5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vinesh Phogat: വിനേഷിനോട് രാജ്യം മാപ്പ് പറയുമോ? സമരവീഥിയിലെ പോരാട്ടവീര്യം ലോകത്തിന് മുന്നില്‍ പടര്‍ത്തി ഫോഗട്ട്‌

Vinesh Phogat Life Story: സ്ത്രീകളെ സ്‌പോര്‍ട്‌സില്‍ നിന്ന് പതിവായി വിലക്കിയിരുന്ന കാലത്താണ് ഫോഗട്ടിന്റെ രംഗപ്രവേശം. അതുകൊണ്ട് തന്നെ ചുവടുറപ്പിക്കല്‍ അതികഠിനമായിരുന്നു. നിരന്തരമായ പരിശീലനങ്ങളിലൂടെ ഫോഗട്ട് തടസങ്ങളെയെല്ലാം മറികടന്നു.

Vinesh Phogat: വിനേഷിനോട് രാജ്യം മാപ്പ് പറയുമോ? സമരവീഥിയിലെ പോരാട്ടവീര്യം ലോകത്തിന് മുന്നില്‍ പടര്‍ത്തി ഫോഗട്ട്‌
shiji-mk
SHIJI M K | Updated On: 07 Aug 2024 09:52 AM

വിനേഷ് ഫോഗട്ട്, ആ പേരിനോടൊപ്പം എന്തിന് ഇന്ത്യയ്ക്ക് അഭിമാനമെന്ന് പറയണമെന്ന് ചോദിക്കുകയാണ് രാജ്യത്തെ ഓരോ ജനങ്ങളും. രാജ്യം അവരോട് നീതി കാണിച്ചിട്ടില്ല, പിന്നെയെന്തിന് അവരുടെ നേട്ടം രാജ്യത്തിന് അഭിമാനമാകണം. മോദി വിനേഷിനെ അഭിനന്ദിക്കുമോ എന്നും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങളുയരുകയാണ്. രാജ്യത്തെ ഭരണാധികാരികള്‍ കാരണം സമരവീഥിയിലേക്ക് ഇറങ്ങേണ്ടി വന്ന വിനേഷ് രചിക്കാന്‍ പോകുന്നത് പുതുചരിത്രമാണ്. ഒളിമ്പിക്‌സ് സെമിഫൈനല്‍ മത്സരത്തില്‍ ക്യൂബന്‍ താരത്തെ പരാജയപ്പെടുത്തിയാണ് വനിതകളുടെ 50 കിലോഗ്രാം ഗുസ്തി മത്സരത്തില്‍ വിനേഷ് ഫൈനലിലേക്ക് പ്രവേശിച്ചത്.

ആരാണ് വിനേഷ് ഫോഗട്ട്?

1994 ആഗസ്റ്റ് 25ന് ഹരിയാനയിലെ ഭിവാനിയിലാണ് വിനേഷ് ഫോഗട്ടിന്റെ ജനനം. ഒരു ഗുസ്തി കുടുംബത്തില്‍ ജനിച്ച ഫോഗട്ടിന് പരിശീലനം നല്‍കിയത് ഇന്ത്യന്‍ കായികരംഗത്തെ ഗുസ്തി ആചാര്യനും പിതൃസഹോദരനുമായ മഹാവീര്‍ സിങ് ഫോഗട്ടാണ്. അദ്ദേഹം ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് കൂടിയാണ്. മഹാവീറിന്റെ മക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവര്‍ക്കൊപ്പം വളര്‍ന്ന വിനേഷ് തന്നെയായിരുന്നു കൂട്ടത്തിലെ മിടുമിടുക്കി.

തന്റെ ഒന്‍പതാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട വിനേഷിനെ വളര്‍ത്തി വലുതാക്കിയതും മഹാവീര്‍ തന്നെയാണ്. വളര്‍ത്തിയെന്ന് മാത്രമല്ല, ഗുസ്തി ജീവശ്വാസമാക്കുകയും ചെയ്തു.

Also Read: Olympics 2024: ഇനി മെഡലുമായി മടക്കം; ചരിത്രം കുറിച്ച് വിനേഷ് ഫോഗട്ട്, ഗുസ്തിയില്‍ ഫൈനലില്‍

സ്ത്രീകളെ സ്‌പോര്‍ട്‌സില്‍ നിന്ന് പതിവായി വിലക്കിയിരുന്ന കാലത്താണ് ഫോഗട്ടിന്റെ രംഗപ്രവേശം. അതുകൊണ്ട് തന്നെ ചുവടുറപ്പിക്കല്‍ അതികഠിനമായിരുന്നു. നിരന്തരമായ പരിശീലനങ്ങളിലൂടെ ഫോഗട്ട് തടസങ്ങളെയെല്ലാം മറികടന്നു.

2016 റിയോ ഒളിമ്പിക്‌സിലും 2021 ടോക്കിയോ ഒളിമ്പിക്‌സിലും കയ്യെത്തും ദൂരത്ത് നിന്നും മെഡല്‍നേട്ടം വിനേഷിന് നഷ്ടമായി. റിയോ ഒളിമ്പിക്‌സില്‍ 48 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരിക്കേറ്റാണ് വിനേഷ് പുറത്തായത്. ടോക്കിയോയിലെ മത്സരത്തില്‍ 53 കിലോഗ്രാം മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെലാറൂസിന്റെ വനേസ കലാസിന്‍സ്‌കായയ്ക്ക് മുന്നില്‍ വിനേഷിന് മുട്ടുമടക്കേണ്ടി വന്നു.

ഒളിമ്പിക്‌സ് മത്സരത്തിനിടെ അച്ചടക്കലംഘനം നടത്തിയതിന് ദേശീയ ഗുസ്തി ഫെഡറേഷന്‍ വിനേഷിനെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. ഇതേതുടര്‍ന്ന് താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഗുസ്തി അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്നുവെന്നും ഫോഗട്ട് പറഞ്ഞിരുന്നു. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് തന്നെ ഓട്ടക്കാലണ എന്ന് വിളിച്ച് പരിഹസിച്ചതായും ഫോഗട്ട് ആരോപിച്ചിരുന്നു.

സമരവീഥിയില്‍ ഫോഗട്ട്

മുന്‍ ബിജെപി പാര്‍ലമെന്റ് അംഗവും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ 2023 ജനുവരിയിലാണ് കായികതാരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചത്. ഗുസ്തി ഫെഡറേഷന്‍ തങ്ങളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഏഴ് വനിത താരങ്ങളും പ്രായപൂര്‍ത്തിയാകാത്ത ഒരു താരവുമാണ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഉന്നയിച്ചിരുന്നത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ജിതേന്ദര്‍ കിന്‍ഹ തുടങ്ങി മുപ്പതോളം ഗുസ്തി താരങ്ങള്‍ 2023 ജനുവരി 18 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചു. പിന്നീട് ജനുവരി 20ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ ബ്രിജ് ഭൂഷണെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് മന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ ആ വാക്ക് പാലിക്കാന്‍ കേന്ദ്രം തയാറാകാത്തതോടെ താരങ്ങള്‍ വീണ്ടും ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചു.

Also Read: Olympics 2024: ഹൃദയം നുറുങ്ങുന്ന തോല്‍വി; ജര്‍മനിയോട് പൊരുതി ജയിക്കാനായില്ല, ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി

എന്നാല്‍ തനിക്കെതിരായുള്ള എല്ലാ ആരോപണങ്ങളും രാഷ്ട്രീയപ്രേരിതമാണെന്നാണ് ബ്രിജ് ഭൂഷണ് പറയാനുള്ളത്. പത്തുവര്‍ഷമായിട്ട് അതിക്രമം നേരിടുന്നുണ്ടെങ്കില്‍ ഇപ്പോഴാണോ പരാതി ഉന്നയിക്കേണ്ടതെന്നും കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമാണ് നടക്കുന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞിരുന്നു. പൗരത്വ സമരക്കാലത്തെ ശാഹിന്‍ബാഗ് സമരത്തോടായിരുന്നു ഗുസ്തി താരങ്ങളുടെ സമരത്തെ ബ്രിജ് ഭൂഷണ്‍ ഉപമിച്ചത്.

അന്ന് ബ്രിജ് ഭൂഷണനില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന കുറ്റപ്പെടുത്തലുകളും പരിഹാസ വാക്കുകളും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയും ആ താരങ്ങളെ തെല്ലും തളര്‍ത്തിയില്ലെന്ന് തന്നെ പറയാം. പലര്‍ക്കും തങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങളും സ്ഥാനങ്ങളും വലിച്ചെറിയേണ്ടി വന്നു. എങ്കിലും കുറ്റപ്പെടുത്തിയവര്‍ തന്നെ നിങ്ങളെ വാഴ്ത്തുന്നു…അഭിനന്ദനങ്ങള്‍ ഫോഗട്ട്…നിങ്ങളുടെ സമരവീര്യം ചോര്‍ന്നുപോകാതിരിക്കട്ടെ….

Latest News