Paris Olympics 2024 : മൂന്ന് മലയാളി താരങ്ങൾ അടങ്ങുന്ന ഇന്ത്യയുടെ പുരുഷ റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത; വനിതകളും പാരീസിലേക്ക്
Indian Team For Paris Olympics : ഇതോടെ നീരജ് ചോപ്ര ഉൾപ്പെടെ പാരിസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ അത്ലെറ്റിക്സ് താരങ്ങളുടെ എണ്ണം 19 ആയി
മൂന്ന് മലയാളി താരങ്ങൾ അടങ്ങുന്ന ഇന്ത്യയുടെ 4X400 മീറ്റർ റിലെ പുരുഷ ടീമിന് പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത. ലോക അത്ലെറ്റിക് റിലെയിലെ മികച്ച പ്രകടനത്തിലൂടെയാണ് പുരുഷ ടീം ഒളിമ്പിക്സ് യോഗ്യത നേടിയത്. മലയാളി താരങ്ങളായ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ എന്നിവർക്ക് പുറമെ ആരോഗ്യ രാജീവാണ് പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ടീം. പുരുഷ സംഘത്തിന് പുറമെ ഇതെ ഇനത്തിൽ ഇന്ത്യയുടെ വനിത ടീമും ഒളിമ്പിക്സ് യോഗ്യത നേടി.
ലോക അത്ലെറ്റിക്സ് റിലെയുടെ രണ്ടാം റൗണ്ട് ഹീറ്റ്സിൽ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യൻ പുരുഷ സംഘം പാരീസിലേക്ക് ടിക്കറ്റെടുത്തത്. മൂന്ന് മിനിറ്റ് 3.23 സെക്കൻഡുകൾ ദൈർഘ്യമെടുത്താണ് ഇന്ത്യൻ ടീം ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തത്. അമേരിക്കയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 2.59.95 മിനിറ്റെടുത്താണ് അമേരിക്ക ഫിനിഷ് ചെയ്തത്. രണ്ടാം റൗണ്ടിലെ മൂന്ന് ഹീറ്റ്സുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് ഒളിമ്പിക്സ് യോഗ്യത നേടാനാകുക.
പാരീസിലേക്ക് ഇന്ത്യൻ വനിത സംഘവും
രൂപാൽ ചൗധരി, എം ആർ പൂവമ്മ, ജ്യോതിക ശ്രീ ദണ്ഡി, ശുഭ വെങ്കടേശൻ എന്നിവർ അടങ്ങുന്ന ഇന്ത്യയുടെ വനിത ടീമാണ് 4X400 മീറ്റർ റിലെയിൽ ഒളിമ്പിക്സ് യോഗ്യത നേടിയത്. രണ്ടാം റൗണ്ട് ഹീറ്റ്സിൽ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യയുടെ വനിത സംഘവും പാരീസിലേക്ക് യോഗ്യത നേടിയത്. ഹീറ്റ്സിൽ ജമൈക്കയ്ക്ക് പിന്നിലായി മൂന്ന് മിനിറ്റ് 29.35 സക്കൻഡ് ദൈർഘ്യമെടുത്താണ് ഇന്ത്യൻ വനിത ടീം ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തത്. 3.28.54 സമയമെടുത്താണ് ജമൈക്കൻ ടീം ഒന്നാം സ്ഥാനം കണ്ടെത്തിയത്.
ഇതുവരെ യോഗ്യത നേടിയത് 19 അത്ലെറ്റിക്സ് താരങ്ങൾ
ജൂലൈ 26നാണ് പാരീസ് ഒളിമ്പിക്സ് തുടക്കമാകു. രണ്ടാഴ്ചയിൽ അധികം നീണ്ട് നിൽക്കുന്ന കായിക മാമാങ്കത്തിന് ഓഗസ്റ്റ് 11ന് തിരശ്ശീല വീഴും. ഇന്ത്യയുടെ രണ്ട് റിലെ ടീമുകളും കൂടി യോഗ്യത കണ്ടെത്തിയതോടെ പാരീസ് ഒളിമ്പിക്സിന് ടിക്കറ്റെടുത്ത ഇന്ത്യൻ അത്ലെറ്റിക്സ് താരങ്ങളുടെ എണ്ണം 19 ആയി. ഈ സംഘത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ ജാവലിനിൽ സ്വർണം നേടിയ നീരജ് ചോപ്രയും ഉൾപ്പെടുന്നു. ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് പാരീസിൽ ട്രാക്ക് ൻഡ് ഫീൽഡ് മത്സരങ്ങൾക്ക് തുടക്കമാകുക.