5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: വന്മലയായി അസ്ഹറുദ്ദീൻ; ഗുജറാത്തിനെതിരെ സെമിഫൈനലിൽ കേരളത്തിന് പടുകൂറ്റൻ സ്കോർ

Kerala vs Gujarat Ranji Trophy Semifinal: ഗുജറാത്തിനെതിരായ സെമിഫൈനലിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ 457 റൺസിന് ഓൾഔട്ട്. മുഹമ്മദ് അസഹറുദ്ദീൻ (177 നോട്ടൗട്ട്), സച്ചിൻ ബേബി (69), സൽമാൻ നിസാർ (52) എന്നിവരാണ് കേരളത്തിനായി തിളങ്ങിയത്.

Ranji Trophy: വന്മലയായി അസ്ഹറുദ്ദീൻ; ഗുജറാത്തിനെതിരെ സെമിഫൈനലിൽ കേരളത്തിന് പടുകൂറ്റൻ സ്കോർ
മുഹമ്മദ് അസ്ഹറുദ്ദീൻImage Credit source: Social Media
abdul-basith
Abdul Basith | Updated On: 19 Feb 2025 11:34 AM

ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളത്തിന് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സിൽ 457 റൺസ് ഓൾഔട്ടായി. 177 റൺസെടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സച്ചിൻ ബേബി (69) സൽമാൻ നിസാർ (52) എന്നിവർ ഫിഫ്റ്റിയടിച്ച് പുറത്തായി. ഗുജറാത്തിനായി അർസാൻ നഗ്റസ്‌വല്ല മൂന്ന് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ഇനി രണ്ട് ദിവസവും രണ്ട് സെഷനുമാണ് അവശേഷിക്കുന്നത്.

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച കേരളം ആദ്യ മണിക്കൂറിൽ തന്നെ ഓൾഔട്ടായി. 11 റൺസ് നേടിയ ആദിത്യ സർവാറ്റെയാണ് ആദ്യം മടങ്ങിയത്. ഇതിനിടെ അസ്ഹറുദ്ദീൻ 150 തികച്ചു. വാലറ്റം ക്രീസിലെത്തിയതോടെ അസ്ഹർ ആക്രമിച്ചുകളിച്ചു. ഇതോടെ ചില ബൗണ്ടറികളും താരം നേടി. അസ്ഹറിന് സ്ട്രൈക്ക് സൂക്ഷിക്കാനുള്ള ശ്രമത്തിനിടെ എംഡി നിഥീഷ് (5) റണ്ണൗട്ടായി. എൻപി ബേസിലിനും (1) ഏറെ ആയുസുണ്ടായില്ല. ഇതോടെ കേരളം ഓൾഔട്ടാവുകയായിരുന്നു.

Also Read: Ranji Trophy: അസ്ഹറുദ്ദീന്‍ കസറി, രണ്ടാം ദിനത്തിലും ശുഭപര്യവസാനം; കേരളം കൂറ്റന്‍ സ്‌കോറിലേക്ക്‌

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കം നൽകി. അക്ഷയ് ചന്ദ്രൻ (30) നിർഭാഗ്യകരമായി റണ്ണൗട്ടായതോടെയാണ് കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 60 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷമാണ് താരം മടങ്ങിയത്. പിന്നാലെ രോഹൻ കുന്നുമ്മൽ (30), വരുൺ നായനാർ (10) എന്നിവർ വേഗം പുറത്തായതോടെ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലേക്ക് വീണു. നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും ജലജ് സക്സേനയും ചേർന്ന 71 റൺസ് കൂട്ടുകെട്ട് കേരളത്തെ വീണ്ടും ട്രാക്കിലെത്തിച്ചു. 30 റൺസ് നേടിയ സക്സേന പുറത്തായപ്പോഴാണ് അസ്ഹർ ക്രീസിലെത്തിയത്. പിന്നെ കേരളത്തിൻ്റെ ആധിപത്യമായിരുന്നു. സച്ചിൻ ബേബിക്കൊപ്പം 49 റൺസ് കൂട്ടിച്ചേർത്ത അസ്ഹർ ആറാം വിക്കറ്റിൽ സൽമാൻ നിസാറുമൊത്ത് 149 റൺസ് പടുത്തുയർത്തി. ഈ കൂട്ടുകെട്ടാണ് കേരളത്തെ ഡ്രൈവിങ് സീറ്റിലെത്തിച്ചത്. വാലറ്റം വേഗം മടങ്ങിയെങ്കിലും അസ്ഹറിൻ്റെ തകർപ്പൻ ഇന്നിംഗ്സ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 14 റൺസ് നേടിയിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് കേരളം ഇറങ്ങിയിരിക്കുന്നത്. ജലജ് സക്സേന, ആദിത്യ സർവാറ്റെ എന്നിവർക്കൊപ്പം 18കാരനായ അരങ്ങേറ്റ താരം അഹ്മദ് ഇമ്രാനും ടീമിൽ സ്പെഷ്യലിസ്റ്റ് സ്പിൻ ഓപ്ഷനായുണ്ട്.