Paralympics 2024 : വിട്ടുകൊടുക്കാതെ പൊരുതിയ താരങ്ങൾക്ക് നന്ദി; പാരാലിമ്പിക്സ് ചരിത്രത്തിലേറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ
Paralympics 2024 India Best Ever Medal Tally : പാരാലിമ്പിക്സിൽ 29 മെഡലുമായി ഫിനിഷ് ചെയ്ത് ഇന്ത്യ. ചരിത്രത്തിലേറ്റവും മികച്ച പ്രകടനമാണ് ഇക്കുറി പാരിസിൽ ഇന്ത്യ നടത്തിയത്. ടോക്യോ പാരാലിമ്പിക്സിലെ 19 മെഡലുകൾ എന്ന റെക്കോർഡ് പാരീസിൽ തിരുത്തിയ ഇന്ത്യ 18ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പാരാലിമ്പിക്സ് ചരിത്രത്തിലേറ്റവും മികച്ച പ്രകടനവുമായി ഇന്ത്യ. ഇവൻ്റ് ഇന്ന് അവസാനിക്കെ 29 മെഡലുകളുമായാണ് ഇന്ത്യ പാരീസിൽ നിന്ന് മടങ്ങുക. ഏഴ് സ്വർണവും 9 വെള്ളിയും 13 വെങ്കലവും സഹിതം 18 ആം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ടോക്യോ പാരാലിമ്പിക്സിലെ 19 മെഡലുകൾ എന്ന റെക്കോർഡാണ് പാരീസിൽ ഇന്ത്യ പഴങ്കഥയാക്കിയത്.
ജാവലിൻ ത്രോ എഫ്41 ക്ലാസിഫിക്കേഷനിൽ നവ്ദീപ് സിംഗ് നേടിയ സ്വർണമായിരുന്നു പാരാലിമ്പിക്സിൽ ഇന്ത്യയുടെ അവസാന മെഡൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ 47.32 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ നവദീപിന് ആദ്യം വെള്ളിയാണ് ലഭിച്ചതെങ്കിലും ഒന്നാം സ്ഥാനം നേടിയ ഇറാൻ്റെ സാദേഖ് ബെയ്ത് സയ പെരുമാച്ചട്ടത്തിൻ്റെ പേരിൽ പുറത്താക്കപ്പെട്ടതോടെയാണ് ഇന്ത്യൻ താരത്തിന് സ്വർണം ലഭിച്ചത്. 44.72 മീറ്റർ ദൂരം കണ്ടെത്തിയ ചൈനയുടെ ലോക റെക്കോർഡ് ജേതാവ് സൺ പെങ്ഷ്യാങ് വെള്ളി നേടി. 47.64 മീറ്റർ ദൂരം കണ്ടെത്തിയ ഇറാൻ താരം പാരാലിമ്പിക്സ് റെക്കോർഡ് സ്ഥാപിച്ചെങ്കിലും രാഷ്ട്രീയാടയാളമുള്ള പതാക പ്രദർശിപ്പിച്ചതിന് അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു.
Also Read : Paralympics 2024 : ജൂഡോയിൽ രാജ്യത്തിൻ്റെ ആദ്യ മെഡലുമായി കപിൽ പർമാർ; ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 25
ഇന്ത്യയുടെ ആകെ മെഡലുകളിൽ 17 എണ്ണവും ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ലഭിച്ചതാണ്. ഇതിൽ നാലെണ്ണം സ്വർണമെഡലുകളാണ്. പാരാലിമ്പിക്സിൽ രണ്ട് സ്വർണം നേടിയ അവാനി ലെഖാറ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ്. കഴിഞ്ഞ തവണ 10 മീറ്റർ എയർ റൈഫിളിൽ നേടിയ സ്വർണം നിലനിർത്താൻ ലെഖാറയ്ക്ക് സാധിച്ചു. ഇതായിരുന്നു ഇക്കൊല്ലം ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ. ജാവലിൻ താരം സുമിറ്റ് അൻ്റിലും ടോക്യോയിലെ തൻ്റെ സ്വർണം നിലനിർത്തി. 70.59 മീറ്റർ ദൂരം ജാവലിനെറിഞ്ഞ താരം എഫ്64 ഇവൻ്റിലെ പുതിയ പാരാലിമ്പിക്സ് റെക്കോർഡ് സ്ഥാപിച്ചാണ് സ്വർണനേട്ടത്തിലെത്തിയത്. കഴിഞ്ഞ തവണ ടോക്യോയിൽ സ്ഥാപിച്ച സ്വന്തം റെക്കോർഡാണ് സുമിത് തകർത്തത്. സുമിത് ആണ് രണ്ട് പാരാലിമ്പിക്സ് സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം.
പാരാലിമ്പിക്സിലാദ്യമായി ഒരു ഇവൻ്റിൽ ഇന്ത്യ സ്വർണവും വെള്ളിയും നേടുന്നതും ഇത്തവണ കണ്ടു. ക്ലബ് ത്രോ എഫ്51 ഇവൻ്റിൽ ധരംബീറും പർണവ് സൂർമയുമാണ് യഥാക്രമം സ്വർണവും വെള്ളിയും സ്വന്തമാക്കിയത്. ഈ നേട്ടത്തിനിടെ ധരംബീർ ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. പിന്നാലെ ഹൈ ജമ്പ് ടി64 ഇവൻ്റിൽ ഏഷ്യൻ റെക്കോർഡ് തകർത്ത് പ്രവീൺ കുമാർ ഇന്ത്യയുടെ ആറാം സ്വർണം നേടി. ഇതോടെ ഇന്ത്യ ഏറ്റവുമധികം ഗോൾഡ് മെഡൽ നേടിയ പാരാലിമ്പിക്സായും ഇത് മാറി.
ടി42 ഹൈജമ്പിൽ വെങ്കലം നേടിയതോടെ മാരിയപ്പൻ തങ്കവേലു തുടരെ മൂന്ന് പാരാലിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറി. 2016 റിയോയിൽ സ്വർണം നേടിയ മാരിയപ്പൻ 2020 ടോക്യോ പാരാലിമ്പിക്സിൽ വെള്ളി നേടിയിരുന്നു. വനിതകളുടെ 100 മീറ്റർ ടി35 റേസിൽ വെങ്കലം നേടിയ പ്രീതി പാൽ ട്രാക്ക് ഇവൻ്റിൽ ഇന്ത്യയുടെ ആദ്യ മെഡൽ കണ്ടെത്തി. ട്രാക്ക് ഇവൻ്റുകളിൽ ആകെ നാല് മെഡൽ നേടാൻ ഇന്ത്യക്ക് ഇത്തവണ സാധിച്ചു.
കൈകളില്ലാതെ മത്സരിച്ച ശീതൾ ദേവി വനിതകളുടെ അമ്പെയ്ത്തിൽ വെള്ളി നേടിയത് ലോകം മുഴുവൻ ആഘോഷിച്ചതാണ്. കാലുകൾ കൊണ്ട് ഉന്നം പിടിച്ച് ബുൾസ് ഐ എയ്യുന്ന ശീതൾ ദേവിയുടെ വിഡിയോ തരംഗമായി. പിന്നീട് മിക്സഡ് അമ്പെയ്ത്ത് യോഗ്യതാ മത്സരത്തിൽ രാകേഷ് കുമാറുമൊത്ത് ലോക റെക്കോർഡ് സ്ഥാപിച്ച ശീതൾ ഇവൻ്റിൽ വെങ്കല മെഡലും സ്വന്തമാക്കി. വെറും 17 വയസ് മാത്രമുള്ള ശീതളാണ് ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പാരാലിമ്പിക്സ് മെഡലിസ്റ്റ്. ശീതൾ ദേവിയിലൂടെ നഷ്ടമായത് ഹർവിന്ദർ സിംഗിലൂടെ ഇന്ത്യ പിന്നീട് സ്വന്തമാക്കി. ടോക്യോ പാരാലിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായിരുന്ന ഹർവിന്ദർ, പുരുഷന്മാരുടെ വ്യക്തിഗത റികർവ് ഓപ്പൺ ഇവൻ്റിൽ സ്വർണം നേടി ചരിത്രമെഴുതി. അമ്പെയ്ത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് താരം ഈ നേട്ടത്തോടെ സ്വന്തമാക്കിയത്.