Paralympics 2024: ഹൈജമ്പിൽ വെള്ളിയും വെങ്കലവും, 400 മീറ്ററിൽ വെങ്കലം; എക്കാലത്തെയും മികച്ച പ്രകടനവുമായി ഇന്ത്യ
Paralympics 5 Medals In September 3 : പാരാലിമ്പിക്സിൽ മികച്ച പ്രകടനം തുടർന്ന് ഇന്ത്യ. ഇവൻ്റിൻ്റെ ആറാം ദിവസമായ സെപ്തംബർ മൂന്നിന് അഞ്ച് മെഡലുകൾ കൂടി നേടിയ ഇന്ത്യ ആകെ മെഡൽ നില 20 ആക്കി ഉയർത്തി. ഇത് പാരാലിമ്പിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണ്.
പാരാലിമ്പിക്സിൽ എക്കാലത്തെയും മികച്ച പ്രകടനവുമായി ഇന്ത്യ. ഇവൻ്റിൻ്റെ ആറാം ദിവസമായ സെപ്തംബർ മൂന്നിന് 5 മെഡലുകൾ വാരിക്കൂട്ടിയ ഇന്ത്യ ആകെ മെഡൽ 20 ആക്കി ഉയർത്തി. കഴിഞ്ഞ തവണ ടോക്യോയിൽ നടന്ന പാരാലിമ്പിക്സിൽ നേടിയ 19 മെഡലുകൾ എന്ന റെക്കോർഡ് പ്രകടനമാണ് ഇന്ത്യ മറികടന്നത്.
കഴിഞ്ഞ തവണ വെള്ളിമെഡൽ നേടിയ മാരിയപ്പൻ തങ്കവേലു ഇത്തവണ ഹൈ ജമ്പിൽ വെങ്കലം നേടി. പുരുഷന്മാരുടെ ടി 63 ഹൈ ജമ്പിൽ വെള്ളി നേടിയതും ഇന്ത്യൻ താരമാണ്, ശരദ് കുമാർ. തങ്കവേലു 1.85 മീറ്റർ ദൂരം ചാടി വെങ്കലം സ്വന്തമാക്കിയപ്പോൾ ശരദ് കുമാർ 1.88 മീറ്റർ ദൂരം ചാടി വെള്ളി മെഡൽ നേടി. 1.94 മീറ്റർ ദൂരം ചാടിയ അമേരിക്കൻ താരം എസ്ര ഫ്രെക്കിനാണ് ഈയിനത്തിൽ സ്വർണം.
Also Read : Paralympics 2024 : പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഇന്നലെ മാത്രം നേടിയത് എട്ട് മെഡലുകൾ
വനിതകളുടെ ടി20 400 മീറ്റർ ഓട്ടത്തിൽ 55.82 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദീപ്തി ജീവൻജി വെങ്കലമെഡൽ നേടി. ഈയിനത്തിൽ തുർക്കിയുടെ ഐസൽ ഓണ്ടർ (55.23) വെള്ളിയും ഉക്രൈൻ്റെ യൂലിയ ഷൂലിയർ (55.16) സ്വർണവും സ്വന്തമാക്കി. പുരുഷന്മാരുടെ എഫ്46 ജാവലിൻ ത്രോയിലും ഇന്ത്യ രണ്ട് മെഡൽ സ്വന്തമാക്കി. 65.62 മീറ്റർ ദൂരമെറിഞ്ഞ് അജീത് സിംഗ് യാദവ് വെള്ളി നേടിയപ്പോൾ 64.96 മീറ്റർ ദൂരം കണ്ടെത്തിയ സുന്ദർ സിംഗ് ഗുർജാറിനാണ് വെങ്കലം. ഈയിനത്തിൽ 66.14 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച ക്യൂബയുടെ ഗിയ്യെർമോ ഗോൺസാലസിനാണ് സ്വർണം.
ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ 20 മെഡലുകളായി. 3 സ്വർണവും ഏഴ് വെള്ളിയും 20 വെങ്കലവുമുള്ള ഇന്ത്യ മെഡൽ പട്ടികയിൽ 19ആം സ്ഥാനത്താണ്.
ഇന്നലെ 8 സ്വർണമാണ് ഇന്ത്യ വാരിയത്. ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻ ത്രോ താരം സുമിത് അൻ്റിൽ റെക്കോർഡ് തകർത്ത് വീണ്ടും പാരിസിൽ സ്വർണം നിലനിർത്തി. തൻ്റെ തന്നെ പാരാലിമ്പിക്സ് റെക്കോർഡ് രണ്ട് തവണ തകർത്ത സുമിത് 70.59 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് റെക്കോർഡോടെ സ്വർണം നേടിയത്. ടോക്യോയിൽ മൂന്ന് തവണ റെക്കോർഡ് തകർത്ത സുമിത് 68.55 മീറ്റർ ദൂരം കണ്ടെത്തിയാണ് ചാമ്പ്യനായിരുന്നത്.
പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ യോഗേഷ് കത്തൂനിയ തൻ്റെ രണ്ടാം പാരാലിമ്പിക്സ് മെഡൽ സ്വന്തമാക്കി. സീസൺ ബെസ്റ്റായ 42.22 മീറ്റർ ദൂരത്തേക്ക് ഡിസ്കസ് എറിഞ്ഞ യോഗേഷ് വെള്ളിമെഡൽ സ്വന്തമാക്കി. തൻ്റെ ആദ്യ ത്രോ ആയിരുന്നു മെഡലിലേക്കുള്ള ഏറ്. ടോക്യോയിലും താരം വെള്ളിമെഡൽ നേടിയിരുന്നു.
പുരുഷന്മാരുടെ ബാഡ്മിൻ്റൺ എസ്എൽ3 സിംഗിൾസിൽ നിതേഷ് കുമാർ സ്വർണം നേടി. ഗ്രേറ്റ് ബ്രിട്ടണിൻ്റെ ഡാനിയൽ ബെതലിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് നിതേഷ് കീഴടക്കിയത്. മൂന്ന് സെറ്റുകൾ നീണ്ട മാരത്തൺ പോരാട്ടത്തിൽ 21-14, 18-21, 23-21 എന്ന സ്കോറിനായിരുന്നു താരത്തിൻ്റെ വിജയം. മുൻപ് 9 തവണ ബെതലിനെതിരെ കളിച്ചപ്പോഴും ഒരു തവണ പോലും വിജയിക്കാൻ നിതേഷിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ ആ നേട്ടത്തോടൊപ്പം സ്വർണമെഡൽ നേടാനും താരത്തിനായി.
വനിതാ സിംഗിൾസ് എസ്‌യു5 ബാഡ്മിൻ്റണിൽ മനീഷ രാംദാസ് വെങ്കലം നേടി. 19കാരിയായ മനീഷ ഡെന്മാർക്കിൻ്റെ കാതറിൻ റോസൻഗ്രീനെ തകർത്തെറിഞ്ഞാണ് വെങ്കലം നേടിയത്. വെറും 25 മിനിട്ട് നീണ്ട മത്സരത്തിൽ 21-12, 21-8 എന്ന സ്കോറിനായിരുന്നു താരത്തിൻ്റെ വിജയം.
Also Read : Kerala Blasters: ദിമിയ്ക്ക് പകരക്കാരൻ റെഡി; സ്പാനിഷ് താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്, റിപ്പോർട്ട്
ഇതേയിനത്തിൽ തുളസീമതി മുരുഗേശൻ വെള്ളി മെഡൽ നേടി. നിലവിലെ ജേതാവായ ചൈനീസ് താരം യാങ് ക്യുഷ്യയെ ഫൈനലിൽ നേരിട്ട തുളസീമതി രണ്ട് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ പരാജയം സമ്മതിക്കുകയായിരുന്നു. വെറും 30 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തിൽ 21-17, 21-10 എന്ന സ്കോറിനായിരുന്നു ചൈനീസ് താരത്തിൻ്റെ ജയം.
പുരുഷ സിംഗിൾസ് എസ്എൽ4 ബാഡ്മിൻ്റണിൽ സുഹാസ് യതിരാജ് വെള്ളി നേടി. ഫ്രാൻസിൻ്റെ ലൂക്കാസ് മാസുറിനെയാണ് ഫൈനലിൽ സുഹാസ് നേരിട്ടത്. 34 മിനിട്ട് മാത്രം നീണ്ടുനിന്ന പോരിൽ 21-9, 21-13 എന്ന സ്കോറിന് ഫ്രഞ്ച് താരം വിജയം നേടി. ഇതോടെ സുഹാസിന് വെള്ളി.
അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ ശീതൾ ദേവി – രാകേഷ് കുമാർ സഖ്യം വെങ്കലം നേടി. ഇറ്റാലിയൻ സഖ്യത്തിനെതിരെ 156-155 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിൻ്റെ ജയം. ഇതോടെ ആകെ സ്കോറിൽ പാരാലിമ്പിക്സ് റെക്കോർഡിനൊപ്പമെത്താനും ഇന്ത്യക്ക് സാധിച്ചു. ടോക്യോയിൽ തുർക്കിയാണ് മുൻപ് മിക്സഡ് ടീം അമ്പെയ്ത്തിൽ 156 എന്ന സ്കോറിലെത്തിയത്.
വനിതാ സിംഗിൾസ് എസ്എച്ച്6 ബാഡ്മിൻ്റണിൽ നിത്യ ശ്രീ ശിവൻ വെങ്കല മെഡൽ നേടി. ഇൻഡോനേഷ്യയുടെ റിന മാർലീനയെ 21-14, 21-6 എന്ന സ്കോറിന് വീഴ്ത്തിയാണ് നിത്യ വെങ്കല നേട്ടം സ്വന്തമാക്കിയത്.