ഉത്തർ പ്രദേശിനെ വരിഞ്ഞുമുറുക്കി ജലജ് സക്സേന; ആദ്യ ദിവസത്തിൽ മേൽക്കൈ കേരളത്തിന് | Ranji Trophy 2024 Uttar Pradesh All Out For 162 Runs Against Kerala Jalaj Saxena Takes 5 Wickets Malayalam news - Malayalam Tv9

Ranji Trophy 2024 : ഉത്തർ പ്രദേശിനെ വരിഞ്ഞുമുറുക്കി ജലജ് സക്സേന; ആദ്യ ദിവസത്തിൽ മേൽക്കൈ കേരളത്തിന്

Ranji Trophy 2024 Uttar Pradesh All Out : രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഉത്തർ പ്രദേശിനെതിരെ കേരളത്തിന് മേൽക്കൈ. യുപിയെ 162 റൺസിന് പുറത്താക്കിയ കേരളം ആദ്യ ദിനം അവസാനിക്കുമ്പോൾ ഭേദപ്പെട്ട നിലയിലാണ്. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി.

Ranji Trophy 2024 : ഉത്തർ പ്രദേശിനെ വരിഞ്ഞുമുറുക്കി ജലജ് സക്സേന; ആദ്യ ദിവസത്തിൽ മേൽക്കൈ കേരളത്തിന്

ജലജ് സക്സേന (Image Courtesy - Social Media)

Published: 

06 Nov 2024 18:09 PM

രഞ്ജി ട്രോഫിയിൽ ഉത്തർ പ്രദേശിനെതിരെ കേരളത്തിന് മേൽക്കൈ. ആദ്യം ബാറ്റ് ചെയ്ത യുപിയെ 162 റൺസിന് പുറത്താക്കിയ കേരളം ആദ്യ ദിനം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് നേടിയിട്ടുണ്ട്. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ഉത്തർ പ്രദേശിനെ തകർത്തത്. ഇതോടെ രഞ്ജിയിൽ 6000 റൺസും 400 വിക്കറ്റും നേടുന്ന ആദ്യ താരമാവാനും ജലജ് സക്സേനയ്ക്ക് സാധിച്ചു. ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. 10ആം സ്ഥാനക്കാരനായി ക്രീസിലെത്തിയ ശിവം ശർമ്മയാണ് (30) യുപിയുടെ ടോപ്പ് സ്കോറർ.

ടി20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലുള്ള സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം ഇന്ന് ഇറങ്ങിയത്. തിരുവനന്തപുരം സെൻ്റ് സേവിയേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സച്ചിൻ ബേബിയാണ് കേരളത്തിനെ നയിച്ചത്. തുടക്കം മുതൽ യുപിയെ നിയന്ത്രിച്ചുനിർത്താൻ കേരളത്തിനായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സക്സേനയ്ക്കൊപ്പം രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയും തിളങ്ങി. കഴിഞ്ഞ മത്സരങ്ങൾ തകർപ്പൻ പ്രകടനം നടത്തിയ ഇതര സംസ്ഥാന താരം ആദിത്യ സർവാറ്റെ, കെഎം ആസിഫ്, ബാബ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Also Read : Virat Kohli : വിരാട് കോലിയ്ക്ക് അവിശ്വസനീയ പതനം; ഐസിസി റാങ്കിംഗിൻ്റെ ആദ്യ 20ൽ നിന്ന് പുറത്ത്

മറുപടി ബാറ്റിംഗിൽ രോഹൻ കുന്നുമ്മലും വത്സൽ ഗോവിന്ദും ചേർന്ന് കേരളത്തിന് മികച്ച തുടക്കം നൽകി. പതിവുപോലെ ആക്രമിച്ചുകളിച്ച രോഹൻ 28 റൺസ് നേടി പുറത്താവുകയായിരുന്നു. ആദ്യ വിക്കറ്റിൽ 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് രോഹൻ മടങ്ങിയത്. 23 റൺസ് നേടിയ വത്സൽ ഗോവിന്ദും വൈകാതെ പുറത്തായി. ആക്രമിച്ച് കളിക്കുന്ന ബാബ അപരാജിതും (23 പന്തിൽ 21), ആദിത്യ സർവാറ്റെയുമാണ് (4) ആദ്യ ദിനം അവസാനിക്കുമ്പോൾ ക്രീസിൽ.

സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴ ഭീഷണിയാണെങ്കിലും ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടാനായാൽ കേരളത്തിന് അത് വലിയ മുന്നേറ്റമാവും. മൂന്ന് ദിവസങ്ങൾ കൂടി ശേഷിക്കെ ഒരു ദിവസമെങ്കിലും മഴ മാറിനിന്നാൽ മത്സരത്തിന് ഫലമുണ്ടാവും. എലീറ്റ് ഗ്രൂപ്പ് സിയിൽ പഞ്ചാബിനെതിരായ ആദ്യ മത്സരം വിജയിച്ചുതുടങ്ങിയ കേരളം പിന്നീട് കർണാടകയ്ക്കും പശ്ചിമ ബംഗാളിനുമെതിരായ മത്സരങ്ങളിൽ സമനില വഴങ്ങി. രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഗ്രൂപ്പിൽ ഹരിയാനയ്ക്ക് പിന്നിൽ കേരളം രണ്ടാമതാണ്. ഇരു ടീമുകളും മൂന്ന് മത്സരം വീതം കളിച്ചു. ഒരു ജയവും രണ്ട് വീതം സമനിലകളുമാണ് ടീമുകൾക്കുള്ളത്. എന്നാൽ, ഹരിയാനയ്ക്ക് 13 പോയിൻ്റും കേരളത്തിന് എട്ട് പോയിൻ്റുമാണ് ഉള്ളത്. അതേസമയം, ഇന്ന് പഞ്ചാബിനെതിരെ കളിക്കുന്ന ഹരിയാന 114 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് ബാക്കിനിൽക്കെ ആദ്യ ഇന്നിംഗ്സിൽ 24 റൺസ് പിന്നിലാണ്. ഈ കളി ഹരിയാന പരാജയപ്പെട്ടാൽ കേരളത്തിൻ്റെ സാധ്യതകൾ വർധിക്കും.

രാവിലെ ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ഭക്ഷണത്തിന് ശേഷമുള്ള ചില ദുശ്ശീലങ്ങൾ ഒഴിവാക്കാം
മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക
വൃക്കകളെ സംരക്ഷിക്കാൻ ഇവ കഴിക്കാം