Olympics 2024: ഇനി 16 നാൾ മത്സരങ്ങളുടെ ഉത്സവം..; ഒളിമ്പിക്സിന് ഇന്ന് ഔദ്യോഗിക തുടക്കം
Olympics 2024 Inauguration: ഒളിമ്പിക്സിന്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനം തുറന്നവേദിയിൽ നടത്തുന്നത്. സെൻ നദിയിലൂടെയാണ് താരങ്ങളുടെ മാർച്ചുപാസ്റ്റ് നടക്കുക.
പാരീസ് : ഒളിമ്പിക്സിന്റെ 33-ാം (Olympics) പതിപ്പിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കം. 206 രാജ്യങ്ങളിലെ 10,500 കായികതാരങ്ങളാണ് അരങ്ങിലെത്തുന്നത്. ഒളിമ്പിക്സിന്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക്സിന്റെ ഉദ്ഘാടനം തുറന്നവേദിയിൽ നടത്തുന്നത്. സെൻ നദിയിലൂടെയാണ് താരങ്ങളുടെ മാർച്ചുപാസ്റ്റ് നടക്കുക. തുടർന്ന് ഈഫൽ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്ന ഉദ്ഘാടനച്ചടങ്ങ് നടക്കും.
ഇതിന് പിന്നാലെ പാരീസിന്റെയും ഫ്രാൻസിന്റെയും കലാ-സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന കലാപരിപാടികളുമുണ്ടാകും. ഇന്ത്യൻ സമയം രാത്രി 11-നാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങുക. ഒളിമ്പിക്‌സിന്റെ ആർട്ട് ഡയറക്ടർ ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ്. സുരക്ഷാഭീഷണിയുള്ളതിനാൽ പലതും പുറത്തുവിട്ടിട്ടില്ല. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും.
ALSO READ: അർജൻ്റീന – മൊറോക്കോ മത്സരത്തിൽ നാടകീയത; ഗ്രൗണ്ട് കയ്യേറി ആരാധകർ : വിഡിയോ
എന്നാൽ ഇന്നലെ പുരുഷ ഫുട്ബോളോടെ മത്സരങ്ങൾ ആരംഭിച്ചിരുന്നു. ആദ്യ ദിവസം, ആദ്യ ഇവൻ്റിൽ തന്നെ വിവാദവുമുണ്ടാകുകയും ചെയ്തു. അർജൻ്റീന നേടിയ ഗോൾ രണ്ട് മണിക്കൂറിന് ശേഷം റദ്ദാക്കി മൊറോക്കോയെ വിജയിയായി പ്രഖ്യാപിച്ചതാണ് വിവാദമുണ്ടാക്കിയത്.
ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ്. അമ്പെയ്ത്തിൽ പുരുഷ വനിതാ ടീമുകൾ ക്വാർട്ടറിലെത്തി. യോഗ്യത റൗണ്ടിൽ 2013 പോയൻറ് നേടിയാണ് ഇന്ത്യൻ പുരുഷ സംഘം മുന്നേറിയത്. മൂന്നാം സ്ഥാനത്താണ് ധീരജ് ബൊമ്മദേവര, തരൂൺദീവ് റായ്, പ്രവീൺ ജാധവ് സംഘം ഫിനിഷ് ചെയ്തത്. ദക്ഷിണ കൊറിയ ഒന്നാമതും ഫ്രാൻസ് രണ്ടാമതുമെത്തി. നാലാം സ്ഥാനത്തെത്തിയ ചൈനയും ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടി.