Olympics 2024: ഹൃദയം നുറുങ്ങുന്ന തോല്‍വി; ജര്‍മനിയോട് പൊരുതി ജയിക്കാനായില്ല, ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി
Hockey Semifinals India VS Germany: രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ഗോളവസരം ലഭിച്ചിരുന്നു. പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ഇന്ത്യയുടെ ഗോള്‍ ശ്രമം ജര്‍മന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. പിന്നീട് ഇന്ത്യയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാന്‍ സാധിച്ചില്ല.
പാരിസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കി മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഫൈനല്‍ കളിക്കാനുള്ള ഇന്ത്യയുടെ 44 വര്‍ഷത്തെ കാത്തിരിപ്പ് ഇനിയും നീളും. ഈ വര്‍ഷമെങ്കിലും ആ കാത്തിരിപ്പിന് വിരാമമിടാമെന്ന ഇന്ത്യയുടെ മോഹം ജര്‍മനിക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ജര്‍മനിയോട് പൊരുതി ജയിക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍വി സമ്മതിച്ചു.
ആദ്യ ക്വാര്‍ട്ടറില്‍ ലീഡെടുത്ത ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച ജര്‍മനി ലീഡെടുത്തു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ സമനില ഗോള്‍ കണ്ടെത്തി ഇന്ത്യ ഒപ്പമെത്തി. എന്നാല്‍ കളി തീരാന്‍ ആറ് മിനിറ്റ് ബാക്കി നില്‍ക്കെ ലീഡെടുത്ത ജര്‍മനിക്കെതിരെ അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില കണ്ടെത്താന്‍ ഇന്ത്യയ്ക്കായില്ല.
ഗോണ്‍സാലോ പെയ്‌ലറ്റ് (18, 57), ക്രിസ്റ്റഫര്‍ റൂര്‍ (27) എന്നിവരാണ് ജര്‍മനിക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ഗോളുകള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36ാം മിനിറ്റ്) എന്നിവരില്‍ നിന്നും പിറന്നു. അവസാന മൂന്ന് മിനിറ്റില്‍ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പുറത്തുപോവേണ്ടിവന്നതും ഇന്ത്യയുടെ തോല്‍വിയെ അടിവരയിട്ടുറപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ഗോളവസരം ലഭിച്ചിരുന്നു. പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ഇന്ത്യയുടെ ഗോള്‍ ശ്രമം ജര്‍മന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. പിന്നീട് ഇന്ത്യയ്ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കാന്‍ സാധിച്ചില്ല. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ സുഖ്ജീത് സിങ്ങിലൂടെ ഇന്ത്യ സമനില ഉറപ്പിച്ചു. അതോടെ സ്‌കോര്‍ 22. നാലാം ക്വാര്‍ട്ടറില്‍ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ സേവുകള്‍ തന്നെയാണ് ഇന്ത്യയെ തുണച്ചത്.
എന്നാല്‍ 57ാം മിനിറ്റില്‍ ഗോണ്‍സാലോ പെയ്‌ലറ്റിന്റെ രണ്ടാം ഗോളില്‍ ജര്‍മനി മുന്നിലേക്ക് കുതിച്ചു. അവസാന നിമിഷം വരെ ഇന്ത്യ പൊരുതിനോക്കിയെങ്കിലും സമനില ഗോള്‍ നേടാനാകാതെ തളര്‍ന്നു. അവസാന നിമിഷങ്ങളില്‍ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ പിന്‍വലിച്ച് നടത്തിയ പോരാട്ടം ഇന്ത്യയ്ക്ക് സമ്മാനിച്ചത് കനത്ത തിരിച്ചടിയാണ്.
സെമിയില്‍ തോറ്റ ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ നേരിടും. വ്യാഴാഴ്ച വൈകിട്ട 5.30നാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ ജര്‍മനിയെ തോല്‍പ്പിച്ച് വെങ്കല മെഡല്‍ നേടിയ ഇന്ത്യയോടുള്ള മധുപ്രതികാരം കൂടിയായി ജര്‍മനിക്ക് ഈ വിജയം.