമ്മദ് സിറാജ് ഹൈദരാബാദ് ടീമിൽ ഇടം നേടി. ഗ്രൂപ്പ് ബിയിൽ വിദർഭയ്ക്കെതിരായ അവസാന മത്സരത്തിലാവും താരം കളിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ഹിമാചൽ പ്രദേശിനെതിരെ ആരംഭിക്കുന്ന കളിയിൽ സിറാജ് കളിച്ചേക്കില്ല.
വിരാട് കോലി, കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരും ഇന്ന് ആരംഭിക്കുന്ന രഞ്ജി മത്സരങ്ങളിൽ കളിക്കില്ല. മൂവരും പരിക്കേറ്റ് വിശ്രമത്തിലാണ്. ഡൽഹിയുടെ താരമായ കോലി ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ റെയിൽവേയ്സിനെതിരെ കളിച്ചേക്കുമെന്നാണ് സൂചന. കെഎൽ രാഹുലും ജസ്പ്രീത് ബുംറയും രഞ്ജി കളിക്കാനിടയില്ല.
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ പരാജയത്തിന് പിന്നാലെയാണ് താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന് ബിസിസിഐ കർശന നിർദ്ദേശം നൽകിയത്. സെൻട്രൽ കോൺട്രാക്റ്റിലും ദേശീയ ടീമിലേക്കും പരിഗണിക്കണമെങ്കിൽ താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിച്ചിരിക്കണമെന്നായിരുന്നു പ്രധാന നിർദ്ദേശം. രഞ്ജി ട്രോഫിയിലെ പ്രകടനങ്ങൾ ടെസ്റ്റ് ടീം തിരഞ്ഞെടുപ്പിനെയും വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനങ്ങൾ ഏകദിന ടീം തിരഞ്ഞെടുപ്പിനെയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനങ്ങൾ ടി20 ടീം തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇതിന് പിന്നാലെയാണ് രോഹിത് ശർമ്മ ഉൾപ്പെട മുതിർന്ന താരങ്ങളൊക്കെ രഞ്ജി കളിക്കാൻ സമ്മതമറിയിച്ചത്.