Ramandeep Singh : ‘ഡബിളാ ഡബിൾ, അവിടെയും കണ്ടു ഇവിടെയും കണ്ടു’! രാവിലെ രമണ്‍ദീപ് രഞ്ജി ടീമിനൊപ്പം, വൈകിട്ട് ഇന്ത്യന്‍ ജഴ്‌സിയില്‍; ഇതെന്ത് മറിമായം?
Ramandeep Singh Added To India Squad : ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരം രാജ്‌കോട്ടില്‍ 28നാണ്. വൈകിട്ട് ഏഴിനാണ് മത്സരം. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തിലും, ചെന്നൈയില്‍ നടന്ന രണ്ടാം പോരാട്ടത്തിലും ഇന്ത്യ വിജയിച്ചു. മൂന്നാം മത്സരത്തിലും വിജയിക്കാനായാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും
ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടി20 മത്സരത്തിനിടെ, ഇന്ത്യന്‍ ഡ്രസിങ് റൂമിലെ ഒരു കാഴ്ച ആരാധകരെ അതിശയിപ്പിച്ചു. രാവിലെ പഞ്ചാബിനായി രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരുന്ന ഒരു താരം, വൈകിട്ട് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് ഡ്രസിങ് റൂമിലിരിക്കുന്നതായിരുന്നു ആ കാഴ്ച. മറ്റാരുമല്ല, രമണ്‍ദീപ് സിങായിരുന്നു ആ താരം. പരിക്കേറ്റ റിങ്കു സിംഗിന് പകരമാണ് രമണ്‍ദീപ് ഇന്ത്യന്‍ ടീമിലെത്തിയത്. മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിലും രമണ്‍ദീപ് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.
രഞ്ജി ട്രോഫിയില്‍ കര്‍ണാടയ്‌ക്കെതിരെ പഞ്ചാബിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് രമണ്‍ദീപിന് റിങ്കുവിന് പകരമായി ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ താരം പൂജ്യത്തിന് പുറത്തായിരുന്നു. ബെംഗളൂരുവില്‍ വച്ചായിരുന്നു ഈ മത്സരം. രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തായ ഉടന്‍ തന്നെ രമണ്‍ദീപ് ചെന്നൈയിലേക്ക് തിരിച്ചു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് വളരെ പെട്ടെന്ന് എത്താമെന്നതിനാല്‍ വൈകുന്നേരമായപ്പോഴേക്കും ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ രമണ്‍ദീപിന് സാധിച്ചു.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ താരങ്ങളുടെ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. റിങ്കുവിന് പുറമെ നിതീഷ് കുമാര്‍ റെഡ്ഡിക്കും പരിക്കേറ്റിരുന്നു. നിതീഷിന് പകരം ശിവം ദുബെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. നിതീഷിന് പരമ്പര പൂര്‍ണമായും നഷ്ടമാകും. എന്നാല്‍ റിങ്കുവിന് അവസാന രണ്ട് മത്സരങ്ങള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരം 28നാണ്. രാജ്‌കോട്ടില്‍ വൈകിട്ട് ഏഴിനാണ് മത്സരം നടക്കുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തിലും, ചെന്നൈയില്‍ നടന്ന രണ്ടാം പോരാട്ടത്തിലും ഇന്ത്യ വിജയിച്ചിരുന്നു. രാജ്‌കോട്ടിലും വിജയിക്കാനായാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാനാകും.
കൊല്‍ക്കത്തയില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132ന് പുറത്തായി. ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു കളിയിലെ താരം. അഭിശേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്തു.
ചെന്നൈയില്‍ നടന്ന രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 165 റണ്‍സെടുത്തു. ഇന്ത്യ 19.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 55 പന്തില്‍ 72 റണ്‍സെടുത്ത തിലക് വര്‍മയുടെ വീരോചിത പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തിലകാണ് കളിയിലെ താരം.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ. ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, രമൺദീപ് സിംഗ്.