Vinesh Phogat : വിനേഷ് ഫോഗട്ടിന് വെള്ളിമെഡൽ ലഭിക്കുമോ?; നിർണായക വിധി ഇന്ന്
Olympics 2024 Vinesh Phogat : വിനേഷ് ഫോഗട്ടിൻ്റെ ഹർജിയിൽ കായിക തർക്ക പരിഹാര കോടതിയുടെ വിധി ഇന്ന്. തനിക്ക് വെള്ളിമെഡലിന് അർഹതയുണ്ടെന്ന ഹർജിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് വിധി പ്രസ്താവം.
ഒളിമ്പിക്സ് ഗുസ്തി ഫൈനൽ പ്രവേശനത്തിന് പിന്നാലെ അയോഗ്യയാക്കപ്പെട്ട നടപടിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് (Vinesh Phogat) നൽകിയ അപ്പീലിൽ വിധി ഇന്ന്. ഫൈനൽ വരെ അനുവദനീയമായ ഭാരമാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ട് തന്നെ വെള്ളിമെഡലിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി വിനേഷ് നൽകിയ ഹർജിയിലാണ് രാജ്യാന്തര കായിക തർക്ക പരിഹാര കോടതി ഇന്ന് വിധി പറയുക. ഇന്ത്യൻ സമയം രാത്രി 9.30നാണ് വിധി പ്രസ്താവം. കായിക തര്‍ക്ക പരിഹാര കോടതി വിനേഷിന് അനുകൂലമായ വിധി പുറപ്പെടുവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വിനേഷ് അടക്കം വെള്ളി മെഡല്‍ രണ്ടുപേര്‍ക്കായി നല്‍കേണ്ടതായി വരും.
ഒരു സിനിമാക്കഥയ്ക്ക് തുല്യമായിരുന്നു പാരിസ് ഒളിമ്പിക്സിൽ വിനേഷിൻ്റെ പ്രകടനം. ലോക ചാമ്പ്യനെയടക്കം അട്ടിമറിച്ച് ഫൈനലിലെത്തിയ വിനേഷ് ഒരു സ്വർണം തന്നെ കൊണ്ടുവരുമെന്നായിരുന്നു രാജ്യത്തിൻ്റെ പ്രതീക്ഷ. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൺ സിംഗിനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൻ്റെ മുന്നണിയിലുണ്ടായിരുന്ന താരമായിരുന്നു വിനേഷ്. അതുകൊണ്ട് തന്നെ വിനേഷിൻ്റെ മുന്നേറ്റം രാഷ്ട്രീയമായിപ്പോലും ചർച്ചയായി.
Also Read : Vinesh Phogat: ‘ഗുഡ് ബൈ റസ്ലിങ്, ഞാൻ തോറ്റു….പൊരുതാൻ ഇനി ആവില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
വനിതകളുടെ 50 കിലോ ഗുസ്തി മത്സരത്തിലാണ് വിനേഷ് മത്സരിച്ചത്. 29കാരിയായ താരത്തിന് അമിതഭാരം കണ്ടെത്തിയ സാഹചര്യത്തിലാണ് സംഘാടകര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയത്. നിശ്ചിത ഭാരത്തില്‍ നിന്നും 100 ഗ്രാം വര്‍ധിച്ചതാണ് അയോഗ്യതയ്ക്ക് കാരണമായത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു വിനേഷ് ഫോഗട്ട്. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അവസാന നിമിഷം മലര്‍ത്തിയടിച്ചുകൊണ്ടാണ് വിനേഷ് ശ്രദ്ധേയയായത്. ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരത്തെയും സെമിഫൈനലില്‍ ക്യൂബ താരത്തെയും തോല്‍പ്പിച്ചാണ് ഫോഗട്ട് ചരിത്രം കുറിച്ചത്. എന്നാല്‍ ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രാജ്യത്തിന്റെ സ്വര്‍ണ പ്രതീക്ഷ ഇല്ലാതായി.
റിപ്പോർട്ടുകൾ പ്രകാരം വിനേഷ് ഫോഗട്ടിന് മത്സരത്തിന് തലേദിവസം രേഖപ്പെടുത്തിയത് 52 കിലോയാണ്. നിശ്ചിത ഭാരത്തിൽ നിന്നും രണ്ട് കിലോ അധികം. ഈ ഭാരം കുറിയ്ക്കാൻ ഇന്ത്യൻ ഗുസ്തി താരത്തിൻ്റെ പക്കൽ ഉണ്ടായിരുന്നത് ഒരു രാത്രി മാത്രമായിരുന്നു. ശരീരഭാരം ക്രമപ്പെടുത്തുന്നതിനായി ഫോഗട്ട് സൈക്ക്ലിങ്ങും, സ്കിപ്പിങ്ങും അമിതമായി രാത്രിയിൽ ചെയ്തു. വെള്ളം പോലും കുടിക്കാതെയാണ് താരം ശരീരഭാരം 50 കിലോയിലേക്കെത്തിക്കാൻ ശ്രമിച്ചതെന്നാണ് സ്പോർ്ട്ട് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.
Also Read : Vinesh Phogat: യോഗ്യത നേടുന്നതിൽ വിനേഷിന്റെ ഭാഗത്തും തെറ്റുണ്ട്: ബിജെപി എംപി സൈന നെഹ്‌വാൾ
ഓഗസ്റ്റ് ഏഴാം തീയതി രാവിലെ 49.9 കിലോയായിരുന്നു വിനേഷ് ഫോഗട്ടിൻ്റെ ശരീരഭാരം. സാധാരണയായി താരത്തിൻ്റെ ശരീരഭാരം 57 കിലോയോളം വരും. മത്സരത്തിന് വേണ്ടി ഫോഗട്ട് കഠിന പ്രയത്നത്തിലൂടെ ഈ ഭാരം 50 കിലോയാക്കി ക്രമീകരിക്കും. ഗുസ്തി ഫെഡറേഷൻ്റെ നിയമപ്രകാരം മത്സരം ആരംഭിച്ച് രണ്ടാം നാൾ ഈ ഭാരം നിലനിർത്തണം. ക്വാർട്ടർ മത്സരത്തിന് ശേഷം താരം ആകെ കഴിച്ചത് ലഘുവായ ഭക്ഷണം മാത്രമാണ്. സെമി ഫൈനലിന് ശേഷം ഫോഗട്ടിൻ്റെ ശരീരഭാരം 52.7 കിലോയായി. ഇത് കുറയ്ക്കാനായി രാത്രിയിൽ ഉടനീളം പരിശ്രമിച്ചു. വെള്ളവും ഭക്ഷണവും ഒഴിവാക്കിയായിരുന്നു ഫോഗട്ടിൻ്റെ ശ്രമം. എന്നാൽ രാവിലെ ഭാരം നോക്കിയപ്പോൾ 50.1 മാത്രമെ കുറയ്ക്കാനായുള്ളൂയെന്ന് ഇന്ത്യൻ ഗുസ്തി ക്യാമ്പിനെ ഉദ്ധരിച്ചുകൊണ്ട് സ്പോർട്ട്സ്റ്റാർ റിപ്പോർട്ട് ചെയ്തു.
ഒളിമ്പിക്‌സ് അയോഗ്യതയ്ക്ക് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ‘ഗുഡ് ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല, സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു,’ എന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചുകൊണ്ടാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘അമ്മേ, ഗുസ്തി വിജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു. ഇതില്‍ കൂടുതല്‍ പൊരുതാനുള്ള ശക്തി എനിക്കില്ല’, എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് പറയുന്നു.