AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: ജയിച്ചാൽ കിട്ടുന്ന പോയിൻ്റല്ല, ഇന്നിംഗ്സ് ജയത്തിന്; ഗ്രൂപ്പിലെ കൂടുതൽ പോയിൻ്റ് പ്ലേഓഫിൽ ഗുണം: രഞ്ജി ട്രോഫി പോയിൻ്റ് സിസ്റ്റം ഇങ്ങനെ

Ranji Trophy Point System Explained: രഞ്ജി ട്രോഫി പോയിൻ്റ് സിസ്റ്റത്തിന് ചില പ്രത്യേകതകളുണ്ട്. ജയിച്ചാൽ പോയിൻ്റ്, സമനില ആയാൽ പോയിൻ്റ് പങ്കുവെക്കൽ എന്നിങ്ങനെ ലളിതമല്ല രഞ്ജി ട്രോഫി. ഇതെങ്ങനെയെന്ന് വിശദമായി പരിശോധിക്കാം.

Ranji Trophy: ജയിച്ചാൽ കിട്ടുന്ന പോയിൻ്റല്ല, ഇന്നിംഗ്സ് ജയത്തിന്; ഗ്രൂപ്പിലെ കൂടുതൽ പോയിൻ്റ് പ്ലേഓഫിൽ ഗുണം: രഞ്ജി ട്രോഫി പോയിൻ്റ് സിസ്റ്റം ഇങ്ങനെ
രഞ്ജി ട്രോഫി പോയിൻ്റ് സിസ്റ്റംImage Credit source: Social Media
abdul-basith
Abdul Basith | Published: 16 Feb 2025 10:52 AM

രഞ്ജി ട്രോഫി സെമിഫൈനൽ മത്സരങ്ങൾ ഈ മാസം 17ന് ആരംഭിക്കുകയാണ്. 2019 സീസണ് ശേഷം ഇതാദ്യമായി കേരളം രഞ്ജി ട്രോഫി സെമി കളിക്കും. ഗുജറാത്തിനെ അവരുടെ തട്ടകമായ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ചാണ് കേരളം നേരിടുക. എന്തുകൊണ്ടാണ് സെമി വേദിയായി അഹ്മദാബാദിനെ തിരഞ്ഞെടുത്തത്? രാജ്യത്തെ ഏറ്റവും നല്ല സ്റ്റേഡിയങ്ങളിലൊന്നായതുകൊണ്ടാണോ? അല്ല. അതിന് കാരണം ഗ്രൂപ്പ് ഘട്ടത്തിൽ ഗുജറാത്തിൻ്റെ പ്രകടനമാണ്. ഇത്തരത്തിൽ, രഞ്ജി ട്രോഫിയിലെ പോയിൻ്റ് സിസ്റ്റം വളരെ കൗതുകകരമാണ്.

രഞ്ജി ട്രോഫി മത്സരരീതി
രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് മത്സരങ്ങൾ നാല് ദിവസമാണ് പരമാവധി നീളുക. ഓരോ ടീമും ഓരോ ഇന്നിംഗ്സ് വീതം കളിക്കും. രണ്ട് ഇന്നിംഗ്സുകളിലുമായി ഏറ്റവുമധികം റൺസ് നേടുന്ന ടീം കളിയിൽ നേട്ടമുണ്ടാക്കും. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ ഒരു ടീം വിജയിക്കണമെങ്കിൽ എതിർ ടീമിനെ തങ്ങളുടെ സ്കോർ എത്തുന്നതിന് മുൻപ് പുറത്താക്കണം. ഇങ്ങനെ ജയിക്കാൻ കഴിയാത്ത അവസരങ്ങളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്ന് പല ടീമുകളും സമനില നേടിയെടുക്കാറുണ്ട്. എന്നാൽ, രഞ്ജി ട്രോഫിയിൽ ഇതത്ര ലളിതമല്ല. ആദ്യ ഇന്നിംഗ്സ് ലീഡ് രഞ്ജി ട്രോഫിയിലെ തന്നെ ഏറ്റവും നിർണായക ആശയമാണ്.

പ്ലേ ഓഫ് ഘട്ടത്തിലെത്തുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിലെ നാല് ദിവസം മത്സരമെന്നത് അഞ്ച് ദിവസമാവും. അപ്പോഴും രണ്ട് ഇന്നിംസുകൾ തന്നെയാവും മത്സരം. ഇവിടെയും ആദ്യ ഇന്നിംഗ്സ് ലീഡ് നിർണ്ണായകമാണ്. അതാത് ഗ്രൂപ്പുകളിൽ ഏറ്റവുമധികം പോയിൻ്റ് നേടിയ രണ്ട് ടീമുകൾ വീതമാണ് ക്വാർട്ടർ ഫൈനൽ കളിക്കുക. ഇങ്ങനെ ഗ്രൂപ്പുകളിൽ ഈ ടീമുകൾ നേടിയ പോയിൻ്റ് സെമിഫൈനലിൽ നിർണായകമാവും.

Also Read: Ranji Trophy: മാരത്തൺ ഇന്നിംഗ്സുകളുടെ മാന്ത്രികൻ സൽമാൻ; ആറ് വർഷത്തെ കാത്തിരിപ്പിന് വിലയുള്ള ആ ഒരു റൺ

പോയിൻ്റ് സിസ്റ്റം
രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ ഒരു വിജയത്തിൽ ടീമിന് ലഭിക്കുന്നത് ആറ് പോയിൻ്റാണ്. ഇന്നിംഗ്സിനോ പത്ത് വിക്കറ്റിനോ ആണ് ജയമെങ്കിൽ ഒരു ബോണസ് പോയിൻ്റ് അടക്കം ഏഴ് പോയിൻ്റ് ലഭിക്കും. സമനിലയായ മത്സരത്തിൽ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ടീമിന് മൂന്ന് പോയിൻ്റ് ലഭിക്കും. ഇരു ടീമുകളും ഓരോ ഇന്നിംഗ്സ് മാത്രമേ കളിച്ചുള്ളൂവെങ്കിലും ഏതെങ്കിലും കാരണവശാൽ കളി മുടങ്ങിയാലും ഓരോ പോയിൻ്റ് വീതം. കേരളം ഗ്രൂപ്പ് സിയിൽ ആദ്യ കളി പഞ്ചാബിനെതിരെ എട്ട് വിക്കറ്റിന് വിജയിച്ചു. ആദ്യ ഇന്നിംഗ്സിൽ പിന്നിലായെങ്കിലും രണ്ടാം ഇന്നിംഗ്സിൽ കേരളം കളിജയിച്ചു. ലഭിച്ച പോയിൻ്റ് ആറ്. രണ്ടാമത്തെ കളി കർണാടകയ്ക്കെതിരെ. മോശം ഔട്ട്ഫീൽഡ് കാരണം ആകെ 50 ഓവറേ കളി നടന്നുള്ളൂ. രണ്ട് ടീമിനും ലഭിച്ചത് ഓരോ പോയിൻ്റ് വീതം. ബംഗാളിനെതിരായ മൂന്നാമത്തെ കളി ഇരു ടീമുകളും ഓരോ ഇന്നിംഗ്സ് മാത്രമേ കളിച്ചുള്ളൂ. ലഭിച്ചത് ഓരോ പോയിൻ്റ്. ഉത്തർപ്രദേശിനെതിരായ അടുത്ത കളി ഇന്നിംഗ്സ് ജയം നേടിയ കേരളത്തിന് ലഭിച്ചത് ഏഴ് പോയിൻ്റ്. അടുത്ത രണ്ട് മത്സരങ്ങളിൽ, ഹരിയാനയ്ക്കും മധ്യപ്രദേശിനുമെതിരെ ആദ്യ ഇന്നിംഗ്സ് ലീഡെടുത്ത് കേരളം സമനിലപിടിച്ചു. ലഭിച്ചത് മൂന്ന് പോയിൻ്റ് വീതം. ബീഹാറിനെതിരായ അവസാന കളി ഇന്നിംഗ്സ് ജയം നേടിയതോടെ വീണ്ടും ഏഴ് പോയിൻ്റ്. അങ്ങനെ ആകെ പോയിൻ്റ് 28.

ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരായ ഒരു പോയിൻ്റ് നേട്ടം നമുക്കറിയാം. ഒറ്റ പോയിൻ്റിൻ്റെ ആദ്യ ഇന്നിംഗ്സ് ലീഡിലാണ് കേരളം സെമിയിലെത്തിയത്. ജമ്മു കശ്മീർ നന്നായി കളിച്ചെങ്കിലും സൽമാൻ നിസാറിൻ്റെ നേതൃത്വത്തിൽ പ്രതിരോധക്കോട്ട കെട്ടി കേരളം സമനില പിടിച്ചെടുക്കുകയായിരുന്നു. ആ ഒരു പോയിൻ്റ് ഇല്ലായിരുന്നെങ്കിൽ കേരളത്തിന് കളി ജയിക്കേണ്ടിവന്നേനെ.

ഗുജറാത്തിനെതിരായ സെമിഫൈനൽ അഹ്മദാബാദ് സ്റ്റേഡിയത്തിലാണെന്ന് പറഞ്ഞല്ലോ. അതിന് ഗ്രൂപ്പ് ഘട്ടത്തിലേക്ക് പോകണം. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഗുജറാത്ത് ഫിനിഷ് ചെയ്തത്. വിദർഭയ്ക്ക് പിന്നിൽ 31 പോയിൻ്റാണ് ഗുജറാത്തിനുണ്ടായിരുന്നത്. സെമിഫൈനൽ വേദി തീരുമാനിക്കുന്നത് ഗ്രൂപ്പ് ഘട്ടത്തിലെ പോയിൻ്റ് പരിഗണിച്ചാണ്. സെമി കളിക്കുന്ന രണ്ട് ടീമുകളിൽ ഏത് ടീമിനാണോ കൂടുതൽ പോയിൻ്റുള്ളത് ആ ടീമിൻ്റെ ഹോം ഗ്രൗണ്ടിലാവും മത്സരം. കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തിലുണ്ടായിരുന്ന 28 പോയിൻ്റിനെക്കാൾ കൂടുതൽ പോയിൻ്റ് ലഭിച്ചതിനാൽ ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ അഹ്മദാബാദിൽ കളി നടക്കും.