Paralympics 2024 : ജൂഡോയിൽ രാജ്യത്തിൻ്റെ ആദ്യ മെഡലുമായി കപിൽ പർമാർ; ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 25
Paralympics 2024 Kapil Parmar : പാരാലിമ്പിക്സ് ജൂഡോ ചരിത്രത്തിൽ ഇന്ത്യയുടെ കന്നിമെഡൽ നേടിയ കപിൽ പർമാറിൻ്റെ മികവിൽ ഇക്കൊല്ലത്തെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 25 ആയി. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിലൊന്നും ഇന്ത്യക്ക് മെഡൽ നേടാനായില്ലെങ്കിലും പാരാലിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്.
ജൂഡോയിൽ ഇന്ത്യയുടെ ആദ്യ മെഡലുമായി കപിൽ പർമാർ. ഇതോടെ പാരാലിമ്പിക്സിൽ രാജ്യത്തിൻ്റെ ആകെ മെഡൽ നേട്ടം 25 ആയി. പർമാർ ഒഴികെ ബാക്കിയാർക്കും ഇന്നലെ മെഡൽ നേടാനായില്ല. നേരത്തെ അമ്പെയ്ത്തിൽ രാജ്യത്തിനായി ആദ്യ സ്വർണം നേടിയ ഹർവിന്ദർ സിംഗ് മിക്സഡ് റികർവ് ഇനത്തിലെ വെങ്കല മത്സരത്തിൽ പരാജയപ്പെട്ടു. പൂജയ്ക്കൊപ്പമായിരുന്നു ഹർവിന്ദർ മത്സരിച്ചത്. ഭാരോദ്വഹനം, ഷോട്ട് പുട്ട്, 100 മീറ്റർ ടി12 എന്നീ മത്സരങ്ങളിലും ഇന്ത്യക്ക് മെഡൽ ലഭിച്ചില്ല.
60 കിലോ ഗ്രാം ജെ1 ജൂഡോ മത്സരത്തിലാണ് കപിൽ പർമാർ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യത്തെ മെഡൽ സമ്മാനിച്ചത്. വെങ്കല മെഡൽ മത്സരത്തിൽ ബ്രസീലിൻ്റെ എലീറ്റൻ ഡെ ഒലിവിയേരയെ 10-0ന് വീഴ്ത്തിയാണ് കപിലിൻ്റെ ചരിത്രനേട്ടം. ഇതോടെ ആകെ മെഡൽ നിലയിൽ ഇന്ത്യ 16ആമതെത്തി. 5 സ്വർണവും 9 വെള്ളിയും 11 വെങ്കലവുമാണ് ഇന്ത്യയുടെ ആകെ സമ്പാദ്യം. പാരാലിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഇവൻ്റിൻ്റെ ഏഴാം ദിവസമായ സെപ്തംബർ നാലിന് രണ്ട് വീതം സ്വർണവും വെള്ളിയും അടക്കം നാല് മെഡലുകൾ നേടിയ ഇന്ത്യ പോയിൻ്റ് പട്ടികയിൽ 13ആം സ്ഥാനത്തേക്കുയർന്നിരുന്നു. ചരിത്രത്തിലാദ്യമായി പാരാലിമ്പിക്സിൽ ഗോൾഡ് മെഡൽ നേടുന്ന ഇന്ത്യൻ അമ്പെയ്ത്ത് താരമെന്ന റെക്കോർഡ് എയ്തിട്ട് ഹർവിന്ദർ സിംഗ് ആയിരുന്നു ഹീറോ. ടോക്യോ പാരാലിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായിരുന്ന ഹർവിന്ദർ, പുരുഷന്മാരുടെ വ്യക്തിഗത റികർവ് ഓപ്പൺ ഇവൻ്റിലാണ് ചരിത്രമെഴുതിയത്. ഫൈനലിൽ പോളണ്ടിൻ്റെ ലൂക്കാഷ് സിഷെകിനെ അനായാസം മറികടന്ന് ഇന്ത്യൻ താരം സ്വർണം നേടുകയായിരുന്നു. സ്കോർ 6-0.
പുരുഷന്മാരുടെ എഫ്51 ക്ലബ് ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കി. 34.9 മീറ്റർ ദൂരത്തേക്ക് ക്ലബെറിഞ്ഞ് ധരംബീർ ആണ് ഇന്ത്യക്കായി അടുത്ത സ്വർണമെഡൽ നേടിയത്. ഈ പ്രകടനത്തിൽ താരം ഏഷ്യൻ റെക്കോർഡും തകർത്തു. ഇതേയിനത്തിൽ 34.59 മീറ്റർ ദൂരത്തേക്ക് ക്ലബെറിഞ്ഞ മറ്റൊരു ഇന്ത്യൻ താരം പ്രണവ് സൂർമ വെള്ളിമെഡലും സ്വന്തമാക്കി.
പുരുഷന്മാരുടെ എഫ്46 ഷോട്ട്പുട്ടിൽ ലോക ചാമ്പ്യനായ സർജെരാവോ ഖിലാരി വെള്ളി മെഡൽ നേടി. 16.32 മീറ്റർ ദൂരം ഷോട്ട് പുട്ട് എറിഞ്ഞാണ് സർജെരാവോയുടെ മെഡൽ നേട്ടം. വെറും .4 മില്ലിമീറ്റർ അധികം ദൂരം (16.38) കണ്ടെത്തിയ കാനഡയുടെ ഗ്രെഗ് സ്റ്റുവർട്ടിനാണ് ഈയിനത്തിൽ സ്വർണം.
ഇവൻ്റിൻ്റെ ആറാം ദിവസമായ സെപ്തംബർ മൂന്നിന് 5 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ തവണ ടോക്യോ പാരാലിമ്പിക്സിലെ 19 മെഡലുകൾ എന്ന നേട്ടം മറികടന്നിരുന്നു. കഴിഞ്ഞ തവണ വെള്ളിമെഡൽ നേടിയ മാരിയപ്പൻ തങ്കവേലു ഇത്തവണ ഹൈ ജമ്പിൽ വെങ്കലം നേടി. പുരുഷന്മാരുടെ ടി 63 ഹൈ ജമ്പിൽ വെള്ളി നേടിയതും ഇന്ത്യൻ താരമാണ്, ശരദ് കുമാർ. തങ്കവേലു 1.85 മീറ്റർ ദൂരം ചാടി വെങ്കലം സ്വന്തമാക്കിയപ്പോൾ ശരദ് കുമാർ 1.88 മീറ്റർ ദൂരം ചാടി വെള്ളി മെഡൽ നേടി. 1.94 മീറ്റർ ദൂരം ചാടിയ അമേരിക്കൻ താരം എസ്ര ഫ്രെക്കിനാണ് ഈയിനത്തിൽ സ്വർണം.
വനിതകളുടെ ടി20 400 മീറ്റർ ഓട്ടത്തിൽ 55.82 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദീപ്തി ജീവൻജി വെങ്കലമെഡൽ നേടി. ഈയിനത്തിൽ തുർക്കിയുടെ ഐസൽ ഓണ്ടർ (55.23) വെള്ളിയും ഉക്രൈൻ്റെ യൂലിയ ഷൂലിയർ (55.16) സ്വർണവും സ്വന്തമാക്കി. പുരുഷന്മാരുടെ എഫ്46 ജാവലിൻ ത്രോയിലും ഇന്ത്യ രണ്ട് മെഡൽ സ്വന്തമാക്കി. 65.62 മീറ്റർ ദൂരമെറിഞ്ഞ് അജീത് സിംഗ് യാദവ് വെള്ളി നേടിയപ്പോൾ 64.96 മീറ്റർ ദൂരം കണ്ടെത്തിയ സുന്ദർ സിംഗ് ഗുർജാറിനാണ് വെങ്കലം. ഈയിനത്തിൽ 66.14 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച ക്യൂബയുടെ ഗിയ്യെർമോ ഗോൺസാലസിനാണ് സ്വർണം.