Ranji Trophy: സിനിമാക്കഥയ്ക്ക് തകർപ്പൻ ക്ലൈമാക്സ്; ഗുജറാത്തിനെതിരെ കേരളത്തിന് രണ്ട് റൺ ലീഡ്; ചരിത്രഫൈനൽ ഒരു വിളിപ്പാടകലെ
Kerala - Gujarat Ranji Trophy: ഒറ്റ റൺസിൽ സെമിയിലെത്തിയ കേരളം ചരിത്രത്തിലാദ്യത്തെ ഫൈനലിനരികെ. അവസാന വിക്കറ്റിൽ 11 റൺസ് ആണ് ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാൽ, 9 റൺസ് ആയപ്പോഴേക്കും ആദിത്യ സർവാറ്റെ കേരളത്തിൻ്റെ രക്ഷയ്ക്കെത്തി. അർസാൻ നഗ്‌വസ്‌വല്ലയെ (10) വീഴ്ത്തി സർവാറ്റെ കേരളത്തിന് ലീഡ് സമ്മാനിക്കുകയായിരുന്നു.

അങ്ങനെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനൽ കളിക്കാമെന്ന കേരളത്തിൻ്റെ സ്വപ്നത്തിലേക്ക് ദൂരം കുറയുന്നു. ഗുജറാത്തിനെതിരെ നിർണായകമായ രണ്ട് റൺ ആദ്യ ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് തുണയായത്. അവസാന വിക്കറ്റിൽ ഇന്നിംഗ്സ് ലീഡിലേക്ക് 11 റൺസ് വേണ്ടിയിരുന്ന ഗുജറാത്തിനായി 9 റൺസ് കൂട്ടിച്ചേർക്കാൻ അർസാൻ നഗ്‌വസ്‌വല്ല – പ്രിയജിത്‌സിങ് ജഡേജ എന്നിവർക്ക് സാധിച്ചു. എന്നാൽ, നഗ്‌വസ്‌വല്ലയെ (10) സച്ചിൻ ബേബിയുടെ കൈകളിലെത്തിച്ച ആദിത്യ സർവാറ്റെ കേരളത്തിന് നിർണായക ലീഡ് സമ്മാനിക്കുകയായിരുന്നു. അവസാന വിക്കറ്റിൽ 62 പന്തുകളാണ് അർസാൻ നഗ്‌വസ്‌വല്ല – പ്രിയജിത്‌സിങ് ജഡേജ സഖ്യം പ്രതിരോധിച്ചത്. സെമിഫൈനലിൽ ആദ്യ ഇന്നിംഗ്സിലെ ഒരു റൺ ലീഡിൽ സെമിഫൈനലിലെത്തിയ കേരളത്തിന് ഇതോടെ ഫൈനലിൽ രണ്ട് റൺ ആദ്യ ഇന്നിംഗ്സ് ലീഡ് തുണയാവുകയാണ്. ഇന്ന് ഒരു ദിവസം ഓളൗട്ടാവാതെ പിടിച്ചുനിന്നാൽ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനൽ കളിക്കും.
അഞ്ചാം ദിവസം ഗുജറാത്ത് ക്രീസിലെത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലായിരുന്നു. ആദ്യ മണിക്കൂറിൽ തന്നെ ഗുജറാത്തിൻ്റെ വിക്കറ്റുകൾ വീഴ്ത്താൻ കേരളത്തിന് സാധിച്ചു. എട്ടാം വിക്കറ്റിലെ 79 റൺസ് കൂട്ടുകെട്ട് തകർത്ത് ജയ്മീത് പട്ടേലിനെ (79) ജലജ് സക്സേന പുറത്താക്കി കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിടിച്ചുനിന്ന സിദ്ധാർത്ഥ് ദേശായ് (30) പുറത്താവുമ്പോൾ ഗുജറാത്ത് 11 റൺസ് മാത്രം അകലെയായിരുന്നു. അവസാന വിക്കറ്റിൽ പിടിച്ചുനിന്ന അർസാൻ നഗ്‌വസ്‌വല്ലയും പ്രിയജിത്സിംഗ് ജഡേജയും ചേർന്ന് ഗുജറാത്തിനെ നയിച്ചു. എന്നാൽ, രണ്ട് റൺ ബാക്കിനിൽക്കെ നഗ്‌വസ്വല്ലയെ മടക്കി സർവാറ്റെ കേരളത്തിന് നിർണായക ലീഡ് സമ്മാനിച്ചു. കേരള ഇതര സംസ്ഥാന സ്പിൻ ദ്വയത്തെ ക്ഷമാപൂർവം നേരിട്ട സഖ്യത്തിന് അവസാന ചുവട് പിഴച്ചു. കൂറ്റൻ ഷോട്ട് കളിക്കാനുള്ള നഗ്‌വസ്‌വല്ലയുടെ ശ്രമം ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിൻ്റെ ഹെൽമറ്റിൽ തട്ടി സച്ചിൻ ബേബിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.
നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിൽ കളി ആരംഭിച്ച ഗുജറാത്ത് ഒരു ഘട്ടത്തിൽ തകർച്ചയുടെ വക്കിലായിരുന്നു. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ അവരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന നിലയിൽ നിന്ന് ജയ്മീത് പട്ടേലും സിദ്ധാർത്ഥ് ദേശായിയും ചേർന്ന് 436ലെത്തിച്ചു.




ഗുജറാത്തിൻ്റെ വിവാദമായ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്
മത്സരത്തിൽ ഗുജറാത്തിൻ്റെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് വിവാദമായി. സ്പിന്നർ രവി ബിഷ്ണോയ്ക്ക് പകരം ഓൾറൗണ്ടർ ഹേമങ് പട്ടേലിനെ ഇറക്കിയതാണ് വിവാദമായത്. കേരളത്തിൻ്റെ ഇന്നിംഗ്സിൽ ഫീഡ് ചെയ്യുന്നതിനിടെ രവി ബിഷ്ണോയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ബൗണ്ടറി തടയാൻ ഡൈവ് ചെയ്യുന്നതിനിടെ കയ്യിൽ തട്ടി തെറിച്ച പന്ത് തലയിൽ ഇടിച്ച് താരം മടങ്ങുകയായിരുന്നു. പകരം ഹേമൻ പട്ടേലിനെ അഞ്ചാം നമ്പറിൽ ഗുജറാത്ത് കളത്തിലിറക്കി. കേരള താരം ജലജ് സക്സേന ഇതേച്ചൊല്ലി അമ്പയറോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഉമങ് കുമാർ, ഹെത് പട്ടേൽ, ക്ഷിജിത് പട്ടേൽ എന്നീ ബാറ്റർമാരായിരുന്നു ഗുജറാത്തിൻ്റെ സബ്സ്റ്റിറ്റ്യൂട്ട് ഓപ്ഷനുകൾ. അതുകൊണ്ട് തന്നെ ഹേമങ് പട്ടേലിനെ പകരമിറക്കാനേ സാധിക്കുമായിരുന്നുള്ളൂ. 41 പന്തുകൾ നേരിട്ട ഹേമങ് 27 റൺസെടുത്ത് പുറത്താവുകയായിരുന്നു.