5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy: ടോപ്പ് ഓർഡറിനെ വീഴ്ത്തി എംഡി നിധീഷ്; ഉറച്ചുനിന്ന് കരുൺ നായർ: രഞ്ജി ട്രോഫി ഫൈനൽ ബലാബലം

Ranji Trophy Final Kerala vs Vidarbha: കേരളവും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ വിദർഭ 81 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. കേരളത്തിനായി എംഡി നിധീഷ് രണ്ടും ഈദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.

Ranji Trophy: ടോപ്പ് ഓർഡറിനെ വീഴ്ത്തി എംഡി നിധീഷ്; ഉറച്ചുനിന്ന് കരുൺ നായർ: രഞ്ജി ട്രോഫി ഫൈനൽ ബലാബലം
എംഡി നിധീഷ്Image Credit source: Social Media
abdul-basith
Abdul Basith | Published: 26 Feb 2025 12:47 PM

രഞ്ജി ട്രോഫി ഫൈനലിൽ കേരളവും വിദർഭയും ഒപ്പത്തിനൊപ്പം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വിദർഭ ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. പാർത്ഥ് രെഖാഡെ (0), ദർശൻ നാൽക്കണ്ടെ (1), ധ്രുവ് ഷുറേ (16) എന്നിവർ പുറത്തായി. നിലവിൽ ഡാനിഷ് മലേവാറും (38) കരുൺ നായരും (24) ക്രീസിൽ തുടരുകയാണ്.

പിച്ചിലെ ഈർപ്പം മുതലെടുത്ത് ആദ്യം ബൗളിംഗ് എടുക്കാനുള്ള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനത്തെ സാധൂകരിക്കുന്നതായിരുന്നു കേരള ബൗളർമാരുടെ പ്രകടനം. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ പാർത്ഥ് രെഖാഡയെ (0) വിക്കറ്റിന് മുന്നിൽ കുരുക്കിയ എംഡി നിധീഷ് തൻ്റെ തകർപ്പൻ ഫോം തുടർന്നു. ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ ദർശൻ നാൽക്കണ്ടെ (1) കുറച്ചുസമയം പിടിച്ചുനിന്നെങ്കിലും നിഥീഷിന് മുന്നിൽ വീണു. വരുൺ നായനാർക്ക് പകരമെത്തിയ ഈദ‍ൻ ആപ്പിൾ ടോം ആണ് നിധീഷിനൊപ്പം ന്യൂബോൾ പങ്കുവച്ചത്. 16 റൺസ് നേടിയ ഓപ്പണർ ധ്രുവ് ഷോറെയെ (16) പുറത്താക്കിയ ഈദൻ വിദർഭയുടെ മൂന്നാം വിക്കറ്റ് വീഴ്ത്തി.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ പതറിയ വിദർഭയെ നാലാം വിക്കറ്റിൽ ഡാനിഷ് മലേവാറും കരുൺ നായരും ചേർന്ന് കൈപിടിച്ച് കയറ്റുകയായിരുന്നു. കേരള ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും സഖ്യം പിടിച്ചുനിന്നു. നാലാം വിക്കറ്റിൽ ഇതുവരെ അപരാജിതമായ 57 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഡാനിഷും കരുണും പങ്കാളികളായത്. രഞ്ജി ട്രോഫിയിൽ തകർപ്പൻ ഫോമിലുള്ള കരുൺ നായരെ എത്രയും വേഗം പുറത്താക്കിയില്ലെങ്കിൽ കേരളത്തിൻ്റെ നില പരുങ്ങലിലാവും. 8 മത്സരങ്ങളിൽ മൂന്ന് സെഞ്ചുറി സഹിതം 642 റൺസാണ് കരുൺ നായർ ഈ സീസണിൽ അടിച്ചുകൂട്ടിയത്.

Also Read: Ranji Trophy: രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബിയ്ക്ക് ഇന്ന് നൂറാം മത്സരം; പൂർത്തിയാവുന്നത് കരിയറിലെ 15ആം വർഷം

ഫൈനലിൽ ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും ഒരോ മാറ്റം വീതമുണ്ട്. കേരള ടീമിൽ ബാറ്റർ വരുൺ നായനാർക്ക് പകരം ഈദൻ ആപ്പിൾ ടോം ഉൾപ്പെട്ടപ്പോൾ വിദർഭ ടീമിൽ അഥർവ തയ്ഡെയ്ക്ക് പകരം അക്ഷയ് കർനേവാർ ടീമിലെത്തി. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ഫൈനൽ കളിക്കുന്നത്. വിദർഭ മുൻപ് രണ്ട് തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്.