Ranji Trophy : ക്യാച്ചസ് വിന്‍ മാച്ചസ് ! സല്‍മാന്റെ ഹെല്‍മറ്റില്‍ തട്ടിക്കറങ്ങിയത് ക്യാച്ചല്ല, ഫൈനലിലേക്കുള്ള ടിക്കറ്റാണ്; നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങള്‍
Ranji Trophy Kerala vs Gujarat Semi Final : ചടങ്ങ് കഴിക്കും പോലെ ഇനി അഞ്ചാം ദിനം പൂര്‍ത്തിയാക്കുക മാത്രമാണ് ഇനി കേരളത്തിന് മുന്നിലുള്ള ദൗത്യം. ഫൈനലിലെത്തിയ ആത്മവിശ്വാസത്തില്‍ ബാറ്റേന്തുന്ന കേരള ബാറ്റര്‍മാരെ രണ്ടാം ഇന്നിംഗ്‌സില്‍ കാണാം. അവസാന നിമിഷം എല്ലാ നഷ്ടപ്പെട്ടവന്റെ ഭാവമാകും ഗുജറാത്ത് ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും

അതെ, ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുമെന്ന് ഇനി ഉറപ്പിച്ച് പറയാം. ചടങ്ങ് കഴിക്കും പോലെ അഞ്ചാം ദിനം പൂര്‍ത്തിയാക്കുക മാത്രമാണ് ഇനി കേരളത്തിന് മുന്നിലുള്ള ദൗത്യം. ഫൈനലിലെത്തിയ ആത്മവിശ്വാസത്തില്‍ ബാറ്റേന്തുന്ന കേരള ബാറ്റര്‍മാരെ രണ്ടാം ഇന്നിംഗ്‌സില്‍ കാണാം. അവസാന നിമിഷം എല്ലാ നഷ്ടപ്പെട്ടവന്റെ ഭാവമാകും ഗുജറാത്ത് ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും. അത്രയേറെ നാടകീയത നിറഞ്ഞതായിരുന്നു കേരള-ഗുജറാത്ത് സെമി പോരിലെ ആദ്യ ഇന്നിംഗ്‌സിലെ അവസാന നിമിഷങ്ങള്‍.
കയറ്റിറക്കങ്ങള്‍ നിറഞ്ഞ പ്രതീതി സമ്മാനിക്കുന്നതായിരുന്നു ഇന്നിംഗ്‌സ്. ആരു ജയിക്കുമെന്ന് പറയാന്‍ കഴിയാത്ത അപ്രവചനാത്മകതയായിരുന്നു മത്സരത്തിന്റെ സൗന്ദര്യം. പയറ്റിത്തെളിഞ്ഞ പ്രതിരോധപാടവം ഗുജറാത്തിന്റെ വാലറ്റം വരെ പുറത്തെടുത്തപ്പോള്‍ ഒരു വേള കേരളം ഒന്ന് ശങ്കിച്ചു.
പല മത്സരങ്ങളിലും അവസാന നിമിഷം വിജയം കൈവിടുന്ന ചരിത്രം ഇത്തവണയും ആവര്‍ത്തിക്കുമോയെന്ന ചോദ്യവും ഉയര്‍ന്നു. മത്സരത്തിനിടെ വരുത്തിയ ചെറിയ പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമോയെന്ന ചിന്തയും കേരള ക്യാമ്പിനെ ആശങ്കയിലാഴ്ത്തി.
നാലാം ദിനം സിദ്ധാര്‍ത്ഥ് ദേശായി നല്‍കിയ ക്യാച്ചിനുള്ള അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ പാഴാക്കിയതായിരുന്നു ആദ്യ പിഴവ്. അഞ്ചാം ദിനത്തിലും സമാനമായ പിഴവ് ആവര്‍ത്തിച്ചു. ഇത്തവണ അര്‍സന്‍ നഗ്വസ്വാല നല്‍കിയ അവസരം ഷോട്ട് ലെഗില്‍ സല്‍മാന്‍ നിസാറായിരുന്നു നഷ്ടപ്പെടുത്തിയത്. സല്‍മാന്‍ കൈവിട്ടത് ഫൈനല്‍ ടിക്കറ്റാണോയെന്ന് ചോദ്യമുയര്‍ന്ന നിമിഷം. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ തനിക്ക് സംഭവിച്ച പിഴവിന് സല്‍മാന്‍ തന്നെ പ്രായശ്ചിത്തം ചെയ്തു.
Madness, unbelievable finish to an unbelievable game https://t.co/iEoTqcShMN pic.twitter.com/JMiYqc99Iu
— Rahul (@exceedingxpuns) February 21, 2025
സല്‍മാന്റെ സാഹസികത
നെഞ്ചിടിപ്പേറ്റുന്നതായിരുന്നു ആദിത്യ സര്‍വതെ എറിഞ്ഞ ആ നിര്‍ണായക ഓവര്‍. വെറും രണ്ട് റണ്‍സ് അകലെ മാത്രം ഗുജറാത്ത് പിന്നില്‍. ഫൈനലിലേക്ക് പ്രവേശിക്കാന്‍ ആതിഥേയര്‍ക്ക് ആകെ ആവശ്യം ഒരേയൊരു ബൗണ്ടറി മാത്രം. കേരളത്തിന് വേണ്ടത് ഒരു വിക്കറ്റും.
കേരള ബൗളര്‍മാര്‍ക്ക് പിടി കൊടുക്കാതെ അമിത പ്രതിരോധത്തിലൂന്നിയാണ് അവസാന വിക്കറ്റില്‍ നഗ്വസ്വാലയും, പ്രിയജിത് സിംഗും ബാറ്റേന്തിയത്. അമിത പ്രതിരോധത്തില്‍ സംഭവിക്കാവുന്ന പാളിച്ചകള്‍ മുന്‍കൂട്ടി കണ്ട് സ്ലിപ്പിലും ഷോര്‍ട്ട് ലെഗിലും കേരളം ഫീല്‍ഡര്‍മാരെ അണിനിരത്തി.
പ്രതിരോധ തന്ത്രം പാളുമെന്ന് നഗ്വസ്വാലയും തിരിച്ചറിഞ്ഞു. സര്‍വതെയെ ബൗണ്ടറി കടത്തി ഗുജറാത്തിന് ലീഡ് സമ്മാനിക്കാം എന്ന ഓവര്‍ കോണ്‍ഫിഡന്‍സിലായിരുന്നിരിക്കണം താരം. ഗിയര്‍ മാറ്റാനുറച്ച് സര്‍വതെയുടെ പന്ത് ആഞ്ഞു പ്രഹരിക്കാന്‍ നഗ്വസ്വാലയുടെ ശ്രമം. പന്ത് നേരെ ചെന്ന് പതിച്ചത് തൊട്ടടുത്ത് ഫീല്‍ഡ് ചെയ്തിരുന്ന സല്‍മാന്റെ ഹെല്‍മറ്റിലേക്ക്.
തുടര്‍ന്ന് വായുവില്‍ കറങ്ങിയ പന്ത് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഭദ്രമായി കൈപിടിയൊതുക്കി. കേരളം ആഗ്രഹിച്ച നിമിഷം സംജാതമായ നേരം. വായുവില്‍ പന്തിന്റെ രൂപത്തില്‍ കറങ്ങിയ ‘ഫൈനല്‍ ടിക്കറ്റ്’ സച്ചിന്‍ ബേബിയുടെ കയ്യില്‍ ചെന്ന് പതിച്ചതോടെ തല കുനിച്ച് നിരാശരായി ഗുജറാത്ത് ബാറ്റര്‍മാര്‍ നേരെ പവലിയനിലേക്ക്. ആ നിമിഷം സര്‍വതെയെ ആഞ്ഞു പ്രഹരിക്കാന്‍ തോന്നിയതിന് നഗ്വസ്വാല സ്വയം പഴിച്ചിരിക്കാം.
മനോധൈര്യത്തോടെ ഫീല്‍ഡില്‍ പന്തിനെ സല്‍മാന്‍ അഭിമുഖീകരിച്ച രീതിയാണ് സച്ചിന്‍ ബേബിക്ക് അനായാസ ക്യാച്ചിനുള്ള അവസരമൊരുക്കിയത്. പന്ത് ചെന്ന് പതിച്ചതിന്റെ ആഘാതത്തില്‍ താരത്തിന് നേരിയ പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം താരത്തെ കൂട്ടി മടങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലിലടക്കം കേരളത്തെ തോളിലേറ്റി മുന്നോട്ടു നയിച്ച സല്‍മാന്റെ പരിക്കില്‍ ആരാധകരും ആശങ്കയിലാണ്. എങ്കിലും താരത്തിന്റെ പരിക്ക് നിസാരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍.