Ranji Trophy: തൊട്ടു തൊട്ടു തൊട്ടില്ല; സച്ചിൻ ബേബിയ്ക്ക് സെഞ്ചുറി നഷ്ടം; കേരളത്തിന് ലീഡ് നഷ്ടം
Ranji Trophy Final: രഞ്ജി ട്രോഫി ഫൈനലിലെ ഒന്നാം ഇന്നിംഗ്സിൽ വിദർഭയ്ക്കെതിരെ ലീഡ് വഴങ്ങി കേരളം. റൺസിൻ്റെ ലീഡാണ് കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ വിദർഭ നേടിയത്. 98 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ.

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ കേരളം റൺസിന് ഓൾ ഔട്ട്. വിദർഭയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 379 റൺസ് പിന്തുടർന്നിറങ്ങിയ കേരളം 342 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ കേരളം പൊരുതിയെങ്കിലും വിദർഭയുടെ സ്കോറിന് 37 റൺസകലെ ടീം ഓൾ ഔട്ടാവുകയായിരുന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച കേരളം തന്നെയാണ് ഇന്ന് ഏറിയ പങ്കും മുന്നിട്ടുനിന്നത്. 170 റൺസ് ആയപ്പോഴേക്കും നന്നായി ബാറ്റ് ചെയ്തിരുന്ന ആദിത്യ സർവതെ പുറത്തായി. 79 റൺസാണ് മുൻ വിദർഭ താരം നേടിയത്. പിന്നാലെയെത്തിയ സൽമാൻ നിസാർ ക്രീസിൽ ഉറച്ചപ്പോൾ സച്ചിൻ ബേബി കേരള ഇന്നിംഗ്സ് നയിച്ചു. 49 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 21 റൺസ് നേടിയ സൽമാൻ മടങ്ങിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. പിന്നാലെ മുഹമ്മദ് അസ്ഹറുദ്ദീൻ എത്തി. പോസിറ്റീവായി ബാറ്റ് ചെയ്ത അസ്ഹറുദ്ദീൻ ആറാം വിക്കറ്റിൽ സച്ചിൻ ബേബിയുമായി കൂട്ടിച്ചേർത്തത് 59 റൺസ്. അമ്പയഴ്സ് കോളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് അസ്ഹർ (34) പുറത്തായത്.
Also Read: Ranji Trophy Final : വിദര്‍ഭയെ വിറപ്പിച്ച് ‘പഴയ വിദര്‍ഭക്കാരന്‍’ സര്‍വതെ; ലീഡ് ലക്ഷ്യമാക്കി കേരളം
അപ്പോഴും ഉറച്ചുനിൽക്കുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയിലായിരുന്നു പ്രതീക്ഷ. എട്ടാം നമ്പറിൽ ക്രീസിലെത്തിയ ജലജ് സക്സേനയെ കൂട്ടുപിടിച്ച് സച്ചിൻ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും പോസിറ്റീവായി ബാറ്റ് ചെയ്തതോടെ കേരളം വിദർഭ സ്കോറിലേക്ക് അതിവേഗം നീങ്ങി. എന്നാൽ, 98ൽ നിൽക്കെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച സച്ചിൻ ബേബിയ്ക്ക് പിഴച്ചു. 46 റൺസ് നീണ്ട കൂട്ടുകെട്ടാണ് ഇതോടെ അവസാനിച്ചത്. അതുവരെ എല്ലാം നന്നായി ചെയ്ത ക്യാപ്റ്റൻ്റെ കണക്കുകൂട്ടൽ ഒന്ന് പിഴച്ചപ്പോൾ കേരളം ബാക്ക്ഫൂട്ടിലായി. താമസിയാതെ ജലജ് സക്സേനയും (28) പുറത്തായതോടെ കേരളം കളി കൈവിട്ടു. നിധീഷ് എംഡിയും (1) അമ്പയേഴ്സ് കോളിലാണ് വീണത്. അവസാന വിക്കറ്റായി ഈഡൻ ആപ്പിൾ ടോം (10) പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിംഗ്സ് അവസാനിച്ചു. 3 വിക്കറ്റ് വീഴ്ത്തിയ ഹർഷ് ദുബേ രഞ്ജി ട്രോഫി ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരമായും മാറി. സീസണിൽ ഇതുവരെ 69 വിക്കറ്റുകളാണ് ഹർഷ് ദുബേ നേടിയത്.