PCB : ‘നല്ല ഇരിപ്പിടങ്ങളോ ശുചിമുറികളോ ഇല്ല’; പാകിസ്താനിലെ സ്റ്റേഡിയങ്ങളിൽ പലതും രാജ്യാന്തര നിലവാരത്തിലുള്ളതല്ലെന്ന് പിസിബി
PCB Mohsin Naqvi Stadiums : പാകിസ്താനിലെ സ്റ്റേഡിയങ്ങൾ മോശമാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി. സ്റ്റേഡിയങ്ങളിൽ പലതിലും നല്ല ഇരിപ്പിടങ്ങളോ ശുചിമുറികളോ ഇല്ല. ഇവയൊന്നും രാജ്യാന്തര നിലവാരത്തിലുള്ളതല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ സ്റ്റേഡിയങ്ങളിൽ പലതും രാജ്യാന്തര നിലവാരത്തിലുള്ളതല്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി. സ്റ്റേഡിയങ്ങളിൽ നല്ല ഇരിപ്പിടങ്ങളോ ശുചിമുറികളോ ഇല്ല. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന 2025 ചാമ്പ്യൻസ് ട്രോഫിയ്ക്ക് (Champions Trophy) മുൻപ് ഈ സ്റ്റേഡിയങ്ങളുടെ പ്രശ്നങ്ങളെല്ലാം മാറ്റി നവീകരിക്കേണ്ട ഉത്തരവാദിത്തം പിസിബിയ്ക്കാണെന്നും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം സന്ദർശിച്ചതിന് ശേഷം മൊഹ്സിൻ നഖ്‌വി മാധ്യമങ്ങളോട് പ്രതികരിച്ചു.
“പാകിസ്താനിലെ സ്റ്റേഡിയങ്ങളും ലോകത്തിലെ മറ്റ് ഭാഗങ്ങളിലെ സ്റ്റേഡിയങ്ങളുമായി വലിയ വ്യത്യാസമുണ്ട്. ഇഗ്വിടെയുള്ള സ്റ്റേഡിയങ്ങളെ രാജ്യാന്തര സ്റ്റേഡിയങ്ങളെന്ന് വിളിക്കാൻ പോലും കഴിയില്ല. ഇവിടെ ആവശ്യത്തിന് ഇരിപ്പിടങ്ങളോ ശുചിമുറികളോ ഇല്ല. ഇവിടെനിന്നുള്ള കാഴ്ച 500 മീറ്റർ ദൂരെനിന്ന് കളികാണുന്നത് പോലെയാണ്. രാവും പകലും തൊഴിലാളികൾ ജോലി ചെയ്യുകയാണ്. ഇവിടെയുള്ള സ്റ്റേഡിയങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളാക്കി ഉയർത്തും. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് ആദ്യ പരിഗണന.”- നഖ്‌വി പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിലെ പ്രധാന മത്സരങ്ങളൊക്കെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് നടക്കുക. അതുകൊണ്ട് തന്നെ സ്റ്റേഡിയം നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടീമുകളുടെ താമസ സൗകര്യം സുഗമമാക്കാൻ സ്റ്റേഡിയത്തിന് സമീപത്തായി ഹോട്ടൽ നിർമിക്കാനും ആലോചനയുണ്ട്.
പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ത്യ ചാമ്പ്യൻസ് ലീഗിൽ കളിക്കില്ല എന്നാണ് വിവരം. പാകിസ്താനിലേക്ക് ടീമിനെ അയക്കില്ലെന്നാണ് നിലവിൽ ബിസിസിഐയുടെ നിലപാട്. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പാകിസ്താന് പുറത്ത് നടത്തണമെന്ന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതിന് പിസിബി സമ്മതിച്ചിട്ടില്ല. ഇന്ത്യ വിട്ടുനിൽക്കുമെന്നറിയിച്ചതോടെ ടൂർണമെൻ്റിൻ്റെ വേദി മാറ്റാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ICC) ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താന് പകരം ദുബായിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ ടൂർണമെൻ്റ് സംഘടിപ്പിച്ചേക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, പാകിസ്താൻ സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനാൽ വേദിമാറ്റം ബുദ്ധിമുട്ടാവും.
2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിക്കുക. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻ്റിൽ ഏഴ് മത്സരങ്ങൾ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലും അഞ്ചെണ്ണം റാവൽപിണ്ടിയിലും ബാക്കിയുള്ളവ കറാച്ചിയിലും വെച്ച് നടത്താനാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ലാഹോറിൽ മാർച്ച് ഒന്നാം തീയതി നടക്കും. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഇന്ത്യയുടെ എല്ലാം ഗ്രൂപ്പ് മത്സരങ്ങളും ലാഹോറിലാവും നടക്കുക. ഇന്ത്യക്കും പാകിസ്താനുമൊപ്പം ബംഗ്ലാദേശ്, ന്യൂസീലാൻഡ് എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ബിയിൽ.
കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പ് പാകിസ്താനാണ് ആതിഥ്യം വഹിച്ചത്. എന്നാൽ, പാകിസ്താനിലേക്ക് പോകാൻ തയ്യാറാവാതിരുന്ന ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ചാണ് നടന്നത്. ആദ്യം ഹൈബ്രിഡ് മോഡലിനോട് മുഖം തിരിച്ച പാകിസ്താൻ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന നിലപാടെടുത്തിരുന്നു. പിന്നീട് ഈ നിലപാട് മയപ്പെടുത്തിയാണ് പിസിബി ഹൈബ്രിഡ് മോഡലിനോട് സഹകരിച്ചത്. ഇത്തവണ അത് നടക്കില്ലെന്നാണ് സൂചനകൾ.
2008ലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റവും അവസാനമായി പാകിസ്താൻ പര്യടനം നടത്തിയത്. ഈ കഴിഞ്ഞ 16 വർഷത്തിനിടെ ഇരു ടീമുകളും തമ്മിൽ ഇതുവരെ ഒരു തവണ മാത്രമാണ് പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്. 2013ൽ പാക് സംഘം ഇന്ത്യയിൽ എത്തിയതല്ലാതെ ഒരു ബൈലാറ്ററൽ സീരീസ് പിന്നീടുണ്ടായിട്ടില്ല. ശേഷം ഐസിസി, എസിസി ടൂർണമെൻ്റുകളിൽ മാത്രമാണ് ഇരു ടീമുകളും നേർക്കുനേരെയെത്തിട്ടുള്ളത്.
രാജ്യത്തെ സർക്കാരിൻ്റെ നിലപാടിന് അനുസരിച്ചാണ് ഇന്ത്യൻ ടീമിൻ്റെ പാകിസ്താനിലേക്കുള്ള യാത്രയ്ക്ക് അന്തിമ തീരുമാനമാകുക. ഏറ്റവും അവസാനമായി 2017ലാണ് ഐസിസി ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിച്ചത്. ഇംഗ്ലണ്ടിൽ വെച്ച് നടന്ന ടൂർണമെൻ്റിൽ ഇന്ത്യയെ തോൽപ്പിച്ച് പാകിസ്താൻ കീരിടം ഉയർത്തിയിരുന്നു.
ഇത്തവണ ടി20 ലോക ജേതാക്കളായ ഇന്ത്യ ഏറെ പ്രതീക്ഷയിലാണ്. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ടീമിനെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചതിനാൽ ഇന്ത്യ ടൂർണമെൻ്റിൽ കളിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ, ഇത് എങ്ങനെ സാധ്യമാവുമെന്നതാണ് ചോദ്യം.