Ranji Trophy: രഞ്ജിയിലും രോഹിതിന് രക്ഷയില്ല; ജമ്മു കശ്മീരിനെതിരെ നേടിയത് മൂന്ന് റൺസ്; തകർന്നടിഞ്ഞ് മുംബൈ
Ranji Trophy Rohit Sharma Against Jammu Kashmir: ബിസിസിഐയുടെ നിർദ്ദേശപ്രകാരം ബാറ്റിംഗ് ഫോം തിരികെ പിടിയ്ക്കാൻ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ രോഹിത് ശർമ്മ മൂന്ന് റൺസെടുത്ത് പുറത്ത്. ജമ്മു കശ്മീരിനെതിരായ മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് രോഹിത് വേഗം പുറത്തായത്.
രാജ്യാന്തര മത്സരങ്ങളിലെ മോശം ഫോം തിരുത്താൻ രഞ്ജി കളിക്കാനിറങ്ങിയ രോഹിത് ശർമ്മയ്ക്ക് അവിടെയും രക്ഷയില്ല. രഞ്ജി ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ ജമ്മു കശ്മീരിനെതിരെ കളിക്കാനിറങ്ങിയ രോഹിത് കേവലം മൂന്ന് റൺസെടുത്ത് പുറത്തായി. 19 പന്തിൽ മൂന്ന് റൺസെടുത്ത രോഹിതിനെ ഉമർ നസീർ പാരസ് ഡോഗ്രയുടെ കൈകളിലെത്തിക്കുകയായിരുന്നു.
മത്സരത്തിൽ മുംബൈ പതറുകയാണ്. ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ട നിലവിലെ ജേതാക്കൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയയിൽ തകർപ്പൻ പ്രകടനം നടത്തിയ യുവതാരം യശസ്വി ജയ്സ്വാൾ നാല് റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (12), ശിവം ദുബെ (0), ശ്രേയാസ് അയ്യർ (11) എന്നിവരും നിരാശപ്പെടുത്തി. നാല് വിക്കറ്റ് നേടിയ ഉമർ നാസിറാണ് മുംബൈയെ തകർത്തത്.
സൗരാഷ്ട്രയ്ക്കെതിരായ ഡൽഹി ടീമിൽ ഋഷഭ് പന്ത് ഉൾപ്പെട്ടു. സൗരാഷ്ട്ര ടീമിൽ ഇടം നേടിയ രവീന്ദ്ര ജഡേജ സനത് സാംഗ്വാൻ്റെ വിക്കറ്റ് വീഴ്ത്തി ഫോമിലാണെന്നറിയിച്ചു. ഋഷഭ് പന്ത് ഇതുവരെ ബാറ്റിംഗിനിറങ്ങിയിട്ടില്ല. ആദ്യം ബാറ്റ് ചെയ്യുന്ന ഡൽഹി രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 68 റൺസ് നേടിയിട്ടുണ്ട്. അതേസമയം, ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിനുള്ള ഹൈദരാബാദ് ടീമിൽ നിതീഷ് കുമാർ റെഡ്ഡിയ്ക്ക് ഇടം ലഭിച്ചില്ല.
Also Read: Ranji Trophy: രോഹിതും ജഡേജയും പന്തും കളത്തിൽ; രഞ്ജി ട്രോഫി രണ്ടാം ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ബോർഡർ – ഗവാസ്കർ ട്രോഫിയിലെ പരാജയത്തിന് പിന്നാലെയാണ് കർശന നിർദ്ദേശങ്ങളുമായി ബിസിസിഐ രംഗത്തുവന്നത്. ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന് ബിസിസിഐ നിർദ്ദേശം നൽകി. സെൻട്രൽ കോൺട്രാക്റ്റിലും ദേശീയ ടീമിലേക്കും പരിഗണിക്കണമെങ്കിൽ താരങ്ങൾ നിർബന്ധമായും ആഭ്യന്തര മത്സരങ്ങൾ കളിച്ചിരിക്കണമെന്നതായിരുന്നു നിർദ്ദേശം. രഞ്ജി ട്രോഫിയിലെ പ്രകടനങ്ങൾ പരിഗണിച്ചാവും ടെസ്റ്റ് ടീം തിരഞ്ഞെടുപ്പ്. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനങ്ങൾ ഏകദിന ടീം തിരഞ്ഞെടുപ്പിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനങ്ങൾ ടി20 ടീം തിരഞ്ഞെടുപ്പിലും പരിഗണിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതിന് പിന്നാലെ രോഹിത് ശർമ്മ ഉൾപ്പെടെ മുതിർന്ന താരങ്ങളൊക്കെ രഞ്ജി കളിക്കാൻ സമ്മതമറിയിക്കുകയായിരുന്നു.
വിരാട് കോലി, കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നീ മുതിർന്ന താരങ്ങൾ ഇന്ന് ആരംഭിച്ച മത്സരങ്ങളിൽ ടീമിൽ ഇടം നേടിയില്ല. മൂന്ന് താരങ്ങളും പരിക്കേറ്റ് വിശ്രമത്തിലാണ്. ഡൽഹി താരമായ വിരാട് കോലി ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ റെയിൽവേയ്സിനെതിരെ കളിച്ചേക്കുമെന്നാണ് സൂചന. നിലവിൽ കഴുത്തിന് പരിക്കേറ്റതിനാൽ സൗരാഷ്ട്രയ്ക്കെതിരെ കളത്തിലിറങ്ങില്ലെന്ന് കോലി ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാൽ, കെഎൽ രാഹുലും ജസ്പ്രീത് ബുംറയും രഞ്ജി കളിക്കാനിടയില്ല. ബുംറ ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് മത്സരങ്ങൾ പോലും കളിക്കുമോ എന്ന് സംശയമാണ്.
രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് മധ്യപ്രദേശിനെ നേരിടുകയാണ്. കരുത്തരായ മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാടിദാർ അടക്കം നാല് വിക്കറ്റ് വീഴ്ത്താൻ കേരളത്തിന് സാധിച്ചു.