5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

R Ashwin Retirement : ആരാധികയെന്ന നിലയിലാണോ പങ്കാളിയെന്ന നിലയിലാണോ ഞാൻ ഇതിനെ സമീപിക്കേണ്ടത്?; ആർ അശ്വിൻ്റെ വിരമിക്കലിൽ ഭാര്യയുടെ കുറിപ്പ്

R Ashwins Wife Prithi Narayanan Shares An Emotional Note : ആർ അശ്വിൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ വൈകാരികമായ കുറിപ്പുമായി ഭാര്യ പ്രിതി നാരായണൻ. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് പ്രിതി സുദീർഘമായ കുറിപ്പ് പങ്കുവച്ചത്.

R Ashwin Retirement : ആരാധികയെന്ന നിലയിലാണോ പങ്കാളിയെന്ന നിലയിലാണോ ഞാൻ ഇതിനെ സമീപിക്കേണ്ടത്?; ആർ അശ്വിൻ്റെ വിരമിക്കലിൽ ഭാര്യയുടെ കുറിപ്പ്
പ്രിതി നാരായണൻImage Credit source: Prithi Narayanan Instagram
abdul-basith
Abdul Basith | Published: 21 Dec 2024 13:27 PM

ആർ അശ്വിൻ്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ഭാര്യ പ്രിതി നാരായണൻ. ഒരു ആരാധികയെന്ന നിലയിലാണോ പങ്കാളിയെന്ന നിലയിലാണോ ഇതിനെ സമീപിക്കേണ്ടതെന്ന് അശ്വിൻ്റെ വിരമിക്കൽ പ്രഖ്യാപനത്തിൻ്റെ വിഡിയോ പങ്കുവച്ച് പ്രിതി തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. ഈ മാസം 18നാണ് അശ്വിൻ തൻ്റെ രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്.

‘എനിക്ക് കഴിഞ്ഞത് മങ്ങിയ രണ്ട് ദിവസങ്ങളായിരുന്നു. എന്താണ് പറയേണ്ടതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു. എക്കാലത്തെയും എൻ്റെ പ്രിയപ്പെട്ട ക്രിക്കറ്റർക്കുള്ള സമർപ്പണമായാണോ ഞാൻ ഇത് എഴുതേണ്ടത്? അല്ലെങ്കിൽ പങ്കാളിയെന്ന നിലയോ? അതുമല്ലെങ്കിൽ ഒരു ആരാധികയുടെ പ്രണയലേഖനമോ? എനിക്ക് തോന്നുന്നു, എല്ലാം ചേർന്നതാണിതെന്ന്. അശ്വിൻ്റെ വാർത്താസമ്മേളനം കണ്ടപ്പോൾ ഞാൻ വലുതും ചെറുതുമായ കാര്യങ്ങളോർത്തു. കഴിഞ്ഞ 13-14 വർഷത്തിൽ ഒരുപാട് ഓർമ്മകൾ. വലിയ വിജയങ്ങൾ, മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ, ആവേശകരമായ മത്സരങ്ങൾക്ക് ശേഷമുള്ള മുറിയിലെ കനത്ത നിശബ്ദത, മത്സരശേഷമുള്ള ചില വൈകുന്നേരങ്ങളിൽ സാധാരണയിലും കൂടുതൽ സമയം നീണ്ടുനിൽക്കുന്ന ഷവറിൻ്റെ ശബ്ദം, അശ്വിനെഴുതുന്ന കുറിപ്പുകൾക്കിടെ പെൻസിൽ പേപ്പറിൽ ഉരയുന്ന ശബ്ദം, ഒരു തന്ത്രം മെനയാനായി പലതവണ പ്ലേ ആവുന്ന ഫുട്ടേജുകൾ, ഓരോ മത്സരങ്ങൾക്ക് പോകുമ്പോഴുമുള്ള ശാന്തമായ ശ്വാസോഛാസങ്ങൾ, തുടരെ കേൾക്കുന്ന പാട്ടുകൾ.’- പ്രിതി കുറിച്ചു.

Also Read : R Ashwin Retirement: ‘അവ​ഗണനയും അപമാനവും അതാവാം വിരമിക്കലിന് പിന്നിൽ’; വിവാ​ദങ്ങൾക്ക് കൊഴുപ്പുകൂട്ടി അശ്വിന്റെ പിതാവും

“ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം, എംസിജിയിലെ വിജയത്തിന് ശേഷവും സിഡ്നിയിലെ സമനിലയ്ക്കും ഗാബയിലെ വിജയത്തിനും ശേഷം ടി20യിലെ തിരിച്ചുവരവിന് ശേഷവും നമ്മൾ സന്തോഷം കൊണ്ട് കരഞ്ഞത്. ഹൃദയം നുറുങ്ങിയപ്പോൾ നിശബ്ദരായിരുന്ന സമയങ്ങൾ. ഒരു കിറ്റ് ബാഗ് എങ്ങനെ വെക്കണമെന്നറിയാത്തയാളിൽ നിന്ന് ലോകത്തിലെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് നിന്നെ പിന്തുണച്ച്, നിന്നെ കണ്ടുകൊണ്ട്, നിന്നിൽ നിന്ന് പഠിച്ചുകൊണ്ട് സഞ്ചരിച്ചത് വലിയ സന്തോഷമായിരുന്നു. ഞാൻ സ്നേഹിക്കുന്ന ഒരു സ്പോർട്ടിനെ അടുത് നിന്ന് കാണാനുള്ള പ്രിവിലേജ് നൽകാൻ നീ എനിക്ക് പരിചയപ്പെടുത്തിയ ലോകം മനോഹരമായിരുന്നു. എത്ര അച്ചടക്കവും കഠിനാധ്വാനവുമാണ് വെള്ളത്തിന് മുകളിൽ നീന്താൻ വേണ്ടതെന്ന് നീ കാണിച്ചുതന്നു. ചിലപ്പോൾ അത് പോലും മതിയാവില്ല. മഹത്തരമായ ഈ രാജ്യാന്തര മത്സരങ്ങൾക്ക് നീ അവസാനം കുറിയ്ക്കുമ്പോൾ എല്ലാം നല്ലതിനാണെന്നേ എനിക്ക് നിന്നോട് പറയാനുള്ളൂ. ഇനി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുക, കൂടുതൽ കലോറികൾക്കായി സ്ഥലം നീക്കിവെക്കുക, കുടുംബത്തിനായി സമയം കണ്ടെത്തുക, ഒന്നും ചെയ്യാതിരിക്കാൻ സമയം കണ്ടെത്തുക, പുതിയ ബൗളിംഗ് വേരിയേഷനുകൾക്ക് രൂപം നൽകുക, ദിവസം മുഴുവൻ മീം പങ്കുവെക്കുക. അതെല്ലാം ചെയ്യുക.”- പ്രിതി കൂട്ടിച്ചേർത്തു.

ഗാബ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് അശ്വിൻ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. വളരെ അപ്രതീക്ഷിതമായായിരുന്നു താരം കളി മതിയാക്കുന്നതായി അറിയിച്ചത്. ഇക്കഴിഞ്ഞ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തിരികെയെത്തിയ അശ്വിൻ ഐപിഎൽ കളി തുടരും.