Olympics 2024 : ഒളിമ്പിക്സ് കായിക മാമാങ്കം എന്ന് മുതൽ? ഇന്ത്യയിൽ ലൈവ് സംപ്രേഷണം എവിടെ കാണാം?
Olympics 2024 Live Streaming Updates : പാരിസാണ് ഇത്തവണത്തെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക. കായിക മാമാങ്കത്തിന് ജൂലൈ 26ന് കൊടിയേറും
33-ാമത് ഒളിമ്പിക്സിന് (Olympics 2024) ജൂലൈ 26ന് കൊടിയേറും. പാരിസ് (Paris Olympics 2024) ആതിഥേയത്വം വഹിക്കുന്ന കായിക മാമാങ്കം ഓഗസ്റ്റ് 26-ാം തീയതി വരെയാണ് സംഘടിപ്പിക്കുക. നാല് അധിക ഇനിങ്ങൾ ഉൾപ്പെടെ 32 കായിക മത്സരങ്ങളാണ് ഒളിമ്പിക്സിൽ ഇത്തവണ ഉണ്ടാകുക. 28 കോർ ഒളിമ്പിക്സ് ഇനങ്ങൾക്ക് പുറമെ ബ്രേക്കിങ്, സ്കേറ്റ്ബോർഡിങ്, സർഫിങ്, സ്പോർട്സ് ക്ലൈമ്പിങ് ഇനങ്ങളാണ് ഇത്തവണ മത്സരയിനങ്ങളിൽ ഭാഗമാകുന്നത്. ടോക്കിയോ ഒളിമ്പിക്സിലെ ഒരു സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം നേട്ടം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സംഘം പാരീസിലേക്ക് പറക്കുക.
ഒളിമ്പിക്സ് എന്ന് മുതൽ ആരംഭിക്കും?
ജൂലൈ 26-ാം തീയതിയാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി കൊടിയേറുന്നത്. എന്നാൽ ഫുട്ബോൾ, റഗ്ബി പോലെയുള്ള മത്സരങ്ങൾ ജൂലൈ 24-ാം തീയതി മുതൽ ആരംഭിക്കും. ഇന്ത്യൻ പ്രാദേശിക സമയവുമായി പാരിസിലെ സമയം മൂന്നര മണിക്കൂർ പിന്നിലാണ്. അതിനാൽ ഇന്ത്യ പ്രാദേശിക സമയം രാവിലെ 6.30 മുതൽ കായിക മത്സരങ്ങൾക്ക് തുടക്കമാകും. മത്സരക്രമങ്ങളുടെ അന്തിമ പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ALSO READ : Olympics 2024 : ഒളിമ്പിക്സ് ദീപശിഖയ്ക്കും പറയാനുണ്ട് ഒരു കഥ…
ഒളിമ്പിക്സ് എവിടെ ലൈവായി കാണാം?
വയകോം 18 മീഡിയ നെറ്റ്വർക്കാണ് ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ൻ്റെ സ്പോർട്സ് 18 ചാനലിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. നെറ്റ്വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയാണ് ഒളിമ്പിക്സ് മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കും. സംപ്രേഷണം പൂർണമായും സൗജന്യമായിരിക്കും.
ഇത്തവണ 82 കായിക താരങ്ങളാണ് (ഒളിമ്പിക്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം) പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മാറ്റുരയ്ക്കുന്നത്.ടോക്കിയോ ഒളിമ്പിക്സിൽ 128 ഇന്ത്യൻ താരങ്ങൾ പങ്കെടുത്തിയിരുന്നു. ചില താരങ്ങൾക്കേറ്റ പരിക്കും മറ്റ് യോഗ്യത പ്രശ്നങ്ങളുമാണ് പാരിസിലേക്ക് പറക്കാനുള്ളവരുടെ കണക്ക് കുറവുണ്ടായത്. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയാകും പാരിസിലെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ ത്രിവർണ പതാകയേന്തുക.