India vs Pakistan T20 : ഇന്ത്യ- പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാൻ ട്രാക്ടർ വിറ്റു, രണ്ടര ലക്ഷം രൂപ മുടക്കി ആരാധകന് കാണേണ്ടിവന്നത് പാകിസ്താൻ്റെ പരാജയം
Pakistan Fan Sold Tractor To Buy Ticket For India vs Pakistan : ഇന്ത്യക്കെതിരായ പാകിസ്താൻ്റെ മത്സരം കാണാനുള്ള ടിക്കറ്റ് ട്രാക്ടർ വിറ്റ് വാങ്ങിയ ആരാധകൻ്റെ ഹൃദയം തകർത്ത് പാകിസ്താൻ്റെ പരാജയം. ഏതാണ്ട് രണ്ടര ലക്ഷം രൂപയായിരുന്നു ടിക്കറ്റിൻ്റെ വില.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിൻ്റെ ടിക്കറ്റ് വാങ്ങാൻ ട്രാക്ടർ വിറ്റ പാക് ആരാധകന് കാണേണ്ടിവന്നത് സ്വന്തം ടീമിൻ്റെ ദയനീയ പരാജയം. മത്സരത്തിനു ശേഷം വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുന്നതിനിടെയാണ് ആരാധകൻ മനസുതുറന്നത്. ഇന്നലെ നടന്ന മത്സരത്തിൽ 6 റൺസിനായിരുന്നു പാകിസ്താൻ്റെ പരാജയം.
“3000 ഡോളർ വിലവരുന്ന ടിക്കറ്റ് വാങ്ങാൻ എനിക്ക് ട്രാക്ടർ വിൽക്കേണ്ടിവന്നു. ഇന്ത്യയുടെ സ്കോർ കണ്ടപ്പോൾ, കളി നമ്മൾ തോൽക്കുമെന്ന് വിചാരിച്ചില്ല. നേടാൻ കഴിയുന്ന സ്കോറാണെന്നാണ് കരുതിയത്. കളി നമ്മുടെ കയ്യിലായിരുന്നു. പക്ഷേ, ബാബർ അസം പുറത്തായതോടെ ആളുകൾ നിരാശരായി. ഞാൻ ഇന്ത്യൻ ആരാധകരെ അഭിനന്ദിക്കുന്നു.”- ആരാധകൻ പ്രതികരിച്ചു.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറിൽ 119 റൺസിന് പുറത്തായി. 42 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഇന്ത്യൻ നിരയിൽ ആകെ മൂന്ന് പേർക്കേ ഇരട്ടയക്കം കടക്കാൻ സാധിച്ചുള്ളൂ. പാകിസ്താന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ പാകിസ്താൻ്റെ ഇന്നിംഗ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 113 റൺസിന് അവസാനിച്ചു. 31 റൺസ് നേടി മുഹമ്മദ് റിസ്‌വാൻ ടോപ്പ് സ്കോററായപ്പോൾ ജസ്പ്രീത് ബുംറ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടി20 ലോകകപ്പിൽ സർപ്രസുകൾ തുടരുകയാണ്. ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു കുഞ്ഞന്മാരായ യുഎസ്എ അമേരിക്കയ്ക്കെതിരെ നേടിയ വിജയം. ഇതോടെ ഗ്രൂപ്പ് എയിലെ സമകാവ്യം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്താനും അനായാസം അടുത്ത റൗണ്ടിലെത്തുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും യുഎസ്എയുടെ അട്ടിമറി പാകിസ്താൻ്റെ സ്ഥാനം തുലാസിലാക്കിയിരിക്കുകയാണ്.
സൂപ്പർ ഓവറിലാണ് അമേരിക്ക പാകിസ്താനെതിരെ ഐതിഹാസിക വിജയം നേടിയത്. ഇതോടെ പാകിസ്താനു മേൽ സമ്മർദ്ദമായി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്ത്യയ്ക്കെതിരായ പോരാട്ടമായിരുന്നു അവർക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ഈ മത്സരം വിജയിക്കുക എന്നതിൽ പാകിസ്താന് അധിക സമ്മർദ്ദമായി. ബൗളിംഗിൽ ഇന്ത്യയെ 119ന് ഒതുക്കാനായെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. നാല് പോയിൻ്റാണ് ഇന്ത്യക്കുള്ളത്. രണ്ട് മത്സരങ്ങൾ വിജയിച്ച യുഎസ്എയ്ക്കും നാല് പോയിൻ്റുണ്ട്. എന്നാൽ, മികച്ച റൺ റേറ്റ് ഇന്ത്യയെ ഒന്നാമതെത്തിക്കുകയായിരുന്നു. ഇന്ത്യക്ക് ഇനി അമേരിക്കയും കാനഡയുമാണ് എതിരാളികൾ. ഈ രണ്ട് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഇന്ത്യ തന്നെ ഒന്നാമത് എത്താനാണ് സാധ്യത. അമേരിക്ക ഇന്ത്യയെക്കൂടാതെ അയർലൻഡിനെയും നേരിടും. കാനഡയും പാകിസ്താനുമാണ് പാകിസ്താൻ്റെ എതിരാളികൾ. അമേരിക്ക ഇനിയുള്ള രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും പാകിസ്താൻ ഉയർന്ന മാർജിനിൽ രണ്ട് മത്സരങ്ങളും വിജയിക്കുകയും ചെയ്താൽ മാത്രമേ പാകിസ്താന് അടുത്ത റൗണ്ടിലേക്ക് സാധ്യതയുള്ളൂ.