5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: രഞ്ജി ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പ് കാഠിന്യമേറിയതായിരുന്നു; കോച്ച് അങ്ങനെയാണ്, അതിൻ്റെ ഫലം കിട്ടി: മുഹമ്മദ് അസ്ഹറുദ്ദീൻ

Ranji Trophy Final - Mohammed Azharuddeen: കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിനൊരുങ്ങുമ്പോൾ സെമിഫൈനലിലെ താരം മുഹമ്മദ് അസ്ഹറുദ്ദീൻ പ്രതീക്ഷയിലാണ്. സെമിയിൽ ഗുജറാത്തിനെതിരെ പുറത്താവാതെ 177 റൺസടിച്ച് കേരളത്തെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അസ്ഹർ തൻ്റെ പ്രതീക്ഷകളും ടൂർണമെൻ്റിലെ അനുഭവവും ടിവി9 മലയാളത്തോട് പങ്കുവച്ചു.

Ranji Trophy: രഞ്ജി ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പ് കാഠിന്യമേറിയതായിരുന്നു; കോച്ച് അങ്ങനെയാണ്, അതിൻ്റെ ഫലം കിട്ടി: മുഹമ്മദ് അസ്ഹറുദ്ദീൻ
മുഹമ്മദ് അസ്ഹറുദ്ദീൻ അഭിമുഖംImage Credit source: Social Media
abdul-basith
Abdul Basith | Published: 22 Feb 2025 10:47 AM

രഞ്ജി ട്രോഫി ഫൈനൽ എന്ന മുക്കാൽ നൂറ്റാണ്ട് നീണ്ട സ്വപ്നത്തിലേക്ക് നമ്മൾ നടന്നടുത്തിരിക്കുകയാണ്. ഇന്ത്യ മഹാരാജ്യത്തിൻ്റെ തെക്കേ അറ്റത്തുള്ള കേരളമെന്ന കുഞ്ഞ് സംസ്ഥാനത്തിൻ്റെ ക്രിക്കറ്റ് യാത്രയിൽ ഏറ്റവും മഹത്തായ നേട്ടം. സുനിൽ ഒയാസിസ്, കെഎൻ അനന്തപദ്മനാഭൻ, രാം പ്രകാശ്, അജയ് കുടുവ, ഫിറോസ് റഷീദ്, ടിനു യോഹന്നാൻ, സോണി ചെറുവത്തൂർ, ശ്രീശാന്ത്, സച്ചിൻ ബേബി, സഞ്ജു സാംസൺ എന്നിങ്ങനെ നീളുന്ന കേരള ക്രിക്കറ്റ് വിലാസങ്ങളൊടുവിൽ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെത്തിനിൽക്കുന്നു. ഈ മാസം 26ന് സച്ചിൻ ബേബിയെന്ന ഇതിഹാസതാരത്തിനു പിന്നിൽ കേരള ക്രിക്കറ്റ് താരങ്ങൾ വിദർഭയ്ക്കെതിരെ അണിനിരക്കുമ്പോൾ അത് വർഷങ്ങളായി കേരള ക്രിക്കറ്റിനെ സ്നേഹിച്ചവർക്കുള്ള സമ്മാനം കൂടിയാവും. സെമിയിൽ ഗുജറാത്തിനെതിരെ പുറത്താവാതെ 177 റൺസടിച്ച് കളിയിലെ താരമായ മുഹമ്മദ് അസ്ഹറുദ്ദീൻ ടിവി9 മലയാളത്തോട് സംസാരിക്കുമ്പോഴും കണ്ടു, ആ അഭിമാനവും ആവേശവും. അസ്ഹറുദ്ദീൻ്റെ വാക്കുകളിലേക്ക്.

ഡിഫൻസീവ് ആവലും ഒരു തന്ത്രമാണ്
ഡിഫൻസീവ് ആയി ബാറ്റ് ചെയ്യലും ഒരു തന്ത്രമാണ്. ആദ്യം ബാറ്റിങ് ഫ്രണ്ട്ലി വിക്കറ്റായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് ദിവസം. അതിൻ്റെ ഫുൾ അഡ്വാൻ്റേജ് എടുക്കുക എന്നതായിരുന്നു ലക്ഷ്യം. അത്രയും സമയം നമ്മൾ ബാറ്റ് ചെയ്താൽ കളി നമ്മുടെ കയ്യിലായി എന്നുള്ളതായിരുന്നു. 500 ആയിരുന്നു നമ്മുടെ സ്കോർ. പക്ഷേ, 40 റൺസ് കുറഞ്ഞുപോയി. എത്ര ഓവർ കളിക്കാൻ പറ്റുമോ, അത്ര ഓവർ കളിക്കുക എന്നതായിരുന്നു. അഞ്ച് ദിവസത്തെ മത്സരമാണ്. ഒറ്റ ഇന്നിംഗ്സിൻ്റെ കാര്യമേയുള്ളൂ. കളി ജയിക്കണമെന്ന് നിർബന്ധമില്ല. അതുകൊണ്ട് തന്നെ എത്ര ഓവർ കളിക്കുന്നോ, അത്ര മേൽക്കൈ ലഭിക്കും. അതായിരുന്നു ടീമിൻ്റെ പ്ലാൻ.

സെഞ്ചുറിയിൽ പ്രത്യേകിച്ച് തന്ത്രമൊന്നുമില്ല
ആദ്യം കുറച്ച് സമയം ക്രീസിൽ ചിലവഴിക്കണമെന്നുണ്ടായിരുന്നു. അല്ലാതെ വലിയ പ്ലാനുകളൊന്നുമുണ്ടായിരുന്നില്ല. പയ്യെപ്പയ്യെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തുകൊണ്ടിരുന്നു. കുറച്ചുസമയം ക്രീസിൽ നിന്നപ്പോൾ ഗ്യാപ്പുകൾ കണ്ടെത്താൻ കഴിഞ്ഞു. അങ്ങനെ വലിയ പ്ലാനിംഗോടെയൊന്നുമല്ല ബാറ്റ് ചെയ്തത്.

അമയ് ഖുറാസിയ എന്ന പരിശീലകൻ
എല്ലാ പരിശീലകർക്കും വ്യത്യസ്തമായ രീതിയാണ്. അമയ് ഖുറാസിയയുടെ രീതിയും വ്യത്യസ്തമാണ്. പ്രാക്ടീസ് സെഷനൊക്കെ നല്ല ഹാർഡ് ആയിരുന്നു. മൂന്നുനാല് മണിക്കൂറൊക്കെ ബാറ്റ് ചെയ്യേണ്ട സെഷനുകളാണ് കൂടുതലുണ്ടായിരുന്നത്. അതുപോലെ തന്നെ, ബൗളർമാരും കൂടുതൽ സമയം ബാറ്റ് ചെയ്ത് പരിശീലിച്ചു. അതുകൊണ്ട് തന്നെ ബാറ്റിംഗിൽ അവസരം ലഭിച്ചപ്പോൾ ബൗളർമാരും നല്ല സംഭാവനകൾ നൽകി. അതൊരു വ്യത്യസ്തമായ രീതിയാണ്. പക്ഷേ, നല്ല ഹാർഡ്‌വർക്കിങ് ആയിരുന്നു.

അഹ്മദ് ഇമ്രാനെന്ന ഭാവിതാരം
അവൻ നല്ല പക്വതയുള്ള താരമാണ്. 18 വയസുകാരനെപ്പോലെയല്ല. കേരളത്തിൻ്റെ അടുത്ത ഒരു ബെസ്റ്റ് ബാറ്ററായി അവൻ അറിയപ്പെടും. അത്യാവശ്യം നല്ല സ്കില്ലുണ്ട്. സ്പിന്നർമാർക്കെതിരെയൊക്കെ ഈസിയായി കളിക്കും. സ്പിന്നേഴ്സിനെ നന്നായി ടാക്കിൾ ചെയ്യാൻ പറ്റുന്നുണ്ട്. കേരളത്തിൻ്റെ അടുത്ത ഒരു നല്ല ബാറ്ററാണ്.

Also Read: Ranji Trophy: പുത്തന്‍ ചരിത്രം; കേരളം രഞ്ജി ട്രോഫി ഫൈനലില്‍

വിദർഭയ്ക്കെതിരായ തന്ത്രം
കൂടുതൽ ആലോചിക്കാനൊന്നുമില്ല. ഇന്ത്യയിലെ ഏറ്റവും നല്ല രണ്ട് ടീമുകളാണ് ഫൈനലിൽ എത്തിയത്. രണ്ട് ടീമിലും നല്ല പ്രകടനങ്ങൾ നടത്തിയ താരങ്ങളുണ്ട്. അതല്ലാതെ രഞ്ജി ട്രോഫി എന്നൊരു ടൂർണമെൻ്റിൻ്റെ ഫൈനലിലെത്താൻ നമുക്കാവില്ല. അത് ചെയ്യുമ്പഴും കുറച്ച് ടാക്ടിക്കൽ പ്ലാനിങുകളൊക്കെയുണ്ട്. അത് വേദിയും പിച്ചുമൊക്കെ നോക്കിയിട്ട് തീരുമാനിക്കും. തന്ത്രങ്ങളൊക്കെ അത് കഴിഞ്ഞാവും സ്വീകരിക്കുക.

സൽമാൻ നിസാറിനെപ്പറ്റി
സൽമാൻ നിസാറിന് അണ്ടർ 19 മുതൽ തന്നെ നീണ്ട ഇന്നിംഗ്സുകൾ കളിക്കാൻ കഴിവുണ്ട്. പക്ഷേ, ആക്രമിച്ച് കളിക്കാനും അവന് കഴിയും. ഒരു ഓവറിൽ ഇത്ര റൺസ് വച്ച് വേണമെന്ന് അവനോട് പറഞ്ഞാൽ അത് ചെയ്യാനും അവനറിയാം. അത് ടീമിൻ്റെ ആവശ്യത്തിനനുസരിച്ച് അവൻ കൃത്യമായി ചെയ്യുന്നുണ്ട്. അത് സക്സസ്ഫുൾ ആവുന്നുണ്ട്. ശരിക്കും പറഞ്ഞാൽ, ടീമിൻ്റെ ആവശ്യമെന്താണെന്ന് കോച്ച് അറിയിക്കും. നിന്ന് കളിക്കണമെന്നാണെങ്കിൽ അത് അങ്ങനെ ചെയ്യും. റൺസടിക്കണമെന്നാണെങ്കിൽ അങ്ങനെ ചെയ്യും. അതിൻ്റെ ഉദാഹരണമാണ് ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ കണ്ടത്. ഡിഫൻസീവായി കളിക്കേണ്ടസമയത്ത് സൽമാൻ അങ്ങനെ ചെയ്തു. അവസാനം ബേസിൽ തമ്പിയുമായിച്ചേർന്ന് 81 റൺസടിച്ചു. അത് വലിയൊരു കാര്യമാണ്. മൂന്ന് ഫോർമാറ്റും കളിക്കാൻ കഴിയുന്ന താരങ്ങൾ ഒരുപാടില്ല. അങ്ങനെ കളിക്കാൻ കഴിയുന്ന സ്കിൽ ഉള്ള താരങ്ങളെ അഭിനന്ദിക്കണം.