Olympics 2024 : വെങ്കലപ്പോരിൽ കാലിടറി ലക്ഷ്യ സെൻ; പാരീസിൽ നിന്ന് തലയുയർത്തി മടക്കം
Olympics 2024 Lakshya Sen : ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ വെങ്കലമെഡൽ മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് പരാജയം. മലേഷ്യൻ താരത്തിനെതിരെ ആദ്യ സെറ്റ് നേടിയതിന് ശേഷമാണ് ലക്ഷ്യ പരാജയപ്പെട്ടത്.
ഒളിമ്പിക്സ് പുരുഷ സിംഗിൾസ് ബാഡ്മിൻ്റണിൻ്റെ വെങ്കലപ്പോരിൽ പരാജയപ്പെട്ട് ലക്ഷ്യ സെൻ (Lakshya Sen). മലേഷ്യയുടെ ലീ സി ജ്യയ്ക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചാണ് ലക്ഷ്യ വീണത്. ആദ്യ സെറ്റ് നേടിയിട്ടും മത്സരം വിജയിക്കാൻ താരത്തിന് സാധിച്ചില്ല. സ്കോർ 21-13, 16-21, 11-21. പരാജയപ്പെട്ടെങ്കിലും അവിസ്മരണീയ പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ മടങ്ങുന്നത്.
സെമിഫൈനലിൽ നിലവിലെ ഒളിമ്പിക്സ് ജേതാവായ വിക്ടർ അക്സെൽസനെതിരെ പരാജയപ്പെട്ടാണ് ലക്ഷ്യ വെങ്കലപ്പോരിലെത്തിയത്. ആദ്യ സെറ്റിൽ മികച്ച ആധിപത്യം പുലർത്തിയ ലക്ഷ്യയ്ക്ക് പക്ഷേ, അടുത്ത രണ്ട് സെറ്റുകളിൽ ഈ മികവ് തുടരാനായില്ല. മത്സരത്തിനിടെ പരിക്കേറ്റതും ലക്ഷ്യയ്ക്ക് തിരിച്ചടിയായി. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഇന്ത്യൻ താരത്തിനെതിരെ മലേഷ്യൻ താരം രണ്ടാം സെറ്റിൽ തിരിച്ചുവന്നു. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു മലേഷ്യൻ താരത്തിൻ്റെ വിജയം. പരിക്ക് അലട്ടിയ മൂന്നാം സെറ്റിൽ ഇത് മുതലെടുത്ത് മലേഷ്യൻ താരം അനായാസം വിജയം കുറിച്ചു.
Also Read : Olympics 2024 : വെങ്കല മെഡൽ പ്രതീക്ഷയുമായി ലക്ഷ്യ സെൻ ഇന്ന് കളത്തിൽ; എതിരാളി മലേഷ്യൻ താരം
പുരുഷ ബാഡ്മിൻ്റണിൽ ലക്ഷ്യ സെൻ സെമിയിലെത്തിയത് തന്നെ റെക്കോർഡായിരുന്നു. ഒളിമ്പിക്സ് പുരുഷ ബാഡ്മിൻ്റൺ സിംഗിൾസിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ലക്ഷ്യ സ്വന്തമാക്കിയത്. പ്രീ ക്വാർട്ടറിൽ മറ്റൊരു ഇന്ത്യൻ താരവും മലയാളിയുമായ എച്ച് എസ് പ്രണോയിയെ അനായാസം വീഴ്ത്തി അവസാന എട്ടിലെത്തിയ ലക്ഷ്യ ക്വാർട്ടറിൽ ആദ്യ സെറ്റ് നഷ്ടമായിട്ടും തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. ചൈനീസ് തായ്പേയുടെ ചൗ ടീൻ – ചെന്നിനെ 19-21, 21-15, 21-12 എന്ന സ്കോറിനാണ് ലക്ഷ്യ കീഴടക്കിയത്.
സെമിയിൽ നിലവിലെ ചാമ്പ്യനെ വിറപ്പിച്ചാണ് ലക്ഷ്യ കീഴടങ്ങിയത്. ആദ്യ സെറ്റിൽ ഏറെ നേരം ലീഡിലുണ്ടായിരുന്ന ലക്ഷ്യയെ അവസാന പോയിൻ്റുകളിൽ തൻ്റെ മത്സരപരിചയം കൊണ്ടാണ് വിക്ടർ കീഴടക്കിയത്. ആദ്യ സെറ്റ് 22-20 എന്ന സ്കോറിന് ഏറെ വിയർത്ത് നേടിയ താരം പക്ഷേ, രണ്ടാം സെറ്റിൽ 21-14 എന്ന സ്കോറിൻ്റെ അനായാസ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിന് ശേഷം ലക്ഷ്യയെ വിക്ടർ അക്സെൽസൻ വാനോളം പുകഴ്ത്തിയിരുന്നു. കടുത്ത പോരാട്ടമാണ് ലക്ഷ്യ നടത്തിയതെന്നും മത്സരം എളുപ്പമായിരുന്നില്ലെന്നും വിക്ടർ പറഞ്ഞു. അടുത്ത നാല് കൊല്ലത്തിനിടയിൽ ലക്ഷ്യ വളരെ മികച്ച ഒരു താരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.