Ranji Trophy: രഞ്ജിയിൽ കേരളത്തിന്റെ ഉയർത്തേഴുന്നേൽപ്പ്; ബംഗാളുമായുള്ള മത്സരം സമനിലയിൽ, പോയിന്റ് പട്ടികയിൽ രണ്ടാമത്
Bengal vs Kerala: ടൂർണമെന്റിൽ ഉത്തർപ്രദേശുമായാണ് കേരളത്തിൻറെ അടുത്ത മത്സരം. നവംബർ 6 മുതലാണ് ഉത്തർപ്രദേശുമായുള്ള മത്സരം ആരംഭിക്കുന്നത്.
കൊൽക്കത്ത: മഴ വെല്ലുവിളിയുയർത്തിയ മത്സരത്തിൽ വാലറ്റക്കാർ തിളങ്ങിയതോടെ രഞ്ജി ട്രോഫിയിൽ കേരള- ബംഗാൾ മത്സരം സമനിലയിൽ. ഒരു ഘട്ടത്തിൽ 6 ന് 83 എന്ന കൂട്ടത്തകർച്ചയിൽ നിന്നാണ് കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡോടെ സമനില നേടിയ കേരളം പോയിൻറ് പട്ടികയിൽ കർണ്ണാടകയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഒന്നാം ഇന്നിംഗ്സിൽ ലീഡ് സ്വന്തമാക്കിയതിനാൽ കേരളത്തിന് രണ്ടും കർണ്ണാടകയ്ക്ക് ഒരു പോയിൻറും ലഭിച്ചു.
മൂന്ന് മത്സരങ്ങളിൽ രണ്ട് സമിനലയും ഒരു ജയവും സ്വന്തമാക്കി, 10 പോയിൻറുമായാണ് കേരളം എലെെറ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായത്. 13 പോയിന്റുമായി ഹരിയാനയാണ് മുന്നിൽ. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമുള്ള കർണാടക എട്ട് പോയിൻറുമായി മൂന്നാമതാണ്. ഏഴ് പോയിൻറുമായി ബംഗാൾ നാലാം സ്ഥാനത്തും ആറ് പോയിൻറുമായി പഞ്ചാബ് അഞ്ചാം സ്ഥാനത്തുമാണ്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ ടീമുകളാണ് യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളിൽ. എലെെറ്റ് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടു. ടൂർണമെന്റിൽ ഉത്തർപ്രദേശുമായാണ് കേരളത്തിൻറെ അടുത്ത മത്സരം. നവംബർ 6 മുതലാണ് ഉത്തർപ്രദേശുമായുള്ള മത്സരം ആരംഭിക്കുന്നത്.
ഒന്നാം ഇന്നിംഗ്സിൽ കേരളം 120 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിന് ക്രീസിലിറങ്ങിയ ബംഗാൾ 63 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്ത് നിൽക്കെ വെളിച്ചക്കുറവ് മൂലം മത്സരം നിർത്തിവെച്ചതോടെയാണ് സമനിലയിൽ പിരിഞ്ഞത്. സ്കോർ കേരളം 356-9, ബംഗാൾ 181-3.
ശുവം ഡേ (67), സദീപ് ചാറ്റർജി (57) എന്നിവരുടെ പ്രകടനമാണ് ബംഗാളിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അവിലിൻ ഘോഷാണ് (4) ബംഗാൾ നിരയിലെ പുറത്തായ മറ്റൊരു താരം. സുദീപ് കുമാർ ഗരാമി (31)അനുസ്തൂപ് മജുംദാർ (21) എന്നിവർ പുറത്താകാതെ നിന്നു. കേരളത്തിനായി ആദിത്യ സർവതെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, 9 വിക്കറ്റ് നഷ്ടത്തിൽ 356 റൺസുമായാണ് കേരളം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. സൽമാൻ നിസാർ (95), ജലജ് സക്സേന (84), വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ (84), അക്ഷയ് ചന്ദ്രൻ (31) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് കേരളത്തിംഗ് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. തകർച്ചയുടെ വക്കിലായിരുന്ന കേരളത്തെ രക്ഷിച്ചത് ജലജ് സക്സേന- സൽമാൻ നിസാർ സഖ്യവും സൽമാൻ നിസാർ -മുഹമ്മദ് അസ്ഹറുദ്ദീൻ കൂട്ടുകെട്ടുമാണ്. സൽമാൻ – സക്സേന സഖ്യം 140 റൺസും, സൽമാൻ – അസ്ഹറുദ്ദീൻ സഖ്യം124 റൺസും കൂട്ടിച്ചേർത്തതോടെയാണ് കേരളം മികച്ച നിലയിലെത്തിയത്.
രോഹൻ എസ്. കുന്നുമ്മൽ(23), വത്സൽ ഗോവിന്ദ് (5), ബാബ അപരാജിത് (0), ആദിത്യ സർവതെ (5), ക്യാപ്റ്റൻ സച്ചിൻ ബേബി (12), എം.ഡി. നിധീഷ് (0) എന്നിവർ നിരാശപ്പെടുത്തി. ബംഗാളിനായി ഇഷാൻ പോറൽ 6 വിക്കറ്റുമായി തിളങ്ങി. 30 ഓവറിൽ 103 റൺസ് വഴങ്ങിയാണ് താരം ആറു വിക്കറ്റ് സ്വന്തമാക്കിയത്.