PCB Chairman Mohsin Naqvi : ‘ഇന്ത്യക്കെതിരായ പരാജയം കടുപ്പം’; ടീമിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് പിസിബി ചെയർമാൻ
PCB Chairman Mohsin Naqvi : പാക് ടീമിന് അടിയന്തിരമായി ഗുരുതര ശസ്ത്രക്രിയ വേണമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി. ഇന്ത്യക്കെതിരായ പരാജയം കടുപ്പമേറിയതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ പരാജയം കടുപ്പം, പിസിബി ചെയർമാൻ
ഇന്ത്യയോ പാകിസ്താൻ ടീമിനേറ്റ തോൽവി അതികഠിനമെന്ന് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി. പാകിസ്താൻ ക്രിക്കറ്റ് രോഗശയ്യയിലാണെന്നും അടിയന്തിരമായി പ്രധാനപ്പെട്ട സർജറി വേണമെന്നും നഖ്‌വി പ്രതികരിച്ചു. ഗ്രൂപ്പ് എയിൽ അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ട പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവലിൻ്റെ വക്കിലാണ്.
“വിജയവഴിയിൽ തിരികെയെത്താൻ ടീമിന് മൈനർ സർജറിയേ ആവശ്യമുള്ളു എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ, ടീമിന് വലിയ ശസ്ത്രക്രിയ വേണമെന്നത് ഇന്ത്യക്കെതിരായ പോരാട്ടത്തോടെ പ്രത്യക്ഷമായി. യുഎസ്എയോട് പരാജയപ്പെട്ട രീതി അങ്ങേയറ്റം നിരാശപ്പെടുത്തുന്നതായിരുന്നെങ്കിൽ ഇന്ത്യക്കെതിരായ തോൽവി അതിലും കടുപ്പമായി.”- പിസിബി ചെയർമാൻ പറഞ്ഞു.
ഇതും വായിക്കൂ
എന്തുകൊണ്ടാണ് ഈ ടീം മികച്ച പ്രകടനം നടത്താത്തതെന്ന് പലരും ചോദിക്കുന്നുണ്ട്. ടീമിന് ലോകകപ്പിലെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. എല്ലാ വശങ്ങളെപ്പറ്റിയും വൈകാതെ ചിന്തിക്കും. ഇന്ത്യയ്ക്കും അയർലൻഡിനുമെതിരായ മത്സരങ്ങളിൽ അമേരിക്ക പരാജയപ്പെടുമെന്നാണ് കരുതുന്നത്. അയർലൻഡിനോടും കാനഡയോടും വലിയ മാർജിനിൽ വിജയിക്കാൻ ടീമിനു കഴിയുമെന്നും കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു കുഞ്ഞന്മാരായ യുഎസ്എ അമേരിക്കയ്ക്കെതിരെ നേടിയ വിജയം. ഇതോടെ ഗ്രൂപ്പ് എയിലെ സമകാവ്യം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്താനും അനായാസം അടുത്ത റൗണ്ടിലെത്തുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും യുഎസ്എയുടെ അട്ടിമറി പാകിസ്താൻ്റെ സ്ഥാനം തുലാസിലാക്കിയിരിക്കുകയാണ്.
സൂപ്പർ ഓവറിലാണ് അമേരിക്ക പാകിസ്താനെതിരെ ഐതിഹാസിക വിജയം നേടിയത്. ഇതോടെ പാകിസ്താനു മേൽ സമ്മർദ്ദമായി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരായ പോരാട്ടമായിരുന്നു അവർക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ഈ മത്സരം വിജയിക്കുക എന്നതിൽ പാകിസ്താന് അധിക സമ്മർദ്ദമായി. ബൗളിംഗിൽ ഇന്ത്യയെ 119ന് ഒതുക്കാനായെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. നാല് പോയിൻ്റാണ് ഇന്ത്യക്കുള്ളത്. രണ്ട് മത്സരങ്ങൾ വിജയിച്ച യുഎസ്എയ്ക്കും നാല് പോയിൻ്റുണ്ട്. എന്നാൽ, മികച്ച റൺ റേറ്റ് ഇന്ത്യയെ ഒന്നാമതെത്തിക്കുകയായിരുന്നു. ഇന്ത്യക്ക് ഇനി അമേരിക്കയും കാനഡയുമാണ് എതിരാളികൾ. ഈ രണ്ട് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഇന്ത്യ തന്നെ ഒന്നാമത് എത്താനാണ് സാധ്യത. അമേരിക്ക ഇന്ത്യയെക്കൂടാതെ അയർലൻഡിനെയും നേരിടും. കാനഡയും പാകിസ്താനുമാണ് പാകിസ്താൻ്റെ എതിരാളികൾ. അമേരിക്ക ഇനിയുള്ള രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും പാകിസ്താൻ ഉയർന്ന മാർജിനിൽ രണ്ട് മത്സരങ്ങളും വിജയിക്കുകയും ചെയ്താൽ മാത്രമേ പാകിസ്താന് അടുത്ത റൗണ്ടിലേക്ക് സാധ്യതയുള്ളൂ.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് പുറത്തായി. 42 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യൻ നിരയിൽ ആകെ മൂന്ന് പേർക്കേ ഇരട്ടയക്കം കടക്കാൻ സാധിച്ചുള്ളൂ. പാകിസ്താന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ പാകിസ്താൻ്റെ ഇന്നിംഗ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 113 റൺസിന് അവസാനിച്ചു. 31 റൺസ് നേടി മുഹമ്മദ് റിസ്‌വാൻ ടോപ്പ് സ്കോററായപ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.