Pakistan Cricket Team: കളിക്കാർക്കിടയിൽ ചേർച്ചയില്ല; ബോർഡിൽ അഴിമതിയും നെപ്പോട്ടിസവും; എന്താണ് പാകിസ്താൻ ക്രിക്കറ്റിൽ സംഭവിക്കുന്നത്?
Pakistan Cricket Team Facing Perfomance Issues : പിസിബി അഥവാ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പിടിപ്പുകേടും സ്വജനപക്ഷപാതവും അഴിമതിയും ഉത്തരവാദിത്തമില്ലായ്മയും (നീണ്ടുപോകുന്നു, തത്കാലം ഇത്ര മതി) കാരണം പാകിസ്താൻ ക്രിക്കറ്റിൽ പ്രശ്നങ്ങളൊഴിയുന്നില്ല. ഇതിനിടയിൽ കൂനിന്മേൽ കുരു പോലെ പുതിയ പരിശീലകൻ ഗാരി കേസ്റ്റണിൻ്റെ ചില വെളിപ്പെടുത്തലുകളും. പാകിസ്ഥാൻ ക്രിക്കറ്റ് പെട്ടിരിക്കുകയാണ് മക്കളേ.
പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഇത് കഷ്ടകാലമാണ്. കഴിഞ്ഞ തവണത്തെ ടി20 ലോകകപ്പ് (T20 World Cup) റണ്ണേഴ്സ് അപ്പായ ടീം ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എയോട് വരെ തോറ്റ് പുറത്തായത് (Pakistan Cricket) ആ കഷ്ടകാലത്തിൻ്റെ ഫലപ്രാപ്തി. കഷ്ടകാലമെന്ന് പറയുമ്പോൾ നിർഭാഗ്യമല്ല. ബോർഡിലെ അഴിമതിയും രാഷ്ട്രീയ ഇടപെടലുകളും കളിക്കാർ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയുമൊക്കെച്ചേർന്ന് ഒരു വക പരുവം. ഇങ്ങനെ പോയാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മികച്ച രണ്ടാമത്തെ ടീമെന്ന ഖ്യാതിയും പാകിസ്താന് പതിയെ നഷ്ടമാവാനാണ് സാധ്യത. ബിസിസിഐയുടെ അകമഴിഞ്ഞ പിന്തുണയോടെ ഓസ്ട്രേലിയയെ വരെ തുരത്തി അഫ്ഗാനിസ്ഥാൻ ആ പദവിയിലേക്കെത്തിക്കൊണ്ടിരിക്കുമ്പോൾ, ഒരു കാലത്ത് ലോക ക്രിക്കറ്റിലെ തന്നെ മികച്ച ടീമുകളിൽ ഒന്നായ പാകിസ്താന് സംഭവിക്കുന്നതെന്തെന്ന് പരിശോധിക്കാം.
പാകിസ്താൻ ക്രിക്കറ്റ് ടീമും ദേശീയ പൊളിറ്റിക്സുമായി അഭേദ്യമായ ബന്ധമുണ്ട്. എന്നുവച്ചാൽ, ഭരണ പാർട്ടിയോട് കൂറുള്ള. ഭരണപാർട്ടിക്ക് വേണ്ടപ്പെട്ടവരെയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അടക്കമുള്ള താക്കോൽ സ്ഥാനങ്ങളിലേക്ക് നിയമിക്കുക. കഴിഞ്ഞ തവണ മുൻ ക്യാപ്റ്റനും പിടിഐ പാർട്ടി സ്ഥാപകനുമായ ഇമ്രാൻ ഖാൻ ഭരിച്ചുകൊണ്ടിരുന്നപ്പോൽ റമീസ് രാജ ആയിരുന്നു ചെയർമാൻ. കമൻ്റേറ്ററും മുൻ കളിക്കാരനുമൊക്കെയായ റമീസ് രാജ ചില നല്ല തീരുമാനങ്ങളെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇമ്രാൻ ഖാന് അധികാരം നഷ്ടപ്പെടുകയും പാകിസ്താൻ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പുതിയ ഭരണപക്ഷം രൂപീകരിക്കപ്പെടുകയും ചെയ്തതോടെ നജാം സേഥി ആ സ്ഥാനത്തെത്തി. ഏഴ് മാസത്തിനു ശേഷം സാക്ക അഷ്റഫും ഒടുവിൽ ഇടക്കാല ചെയർമാനായി ഇക്കൊല്ലം ഫെബ്രുവരിയിൽ മുഹ്സിൻ റാസ നഖ്‌വിയും സ്ഥാനമേറ്റതോടെ പിസിബിയെ അധികാര സർക്കസ് അവസാനിച്ചു. ഇതിനിടെയാണ് ക്രിക്കറ്റ് ടീമിൽ പ്രതിസന്ധികൾ രൂക്ഷമാവുന്നത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര അടിയറ വച്ചാണ് പാകിസ്താൻ ടീം ലോകകപ്പിലേക്ക് വിമാനം കയറുന്നത്. ഇതിനിടെ സൂപ്പർ കോച്ച് ഗാരി കേസ്റ്റണെ ടീം പരിശീലകനാക്കി പിസിബി ഒന്ന് നന്നാവാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ലോകകപ്പിലെ ആദ്യ കളി തന്നെ നവാഗതരായ യുഎസ്എയോട് തോറ്റു. പിന്നെ, അഭിമാനപോരാട്ടത്തിൽ ഇന്ത്യയോടും പരാജയം. അങ്ങനെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പെട്ടിയും മടക്കി പാകിസ്താൻ തിരികെ നാട്ടിലേക്ക്. നാട്ടിലേക്ക് പോകാതെ ചിലർ ചിൽ വൈബിൽ ലൈഫ് എഞ്ജോയ് ചെയ്ത് നടന്നു എന്ന വിവാദം വേറെ.
ലോകകപ്പിലേക്ക് പാകിസ്താൻ ടീം എത്തുന്നത് മൂന്ന് വിക്കറ്റ് കീപ്പർമാരുമായാണ്. ഉസ്മാൻ ഖാൻ, അസം ഖാൻ, മുഹമ്മദ് റിസ്‌വാൻ. മുഹമ്മദ് റിസ്‌വാൻ കളിച്ച് തെളിയിച്ച പാകിസ്താൻ്റെ ഏറ്റവും മികച്ച ടി20 ബാറ്റർമാരിൽ ഒരാളാണ്. ഉസ്മാൻ ഖാൻ ഡെസിഗ്നേറ്റഡ് വിക്കറ്റ് കീപ്പറല്ല. അവശേഷിക്കുന്നത് അസം ഖാൻ. അഞ്ച്, ആറ് നമ്പരുകളിലിറങ്ങി വെടിക്കെട്ട് നടത്താൻ കഴിയുന്ന താരം. അതിനു കെല്പുള്ള താരം തന്നെയാണ്. അസം. ആഭ്യന്തര മത്സരങ്ങളിലും പിഎസ്എല്ലിലുമൊക്കെ അസം അത് തെളിയിച്ചിട്ടുമുണ്ട്. എന്നാൽ, രാജ്യാന്തര ക്രിക്കറ്റിനു വേണ്ട ഫിറ്റ്നസും ക്വാളിറ്റിയും അസം ഖാനില്ല. പിന്നെ എങ്ങനെ അസം ടീമിലെത്തി? മുൻ താരവും പരിശീലകനും സെലക്ടറുമായ മൊയീൻ ഖാൻ്റെ മകനാണ് അസം ഖാൻ.
നെപ്പോട്ടിസത്തിലൂടെ വന്ന അസം ഖാനൊപ്പം ഫിനിഷർ റോളിൽ ഫിനിഷ്ഡായ ചാച്ച ഇഫ്തിക്കാർ അഹ്മദും ടീമിൽ തുടരെ ഇടം നേടുന്നുണ്ട്. പാകിസ്താൻ്റെ ഏറ്റവും മികച്ച ടി20 ബാറ്റർ ഫഖർ സമാൻ കളിക്കുന്നത് മൂന്ന്, നാല് നമ്പരുകളിൽ. ഓപ്പണിംഗ് ഇറങ്ങുന്ന റിസ്‌വാനും ബാബറും ചേർന്ന് 15 ഓവറിൽ 100 റൺസെടുക്കും. ബാക്കി അഞ്ചോവർ കൊണ്ട് ബാക്കിയുള്ള ബാറ്റർമാർ ടീമിനെ ഒരു കരയ്ക്കെത്തിക്കണം. അതാണ് പാക് ടീമിൻ്റെ ഒരു ലൈൻ. ടി20 പവർപ്ലേയിൽ എങ്ങനെ ബാറ്റ് ചെയ്യരുതെന്ന് ബാബറിനെയും റിസ്‌വാനെയും കണ്ട് പഠിക്കണം. എന്നിട്ടും ഈ രണ്ട് പേരുമാണ് പാക് ടീമിലെ ഏറ്റവും മികച്ച രണ്ട് ബാറ്റർമാർ. സയിം അയൂബ്, റൊഹൈൽ നാസിർ, മുഹമ്മദ് ഹാരിസ് തുടങ്ങിയ യുവതാരങ്ങൾക്കൊന്നും അവസരം നൽകാതെയാണ് പാകിസ്താൻ്റെ ഈ കൺകെട്ടു വിദ്യ. ഷദാബ് ഖാൻ, ഇമാദ് വാസിം, ഷഹീൻ അഫ്രീദി തുടങ്ങി വളരെ കുറച്ച് ടി20 താരങ്ങളേ പാക് ടീമിലുള്ളൂ. ഇതിനിടയിൽ രാജിവച്ച് തടിതപ്പിയ ബാബർ അസമിനു പകരം ക്യാപ്റ്റനാക്കിയ ഷഹീൻ അഫ്രീദിയെ മാറ്റി പിസിബി വീണ്ടും ബാബറിനെ നിർബന്ധിച്ച് ക്യാപ്റ്റനാക്കി. എന്തിനാണെന്നാർക്കുമറിയില്ല.
ടീമിൽ പ്രതിഭ കുറവാണെന്ന യാഥാർത്ഥ്യത്തിനൊപ്പമാണ് പുതിയ പരിശീലകൻ ഗാരി കേസ്റ്റണിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ടീമിൽ ഐക്യമില്ലെന്നും ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ ഒരിടത്തും കണ്ടിട്ടില്ലെന്നും കേസ്റ്റണെ ഉദ്ധരിച്ച് പാക് ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ലോകം ഞെട്ടിയില്ല. കാരണം, ക്രിക്കറ്റ് ഫോളോ ചെയ്യുന്നവർക്ക് ഇതൊരു സാധാരണ വാർത്തയായിരുന്നു. പാക് ടീമിൽ ഐക്യമില്ല. അവർ അതിനെ ഒരു ടീമെന്ന് വിളിക്കുന്നെങ്കിലും അതൊരു ടീമല്ല. ആരും ആരെയും പിന്തുണയ്ക്കുന്നില്ല. എല്ലാവരും ഒറ്റപ്പെട്ടിരിക്കുകയാണ്. ഞാൻ നിരവധി ടീമിൽ ജോലി ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ എവിടെയും കണ്ടിട്ടില്ല. ഏത് ഷോട്ട് കളിക്കണമെന്ന് ആർക്കുമറിയില്ല എന്ന് പറഞ്ഞ കേസ്റ്റൺ മറ്റൊന്ന് കൂടി കൂട്ടിച്ചേർത്തു, ഫിറ്റ്നസ് മെച്ചപ്പെടുത്താത്ത താരങ്ങൾ ടീമിലുണ്ടാവില്ല. പറഞ്ഞതുപോലെ പ്രവർത്തിക്കാൻ കേസ്റ്റണു കഴിഞ്ഞാൽ ഇപ്പോഴത്തെ ടീമിൽ നിന്ന് അഞ്ച് പേരെങ്കിലും ടി20യിൽ പുറത്തിരിക്കും. പക്ഷേ, പാകിസ്താൻ ക്രിക്കറ്റ് ബോർഡാണ്, പറഞ്ഞതുപോലെ പ്രവർത്തിക്കാൻ പാടാണ്. അപ്പോ എന്തുചെയ്യും? എപ്പോഴും ചെയ്യുന്നതുപോലെ കോച്ചിനെ പുറത്താക്കും. ആ പ്രവണത ശരിയല്ലെന്ന് ചില മുൻ താരങ്ങൾ ആഞ്ഞടിച്ച് പറഞ്ഞെങ്കിലും വേറെന്ത് ചെയ്യാനാണ്. ഇനി മറ്റൊരു വാർത്തയുണ്ട്, പരിശീലകൻ പുറത്താക്കുന്ന താരങ്ങൾക്ക് സെൻട്രൽ കോണ്ട്രാക്ട് നൽകില്ലെന്ന് ബോർഡ് തീരുമാനമെടുത്തു എന്ന്. അത് കൊള്ളാം. അത്തരം കടുത്ത തീരുമാനങ്ങളെടുത്താൽ ബോർഡും പാക് ക്രിക്കറ്റും രക്ഷപ്പെടും.