Olympics 2024 : ഷൂട്ടിങ് റേഞ്ചിലെ ധോണി; ടിടിഇയിൽ നിന്നും ഒളിമ്പിക്സ് മെഡൽ ജേതാവായ സ്വപ്നിൽ കുശാലെ
Swapnil Kusale Paris Olympics Bronze Medalist : മഹാരാഷ്ട്രയിലെ ഖോലപൂർ സ്വദേശിയാണ് സ്വപ്നിൽ കുശാലെ. റെയിൽവെയിൽ ജോലി നേടിയതിന് ശേഷം ലഭിച്ച ആദ്യത്തെ ആറ് മാസത്തെ ശമ്പളം കൂട്ടിവെച്ചാണ് സ്വപ്നിൽ സ്വന്തമായി തൻ്റെ ആദ്യ റൈഫിൾ വാങ്ങിക്കുന്നത്.
പാരീസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടത്തോടെയാണ് 29കാരനായ സ്വപ്നിൽ കുശാലെ (Swapnil Kusale) എന്ന പേര് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്. ഷൂട്ടിങ് റേഞ്ചിൽ നിന്നും മനു ഭാക്കർ തുടക്കമിട്ട ഇന്ത്യയുടെ മെഡൽ വേട്ടയിലേക്കുള്ള അപ്രതീക്ഷിത സംഭാവനയാണ് മഹാരാഷ്ട്രയിലെ ഖോലപൂർ സ്വദേശിയായ സ്വപ്നിൽ നിന്നും ലഭിച്ചത്. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഐശ്വര്യ പ്രതാപ് സിങ് യോഗ്യത ഘട്ടത്തിൽ 11-ാമതായിട്ടാണ് ഫിനിഷ് ചെയ്തത്. എന്നാൽ പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി സ്വപ്നിൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഏഴാം സ്ഥാനത്ത് നിന്നാണ് സ്വപ്നിൽ ഫൈനിൽ റൗണ്ടിൽ ഇന്ത്യക്കായി അഭിമാന നേട്ടം സ്വന്തമാക്കുന്നത്.
ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻ വിഭാഗത്തിലാണ് കുശാലെ ഇന്ത്യക്കായി പാരീസ് ഒളിമ്പക്സിൽ മൂന്നാം മെഡൽ നേടുന്നത്. ഖോലപൂരിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച സ്വപ്നിൽ ഇന്ന് രാജ്യത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയെ പോലെ ഇന്ത്യൻ റെയിൽവെയുടെ ടിക്കറ്റ് പരിശോധകനിൽ (ടിടിഇ) നിന്നുമാണ് പാരീസിലെ പോഡിയത്തിലേക്ക് സ്വപ്നിൽ നടന്നു കയറിയത്.
ALSO READ : Manu Bhaker: എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അഭിമാനം; ആരാണ് മനു ഭകാര്‍
ധോണിയാണ് എൻ്റെ ഹീറോ
14-ാം വയസിലാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ കായിക ഉന്നമനത്തിനുള്ള പ്രത്യേക പദ്ധതിയായ ക്രീഡ പ്രെബോധിനി സ്കീമിലൂടെ കുശാലെ ഷൂട്ടിങ് കരിയറിലേക്കെത്തുന്നത്. തുടർന്ന് മഹാരാഷ്ട്രയ്ക്കായി ദേശീയതലത്തിൽ കുശാലെ നിരവധി ടൂർണമെൻ്റിൽ പങ്കെടുത്തു. 2012ലാണ് സ്വപ്നിൽ കുശാലെയ്ക്ക് രാജ്യാന്തര വേദിയിലേക്ക് വഴി തുറന്ന് ലഭിക്കുന്നത്. എന്നാൽ ഒളിമ്പിക്സിലേക്ക് ആദ്യമായി ചുവടുവെക്കാൻ ഈ മഹരാഷ്ട്രക്കാരൻ തൻ്റെ കരിയറിൽ കാത്തിരുന്നത് 12 വർഷമാണ്. ആ ആദ്യ ചുവടുവെപ്പിൽ തന്നെ കുശാലെ രാജ്യത്തിനായി ആ ആഭിമാന നേട്ടം സ്വന്തമാക്കി.
കരിയറിലെ ഈ നേട്ടത്തിന് കാരണമായത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയാണെന്നാണ് സ്വപ്നിൽ കുശാലെ തന്നെ പറയുന്നത്. ധോണിയുടെ ജീവചരിത്രം പറയുന്ന ചിത്രം നിരവധി തവണ കണ്ട ഒളിമ്പിക്സ് മെഡലിസ്റ്റ് തൻ്റെ കരിയറിൽ എത്രത്തോളം ക്ഷമ വേണമെന്ന് അതിലൂടെ മനസ്സിലാക്കിയെന്നാണ് മെഡൽ നേട്ടത്തിന് ശേഷം താരം പറഞ്ഞത്. ധോണിയെ പോലെ ഇന്ത്യൻ റെയിൽവെയിലെ ടിടിഇയിൽ നിന്നാണ് കുശാലെ പാരീസ് വെങ്കല നേട്ടത്തിലേക്കെത്തിച്ചേർന്നത്. 2015 മുതൽ സെൻട്രൽ റെയിൽവെയുടെ കീഴിലാണ് സ്വപ്നിൽ കുശാലെ ജോലി ചെയ്യുന്നത്.
ആദ്യ റൈഫിളിനായി ശമ്പളം കൂട്ടിവെച്ചു
2015 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിളിൽ പ്രോൺ ഇനത്തിലെ മെഡൽ നോട്ടത്തിലൂടെയാണ് കുശാലെ ഗെയിംസിൽ ശ്രദ്ധേയനാകുന്നത്. അതെ വർഷം തന്നെ കുശാലെയ്ക്ക് ഇന്ത്യൻ റെയിൽവെയിൽ ജോലി ലഭിക്കുകയും ചെയ്തു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ദേശീയ തലത്തിലെ മത്സരങ്ങളിൽ മറ്റ് ഷൂട്ടർമാർക്കൊപ്പം സർക്കാരിൻ്റെ റൈഫിൾ ഉപയോഗിച്ചുകൊണ്ടാണ് കുശാലെ പങ്കെടുത്തിരുന്നത്. ഇന്ത്യൻ റെയിൽവെയിൽ ജോലി ലഭിച്ചതിന് ശേഷം ആദ്യ ആറ് മാസത്തെ ശമ്പളം മാറ്റിവെച്ചാണ് മൂന്ന് ലക്ഷം രൂപ വില വരുന്ന റൈഫിൾ കുശാലെ സ്വന്തമായി വാങ്ങിക്കുന്നത്.
പാരീസിലേക്കുള്ള വഴി
ജൂനിയർ ലോകകപ്പിലും 2018 ഏഷ്യൻ ഗെയിംസിലെ വെങ്കലം നേട്ടം നേടിയപ്പോഴെല്ലാം ഈ 29കാരൻ ഇന്ത്യൻ ഷൂട്ടിങ് ടീമിൽ സജീവമായിരുന്നു. 2022 കെയ്റോയിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പിലൂടെയാണ് സ്വപ്നിലിലേക്ക് എല്ലാവരുടെയും ശ്രദ്ധയെത്തുന്നത്. ലോകകപ്പിൽ മെഡൽ നേടാനായില്ലെങ്കിൽ അവസാന ഷോട്ടിലൂടെ നാലാം സ്ഥാനത്തെത്തി പാരീസിലേക്കുള്ള ക്വോട്ട നേടിയെടുക്കുന്നത്. 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻ വിഭാഗത്തിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരാനാണ് സ്വപ്നിൽ. മെഡൽ ജേതാവായ ഖോലാപൂർ സ്വദേശിയുടെ പിതാവ് സുരേഷ് കുശാലെ ഗ്രാമത്തിലെ ഒരു ചെറിയ സ്കൂളിലെ അധ്യാപകനാണ്. മാതാവ് അനിത ഗ്രാമത്തിൻ്റെ സർപഞ്ചാണ്.