Ranji Trophy Final : വിദര്‍ഭയെ വിറപ്പിച്ച് ‘പഴയ വിദര്‍ഭക്കാരന്‍’ സര്‍വതെ; ലീഡ് ലക്ഷ്യമാക്കി കേരളം
Ranji Trophy Final Kerala vs Vidarbha: മൂന്നാം വിക്കറ്റില്‍ സര്‍വതെയും, അഹമ്മദ് ഇമ്രാനും ചേര്‍ന്നുള്ള കൂട്ടുക്കെട്ട് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. 93 റണ്‍സാണ് ഈ കൂട്ടുക്കെട്ടില്‍ കേരളം അധികം ചേര്‍ത്തത്. 83 പന്തില്‍ 37 റണ്‍സെടുത്ത ഇമ്രാനെ യാഷ് താക്കൂര്‍ പുറത്താക്കിയതോടെ കേരളം വീണ്ടും പരുങ്ങലിലായി

കിടിലമെന്ന് പറയാന്‍ പറ്റില്ല, മോശമെന്ന് വിമര്‍ശിക്കാനാകുമില്ല. രഞ്ജി ട്രോഫി ഫൈനലില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തെ വിശേഷിപ്പിക്കാവുന്നത് ‘തരക്കേടില്ലാത്ത നിലയില്‍’ എന്ന് മാത്രം. മൂന്ന് വിക്കറ്റിന് 131 എന്ന നിലയിലാണ് കേരളം. 120 പന്തില്‍ 66 റണ്‍സുമായി ആദിത്യ സര്‍വതെയും, 23 പന്തില്‍ ആറു റണ്‍സുമായി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെക്കാള്‍ 248 റണ്‍സ് പുറകിലാണ് കേരളം.
പതര്‍ച്ചയോടെയായിരുന്നു കേരളം ഇന്നിംഗ്‌സ് ആരംഭിച്ചത്. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ തകര്‍പ്പനൊരു യോര്‍ക്കറില്‍ ദര്‍ശന്‍ നല്‍ഖണ്ഡെ വീഴ്ത്തി. സംപൂജ്യനായാണ് രോഹന്‍ പുറത്തായത്. പിന്നാലെ 11 പന്തില്‍ 14 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും നല്‍ഖണ്ഡെയ്ക്ക് മുന്നില്‍ വിറച്ചു. അക്ഷയ് ചന്ദ്രനെയും നല്‍ഖണ്ഡെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ സര്‍വതെയും, അഹമ്മദ് ഇമ്രാനും ചേര്‍ന്നുള്ള കൂട്ടുക്കെട്ട് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. 93 റണ്‍സാണ് ഈ കൂട്ടുക്കെട്ടില്‍ കേരളം അധികം ചേര്‍ത്തത്. 83 പന്തില്‍ 37 റണ്‍സെടുത്ത ഇമ്രാനെ യാഷ് താക്കൂര്‍ പുറത്താക്കിയതോടെ കേരളം വീണ്ടും പരുങ്ങലിലായി.




സച്ചിന്‍ ബേബിയും സര്‍വതെയുമായുള്ള നാലാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കേരളം. തന്റെ മുന്‍ ടീമിനെതിരെ ബൗളിംഗില്‍ തിളങ്ങാനായില്ലെങ്കിലും ബാറ്റു കൊണ്ട് സര്‍വതെ മറുപടി നല്‍കുന്നത് കേരളത്തിന് ആശ്വാസം പകരുന്നുണ്ട്.
ഒന്നാം ഇന്നിംഗ്‌സില്‍ ഒരു റണ്‍സിന്റെയെങ്കിലും ലീഡ് നേടുകയാണ് കേരളത്തിന്റെ ലക്ഷ്യം. അവശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ അക്കൗണ്ടില്‍ പരമാവധി റണ്‍സ് ചേര്‍ക്കാനാകും മൂന്നാം ദിനം കേരളത്തിന്റെ ശ്രമം. ആദ്യ ഇന്നിംഗ്‌സില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്തായിരുന്നു.
സെഞ്ചുറി (285 പന്തില്‍ 153) റണ്‍സ് നേടിയ ഡാനിഷ് മലേവാറാണ് ടോപ് സ്‌കോറര്‍. കേരളത്തിനായി എം.ഡി. നിധീഷും, ഈഡന്‍ ആപ്പിള്‍ ടോമും മൂന്ന് വിക്കറ്റ് വീതവും, എന്‍. ബേസില്‍ രണ്ട് വിക്കറ്റും, ജലജ് സക്‌സേന ഒന്നും സ്വന്തമാക്കി.