Olympics 2024: പാരീസ് ഒളിമ്പിക്‌സിൻ്റെ ആറാം ദിനം; പ്രതീക്ഷയോടെ ഇന്ത്യ ഇന്നും കളത്തിലിറങ്ങും
Olympics 2024 Updates: ഷൂട്ടിങ്ങിൽ ഇന്നും ഇന്ത്യ പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങുന്നത്. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ സ്വപ്‌നിൽ കുശാലെ ഫൈനലിനിറങ്ങും.
പാരീസ്: പാരീസ് ഒളിമ്പിക്‌സിൻ്റെ (Olympics 2024) ആറാം ദിനത്തിലും പ്രതീക്ഷയോടെ ഇന്ത്യ കളത്തിലിറങ്ങും. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന അത്ലറ്റിക്‌സ് മത്സരങ്ങൾ ഇന്ന് തുടങ്ങുകയാണ്. പുരുഷൻമാരുടെ 20 കി.മീ നടത്തത്തിലാണ് ഇന്ത്യ ഇന്ന് ആദ്യം ഇറങ്ങുക. ആകാശ്ദീപ് സിങ്, വികാഷ് സിങ്, പരംജീത് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. വനിതകളുടെ 20 കി.മീ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി മത്സരിക്കുന്നുണ്ട്.
ഷൂട്ടിങ്ങിൽ ഇന്നും ഇന്ത്യ പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങുന്നത്. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ സ്വപ്‌നിൽ കുശാലെ ഫൈനലിനിറങ്ങും. യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനം നേടിയാണ് സ്വപ്‌നിൽ ഫൈനലിന് യോഗ്യത നേടിയത്. ബാഡ്മിന്റണിൽ നോക്കൗട്ട് മത്സരങ്ങൾക്കും ഇന്ന് തുടക്കമാകും. പി വി സിന്ധു, ലക്ഷ്യ സെൻ, പുരുഷ ഡബിൾസ് ജോഡി സാത്വിക്‌സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യം എന്നിവരാണ് മത്സരത്തിനിറങ്ങുക.
ALSO READ: ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ; ബാഡ്മിൻ്റണിൽ സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിൽ
പുരുഷ സിംഗിൾസ് ബാഡ്മിന്റൻ പ്രീക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ എച്ച്എസ് പ്രണോയിയും ലക്ഷ്യ സെന്നുമാണ് മത്സരിക്കുന്നത്. വിയറ്റ്‌നാം താരം ലീഡക് ഫാറ്റിനെ കീഴടക്കിയാണ് (16-21, 21-11, 21-12) പ്രണോയ് പ്രീക്വാർട്ടറിലെത്തിയത്. ലോക നാലാം നമ്പർ താരം ജൊനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-18, 21-12) തകർത്തായിരുന്നു ലക്ഷ്യ സെന്നിന്റെ മുന്നേറ്റം.