Olympics 2024 : വെങ്കല മെഡൽ പ്രതീക്ഷയുമായി ലക്ഷ്യ സെൻ ഇന്ന് കളത്തിൽ; എതിരാളി മലേഷ്യൻ താരം
Olympics 2024 Lakshya Sen : പുരുഷ ബാഡ്മിൻ്റൺ സിംഗിൾസിൽ ലക്ഷ്യ സെൻ ഇന്ന് വെങ്കല മെഡൽ പോരാട്ടത്തിനിറങ്ങും. മലേഷ്യയുടെ ലീ സി ജ്യ ആണ് മത്സരത്തിൽ ലക്ഷ്യയുടെ എതിരാളി. ചരിത്രത്തിലാദ്യമായാണ് പുരുഷ ഒളിമ്പിക്സിൽ ഒരു ഇന്ത്യൻ താരം സെമി കളിക്കുന്നത്.
ഒളിമ്പിക്സിലെ പുരുഷ സിംഗിൾസ് ബാഡ്മിൻ്റൺ മത്സരത്തിൽ വെങ്കല മെഡൽ പ്രതീക്ഷയുമായി ലക്ഷ്യ സെൻ (Lakshya Sen) ഇന്ന് കളത്തിൽ. സെമിഫൈനലിൽ നിലവിലെ ഒളിമ്പിക്സ് ജേതാവായ വിക്ടർ അക്സെൽസനോട് പൊരുതിത്തോറ്റ ലക്ഷ്യയ്ക്ക് വെങ്കല മെഡൽ പോരിൽ മലേഷ്യയുടെ ലീ സി ജ്യ ആണ് എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് മത്സരം ആരംഭിക്കും.
പുരുഷ ബാഡ്മിൻ്റണിൽ ലക്ഷ്യ സെൻ സെമിയിലെത്തിയത് തന്നെ റെക്കോർഡായിരുന്നു. ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ലക്ഷ്യ സ്വന്തമാക്കിയത്. പ്രീ ക്വാർട്ടറിൽ മറ്റൊരു ഇന്ത്യൻ താരവും മലയാളിയുമായ എച്ച് എസ് പ്രണോയിയെ അനായാസം വീഴ്ത്തി അവസാന എട്ടിലെത്തിയ ലക്ഷ്യ ക്വാർട്ടറിൽ ആദ്യ സെറ്റ് നഷ്ടമായിട്ടും തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. ചൈനീസ് തായ്പേയുടെ ചൗ ടീൻ – ചെന്നിനെ 19-21, 21-15, 21-12 എന്ന സ്കോറിനാണ് ലക്ഷ്യ കീഴടക്കിയത്.
Also Read : Olympics 2024: ഒളിമ്പിക്‌സിൽ ഹീറോ ശ്രീജേഷ്; ഹോക്കിയിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിയിൽ
സെമിയിൽ നിലവിലെ ചാമ്പ്യനെ വിറപ്പിച്ചാണ് ലക്ഷ്യ കീഴടങ്ങിയത്. ആദ്യ സെറ്റിൽ ഏറെ നേരം ലീഡിലുണ്ടായിരുന്ന ലക്ഷ്യയെ അവസാന പോയിൻ്റുകളിൽ തൻ്റെ മത്സരപരിചയം കൊണ്ടാണ് വിക്ടർ കീഴടക്കിയത്. ആദ്യ സെറ്റ് 22-20 എന്ന സ്കോറിന് ഏറെ വിയർത്ത് നേടിയ താരം പക്ഷേ, രണ്ടാം സെറ്റിൽ 21-14 എന്ന സ്കോറിൻ്റെ അനായാസ വിജയമാണ് സ്വന്തമാക്കിയത്.
വനിതകളുടെ 400 മീറ്റർ ഹീറ്റ്സിൽ കിരൺ പാഹൽ ഇന്ന് മത്സരിക്കും. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‌ലെയും ഇന്ന് കളത്തിലിറങ്ങും. ടേബിൾ ടെന്നിസ് വനിതാ പ്രീക്വാർട്ടർ, വനിതാ ഗുസ്തി ക്വാർട്ടർ, മിക്സഡ് സ്കീറ്റ് ടീം ഷൂട്ടിംഗ് യോഗ്യതാഘട്ടം തുടങ്ങി ഇന്ത്യക്ക് ഇന്ന് വേറെയും വിവിധ മത്സരങ്ങളുണ്ട്.
പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യക്ക് ജയം നേടിയിരുന്നു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. മലയാളി താരം പി ആർ ശ്രീജേഷിന്റെ കിടിലൻ സേവുകളാണ് ഇന്ത്യക്ക് തുണയായത്. നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷ് ഷൂട്ടൗട്ടിലും തുടർന്നതോടെ ഇന്ത്യ വിജയകിരീടം ചൂടി. ഷൂട്ടൗട്ടിൽ ബ്രിട്ടന്റെ രണ്ട് ഗോൾ ശ്രമങ്ങളാണ് ശ്രീജേഷിന് തടയാനായത്. ഒരു ജയമകലെ ഇന്ത്യക്ക് പാരീസിൽ മെഡലുറപ്പിക്കാനാകും.