Ranji Trophy: സബാഷ് സച്ചിന്‍ ബേബി ! സെമി പോരില്‍ കേരളത്തിന് തരക്കേടില്ലാത്ത തുടക്കം; ഫോമിലേക്ക് എത്തിയ ക്യാപ്റ്റനില്‍ പ്രതീക്ഷ
Ranji Trophy Kerala vs Gujarat Semi Final: അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അക്ഷയ് ചന്ദ്രനും, രോഹന്‍ കുന്നുമ്മലും മികച്ച തുടക്കമാണ് നല്‍കിയത്. 60 റണ്‍സാണ് സഖ്യം ചേര്‍ത്തത്. ഇരുവരും 30 റണ്‍സെടുത്ത് പുറത്തായി. ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പ്രകടനം കേരളത്തിന് പ്രതീക്ഷ പകരുന്നു

രഞ്ജി ട്രോഫിയിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ കേരളത്തിന് ഭേദപ്പെട്ട തുടക്കം. ഗുജറാത്തിനെതിരായ മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം നാല് വിക്കറ്റിന് 206 എന്ന നിലയിലാണ്. 193 പന്തില്‍ 69 റണ്‍സുമായി സച്ചിന്‍ ബേബിയും, 66 പന്തില്‍ 30 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസില്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും, രോഹന്‍ കുന്നുമ്മലും മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സാണ് സഖ്യം ചേര്‍ത്തത്. ഇരുവരും 30 റണ്‍സ് വീതമെടുത്ത് പുറത്തായി.
നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ വന്ന റണ്ണൗട്ടിലാണ് അക്ഷയ് പുറത്തായത്. തൊട്ടുപിന്നാലെ രോഹനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി രവി ബിഷ്‌ണോയ് കേരളത്തിന് ഇരട്ട പ്രഹരം സമ്മാനിച്ചു. 55 പന്തില്‍ 10 റണ്‍സെടുത്ത വരുണ്‍ നായനാരും പുറത്തായതോടെ കേരളം അപകടം മണുത്തു.
പിന്നാലെ ഒത്തുച്ചേര്‍ന്ന സച്ചിന്‍ ബേബി-ജലജ് സക്‌സേന സഖ്യം കേരള സ്‌കോര്‍ബോര്‍ഡ് കരുതലോടെ മുന്നോട്ട് ചലിപ്പിച്ചു. 83 പന്തില്‍ 30 റണ്‍സെടുത്ത ജലജിനെ അര്‍സന്‍ നഗ്വസ്വാല ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഫോമിലേക്ക് തിരിച്ചെത്തിയത് കേരളത്തിന് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.




ഫോമിലുള്ള സല്‍മാന്‍ നിസാര്‍ ഇനി ബാറ്റ് ചെയ്യാനുണ്ട് എന്നതിലും കേരളത്തിന് ആശ്വസിക്കാം. ഗുജറാത്തിനു വേണ്ടി അര്‍സന്‍ നഗ്വാസ്വാല, പ്രിയജിത് ജഡേജ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read Also : ചെന്നൈക്കെതിരെ രോഹിത് ശർമ്മ മുംബൈയെ നയിച്ചേക്കും; ഹാർദികിന് വിനയായത് കഴിഞ്ഞ സീസണിലെ പിഴവ്
വിദര്‍ഭ-മുംബൈ
മറ്റ് സെമി പോരാട്ടത്തില്‍ വിദര്‍ഭ മുംബൈ മത്സരവും മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 308 എന്ന നിലയിലാണ് വിദര്‍ഭ. ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 109 പന്തില്‍ 74 റണ്‍സെടുത്ത ധ്രുവ് ഷോറെ, 157 പന്തില്‍ 79 റണ്‍സെടുത്ത ഡാനിഷ് മലേവാര്‍ എന്നിവരുടെ ബാറ്റിംഗാണ് കരുത്തായത്. വിദര്‍ഭയുടെ മലയാളിതാരം കരുണ്‍ നായര്‍ 45 റണ്‍സെടുത്തു.