Ranji Trophy Final: കരുണുമായി ചേര്‍ന്ന് കേരള ബൗളര്‍മാരെ ‘വെള്ളം കുടിപ്പിച്ച്’ ഡാനിഷ്; ആദ്യ ദിനം വിദര്‍ഭ ഭേദപ്പെട്ട നിലയില്‍
Ranji Trophy Final Kerala vs Vidarbha: നാലാം വിക്കറ്റില്‍ ഡാനിഷ് മലേവാറും, കരുണ്‍ നായറും ഒത്തുച്ചേര്‍ന്നപ്പോള്‍ കളി മാറിമറിഞ്ഞു. കേരള ബൗളര്‍മാരെ 'വെള്ളം കുടിപ്പിച്ച്' 215 റണ്‍സാണ് ഇവര്‍ വിദര്‍ഭയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ ഡാനിഷ് സെഞ്ചുറി അടിച്ചു. ആദ്യ ദിനത്തിലെ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കരുണ്‍ നായരെ റണ്ണൗട്ടായത് കേരളത്തിന് ആശ്വാസമായി

ആദ്യ പകുതിയില്‍ വിദര്‍ഭയെ വിറപ്പിച്ച് കേരള ബൗളര്‍മാരുടെ മിന്നലാട്ടം. തുടര്‍ന്നങ്ങോട്ട് ഡാനിഷ് മലേവാറിന്റെയും, കരുണ്‍ നായരുടെയും നാലാം വിക്കറ്റ് കൂട്ടുക്കെട്ടിന്റെ കരുത്തില്‍ വിദര്‍ഭയുടെ ശക്തമായ തിരിച്ചുവരവ്. ഒടുവില്‍ കരുണ്‍ നായരെ റണ്ണൗട്ടാക്കി ചെറു ആശ്വാസം വീണ്ടെടുത്ത് കേരളവും. ഉദ്യേഗം നിറഞ്ഞ രഞ്ജി ട്രോഫി കലാശപ്പോരാട്ടത്തിലെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട നിലയിലാണ് വിദര്‍ഭ. സ്‌കോര്‍: 86 ഓവറില്‍ നാല് വിക്കറ്റിന് 254.
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതായിരുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണര്‍ പാര്‍ത്ഥ് രേഖഡെയെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി എം.ഡി. നിധീഷ് വിദര്‍ഭയ്ക്ക് ആദ്യ ഞെട്ടല്‍ സമ്മാനിച്ചു.
വിദര്‍ഭയുടെ സ്‌കോര്‍ബോര്‍ഡ് 11ല്‍ എത്തിയപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. 21 പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത ദര്‍ശന്‍ നാല്‍ഖണ്ഡെയാണ് ഇത്തവണ എം.ഡി. നിധീഷിന് മുന്നില്‍ വീണത്. ദര്‍ശന്റെ അലക്ഷ്യമായ ഷോട്ട് എന്‍. ബേസില്‍ കൈപിടിയിലൊതുക്കുകയായിരുന്നു.




Read Also : Ranji Trophy: ടോപ്പ് ഓർഡറിനെ വീഴ്ത്തി എംഡി നിധീഷ്; ഉറച്ചുനിന്ന് കരുൺ നായർ: രഞ്ജി ട്രോഫി ഫൈനൽ ബലാബലം
അധികം വൈകാതെ ധ്രുവ് ഷോറെയും പുറത്തായി. ഇത്തവണ ഈഡന്‍ ആപ്പിള്‍ ടോമിനായിരുന്നു വിക്കറ്റ്. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ധ്രുവിനെ പുറത്താക്കിയത്. അപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട വിദര്‍ഭയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 24 റണ്‍സ് മാത്രം.
എന്നാല്‍ നാലാം വിക്കറ്റില്‍ ഡാനിഷ് മലേവാറും, കരുണ്‍ നായറും ഒത്തുച്ചേര്‍ന്നപ്പോള്‍ കളി മാറിമറിഞ്ഞു. കേരള ബൗളര്‍മാരെ ‘വെള്ളം കുടിപ്പിച്ച്’ 215 റണ്‍സാണ് ഈ സഖ്യം വിദര്‍ഭയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ ഡാനിഷ് സെഞ്ചുറി തികയ്ക്കുകയും ചെയ്തു.
ആദ്യ ദിനത്തിലെ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കരുണ്‍ നായരെ റണ്ണൗട്ടാക്കാനായത് കേരളത്തിന് ആശ്വാസമായി. 188 പന്തില്‍ 86 റണ്‍സ് അടിച്ചെടുത്താണ് കരുണ്‍ മടങ്ങിയത്. 259 പന്തില്‍ 134 റണ്‍സുമായി ഡാനിഷും, 13 പന്തില്‍ അഞ്ച് റണ്‍സുമായി യാഷ് താക്കൂറുമാണ് ക്രീസില്‍.