Ranji Trophy: അവിശ്വസനീയം സൽമാൻ നിസാർ!; അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ കേരളത്തിന് ജമ്മുവിനെതിരെ ഒരു റൺ ലീഡ്
Ranji Trophy Kerala Lead: ജമ്മു കശ്മീരിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരളത്തിന് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. അവസാന വിക്കറ്റിൽ ബേസിൽ തമ്പിയുമായി 81 റൺസിൻ്റെ അതിനിർണായക കൂട്ടുകെട്ടുയർത്തി സൽമാൻ നിസാറാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.

വിജയത്തിനും പരാജയത്തിനുമിടയിൽ ഒരിക്കൽ കൂടി സൽമാൻ നിസാർ ഉറച്ചുനിന്നപ്പോൾ രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിന് ലീഡ്. ജമ്മു കശ്മീർ ആദ്യ ഇന്നിംഗ്സിൽ നേടിയ 280 റൺസിന് മറുപടിയായി 9 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എന്ന നിലയിൽ പതറിയ കേരളത്തിന് അവസാന വിക്കറ്റിൽ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് സൽമാൻ നിസാർ നൽകിയത് നിർണായകമായ ഒരു റൺ ലീഡ്. ഇനി കളി സമനില ആയാലും ആദ്യ ഇന്നിംഗ്സ് ലീഡിൻ്റെ ബലത്തിൽ കേരളത്തിന് സെമിയിലെത്താം. 112 റൺസ് നേടി സൽമാൻ നിസാർ പുറത്താവാതെ നിന്നു.
ജമ്മു കശ്മീരിനെ 280 റൺസിന് പുറത്താക്കി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ബാറ്റിംഗ് തകർച്ച നേരിട്ടു. രോഹൻ കുന്നുമ്മൽ (1), ഷോൺ റോജർ (0), സച്ചിൻ ബേബി (2) എന്നിവർ വേഗം പുറത്തായപ്പോൾ കേരളം 11 റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിലേക്ക് വീണു. നാലാം വിക്കറ്റിൽ അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും ചേർന്ന കൂട്ടുകെട്ട് കേരളത്തെ വൻ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി. 94 റൺസാണ് സഖ്യം കൂട്ടിച്ചേർത്തത്. ആക്രമിച്ചുകളിച്ച ജലജ് സക്സേന 78 പന്തിൽ 67 റൺസ് നേടി പുറത്തായതോടെ ഈ കൂട്ടുകെട്ട് തകർന്നു. ഏറെ വൈകാതെ അക്ഷയ് ചന്ദ്രനും (29) മടങ്ങി.
ആറാം വിക്കറ്റിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 15 റൺസ് നേടി അസ്ഹർ പുറത്തായി. ആദിത്യ സർവാറ്റെയും (1) വേഹം മടങ്ങിയതോടെ കേരളം വീണ്ടും തകർന്നു. എട്ടാം വിക്കറ്റിൽ സൽമാൻ നിസാറിനൊപ്പം നിഥീഷ് എംഡി ഉറച്ചുനിന്നതോടെ കേരളം വീണ്ടും നടുനിവർത്തി. എട്ടാം വിക്കറ്റിൽ 54 റൺസിൻ്റെ കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. ഒടുവിൽ 30 റൺസ് നേടിയ നിഥീഷ് പുറത്തായതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. പിടിച്ചുനിൽക്കാനുള്ള ശ്രമത്തിനിടെ ബേസിൽ എൻപിയും പുറത്തായി. ഇതോടെയാണ് രണ്ടാം ദിവസത്തെ കളി അവസാനിച്ചത്.
9 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി സൽമാൻ നിസാറും ബേസിൽ തമ്പിയും ഉറച്ചുനിന്നു. ബേസിൽ തമ്പിയെ ഒരുവശത്ത് സംരക്ഷിച്ചുനിർത്തി സൽമാൻ നിസാർ കേരള ഇന്നിംഗ്സിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്തു. ജമ്മു കശ്മീർ ബൗളിംഗ് അറ്റാക്കിനെ ഒറ്റക്ക് നേരിട്ട താരം ഇതിനിടെ ഫിഫ്റ്റിയും സെഞ്ചുറിയും തികച്ചു. ഇതിനിടെ കേരളം ജമ്മുവിനെതിരെ ഒരു റൺസിൻ്റെ ലീഡും നേടി. ഇതിന് തൊട്ടുപിന്നാലെ 15 റൺസ് നേടിയ ബേസിൽ തമ്പി പുറത്തായി. പക്ഷേ, അപ്പോഴേക്കും ഇന്നിംഗ്സ് ലീഡ് വഴങ്ങി മത്സരത്തിൽ നിന്ന് പൂർണമായും പുറത്താവുകയെന്ന സാധ്യത കേരളം ഇല്ലാതാക്കിക്കഴിഞ്ഞിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ആഖിബ് നബി കേരള ഇന്നിംഗ്സിൻ്റെ നട്ടെല്ലൊടിച്ചപ്പോൾ യുദ്ധ്‌വീർ സിംഗും സഹിൽ ലോത്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.