Ranji Trophy: അസ്ഹറുദ്ദീന്‍ കസറി, രണ്ടാം ദിനത്തിലും ശുഭപര്യവസാനം; കേരളം കൂറ്റന്‍ സ്‌കോറിലേക്ക്
Ranji Trophy Kerala vs Gujarat Semi Final: കേരളം ഏഴ് വിക്കറ്റിന് 418 റണ്‍സ് എന്ന നിലയിലാണ്. 149 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും, 10 റണ്‍സുമായി ആദിത്യ സര്‍വതെയുമാണ് ക്രീസില്‍. നാല് വിക്കറ്റിന് 206 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയത്. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും പ്രതിരോധത്തിന്റെ വന്‍മതില്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഗുജറാത്ത് വലഞ്ഞു. ആറാം വിക്കറ്റില്‍ ഇരുവരും സമ്മാനിച്ചത് 149 റണ്‍സ്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പൊള്ളുന്ന വെയിലും, കേരള ബാറ്റര്‍മാരുടെ പ്രതിരോധ കരുത്തിന്റെ ചൂടുമേറ്റപ്പോള്‍ ഗുജറാത്ത് ബൗളര്‍മാര്‍ നട്ടം തിരിഞ്ഞു. സെമി പോരാട്ടത്തില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റിന് 418 റണ്‍സ് എന്ന നിലയിലാണ്. 303 പന്തില്‍ 149 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും, 22 പന്തില്‍ 10 റണ്‍സുമായി ആദിത്യ സര്‍വതെയുമാണ് ക്രീസില്‍. നാല് വിക്കറ്റിന് 206 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്.
സ്‌കോര്‍ബോര്‍ഡിലേക്ക് ഒരു റണ്‍സ് പോലും അധികം ചേര്‍ക്കുന്നതിന് മുമ്പ് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ പുറത്താക്കി ഗുജറാത്ത് ബൗളര്‍മാര്‍ ഞെട്ടിച്ചു. 195 പന്തില്‍ 69 റണ്‍സെടുത്ത സച്ചിനെ അര്‍സന്‍ നഗ്വസ്വാലയുടെ പന്തില്‍ സ്ലിപ്പില്‍ ആര്യ ദേശായ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
പിന്നെയാണ് ഗുജറാത്തിനെ വിറപ്പിച്ച കേരള ബാറ്റര്‍മാരുടെ കൂട്ടുക്കെട്ടിന് അഹമ്മദാബാദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തകര്‍പ്പന്‍ ഫോമിലുള്ള സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും പ്രതിരോധത്തിന്റെ വന്‍മതില്‍ പടുത്തുയര്‍ത്തിയപ്പോള്‍ ഗുജറാത്ത് വലഞ്ഞു. ആറാം വിക്കറ്റില്‍ ഇരുവരും കേരളത്തിന് സമ്മാനിച്ചത് വിലപ്പെട്ട 149 റണ്‍സ്.




ഒടുവില്‍ 202 പന്തില്‍ 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി വിശാല്‍ ജയ്‌സ്വാള്‍ ഗുജറാത്തിന് ചെറു ആശ്വാസം സമ്മാനിച്ചു. പുതുമുഖ താരം അഹമ്മദ് ഇമ്രാന്‍ 66 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ സര്‍വതെയുമായി അസ്ഹറുദ്ദീന്‍ കേരളത്തിന്റെ ഇന്നിംഗ്‌സ് കരുതലോടെ മുന്നോട്ടു കൊണ്ടുപോവുകയാണ്. ഗുജറാത്തിനുവേണ്ടി നഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി.
മൂന്നാം ദിനം പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാനാകും കേരളത്തിന്റെ ശ്രമം. അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി വേഗം പിഴുത് ബാറ്റിംഗ് ആരംഭിക്കാനാകും ഗുജറാത്തിന്റെ നീക്കം.
Read Also : കറാച്ചി സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ പതാക ഒഴിവാക്കി; വിവാദത്തിൽ വിശദീകരണവുമായി പിസിബി
മുംബൈ പതറുന്നു
മറ്റൊരു മത്സരത്തില്‍ വിദര്‍ഭയ്‌ക്കെതിരെ മുംബൈയുടെ നില പരുങ്ങലില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 188 എന്ന നിലയിലാണ് മുംബൈ. വിദര്‍ഭ ആദ്യ ഇന്നിംഗ്‌സില്‍ 383 റണ്‍സിന് പുറത്തായിരുന്നു.