Ranji Trophy: ബീഹാറിനെതിരെ ഇന്നിംഗ്സ് ജയം; രാജകീയമായി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് കേരളം
Ranji Trophy Kerala Won Against Bihar: രഞ്ജി ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജൗൗം. ബീഹാറിനെ ഇന്നിംഗ്സിനും 169 റൺസിനും തകർത്ത കേരളം അഞ്ച് വർഷത്തിനിടെ ആദ്യമായി ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.

രഞ്ജി ട്രോഫിയിൽ അഞ്ച് വർഷത്തിനിടെ ഇതാദ്യമായി കേരളം ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ ബീഹാറിനെ ഇന്നിംഗ്സിനും 169 റൺസിനും തകർത്താണ് കേരളത്തിൻ്റെ ക്വാർട്ടർ പ്രവേശനം. ഇതോടെ ബോണസ് പോയിൻ്റടക്കം കേരളത്തിൻ്റെ ആകെ പോയിൻ്റ് 29 ആയി. മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീതം നേടിയ ജലജ് സക്സേനയാണ് കേരളത്തിൻ്റെ മാച്ച് വിന്നർ.
ആദ്യം ബാറ്റ് ചെയ്ത കേരളം 351 റൺസ് നേടി ഓളൗട്ടായി. 150 റൺസ് നേടിയ സൽമാൻ നിസാർ ആയിരുന്നു കേരളത്തിൻ്റെ ടോപ്പ് സ്കോറർ. ഷോൺ റോജർ (59), അക്ഷയ് ചന്ദ്രൻ (38), നിതീഷ് എംഡി (30) എന്നിവരും കേരള സ്കോറിൽ നിർണായക സംഭാവനകൾ നൽകി. നാല് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലും അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എന്ന നിലയിലും പതറിയ കേരളത്തെ സൽമാൻ നിസാറിൻ്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് തുണച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബീഹാർ ആദ്യ ഇന്നിംഗ്സിൽ 64 റൺസിന് ഓളൗട്ടായി. 21 റൺസ് നേടിയ സ്രമൻ നിഗ്രോധ് ആയിരുന്നു ബീഹാറിൻ്റെ ടോപ്പ് സ്കോറർ. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സിലിറങ്ങിയ ബീഹാർ 118 റൺസെടുക്കുന്നതിനിടെ വീണ്ടും മുട്ടുമടക്കി. ജലജ് സക്സേനയ്ക്ക് വീണ്ടും അഞ്ച് വിക്കറ്റ്. സാക്കിബുൽ ഗനി (31), വീർ പ്രതാപ് സിംഗ് (30) എന്നിവരാണ് ബീഹാർ നിരയിൽ തിളങ്ങി. ഫസ്റ്റ് ക്ലാസ് കരിയറിലെ 11ആം 10 വിക്കറ്റ് നേട്ടമാണ് സക്സേന ഇന്ന് കുറിച്ചത്.




ആറ് കളി അവസാനിക്കുമ്പോൾ രണ്ട് ജയവും നാല് സമനിലയും സഹിതം 21 പോയിൻ്റായിരുന്ന കേരളത്തിന് ഈ ജയത്തോടെ 28 പോയിൻ്റായി. 26 പോയിൻ്റുള്ള ഹരിയാനയായിരുന്നു ഗ്രൂപ്പിൽ ഒന്നാമത്. ഗ്രൂപ്പിൽ മൂന്നാമതുള്ള കർണാടകയും (19 പോയിൻ്റ്) ഹരിയാനയുമായുള്ള കളി പുരോഗമിക്കുകയാണ്. ഈ കളി കർണാടക ജയിച്ചാൽ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിക്കും. ഹരിയാന വിജയിച്ചാൽ കേരളം രണ്ടാം സ്ഥാനത്താവും. നിലവിൽ കർണാടക ഉയർത്തിയ 304 റൺസിന് മറുപടിയായി ഹരിയാന നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന നിലയിലാണ്.
Also Read: Virat Kohli : രഞ്ജിയിലും രക്ഷയില്ല; രോഹിതിന്റെ പാതയിൽ കോഹ്ലിയും, വന്ന പോലെ മടങ്ങി
ഗ്രൂപ്പിൽ പഞ്ചാബിനെതിരെയായിരുന്നു കേരളത്തിൻ്റെ ആദ്യ മത്സരം. കളിയിൽ പഞ്ചാബിനെ എട്ട് വിക്കറ്റിന് വീഴ്ത്തി രഞ്ജി ആരംഭിച്ച കേരളം കർണാടകയ്ക്കും ബംഗാളിനുമെതിരായ അടുത്ത മത്സരങ്ങളിൽ സമനില പിടിച്ചു. ഉത്തർപ്രദേശിനെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരം. ഈ കളി ഇന്നിംഗ്സിനും 117 റൺസിനും കേരളം വിജയിച്ചു. ജലജ് സക്സേന ഈ കളി ആകെ 11 വിക്കറ്റാണ് നേടിയത്. ഹരിയാനയ്ക്കെതിരായ അടുത്ത കളിയിൽ സമനില നേടിയ കേരളത്തിന് മധ്യപ്രദേശിനെതിരായ കഴിഞ്ഞ കളിയിലും സമനില നേടാനായി. മധ്യപ്രദേശിനെതിരെ തോൽവിയുടെ വക്കിൽ നിന്ന് നേടിയ സമനിലയാണ് കേരളത്തിന് തുണയായത്.