Olympics 2024: ‘ലൈംഗികത കിടപ്പുമുറിയില്‍ മാത്രം ഒതുക്കിയാല്‍പ്പോരേ?’; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ കങ്കണ
Kangana Ranaut about Olympics 2024: നീല നിറം പൂശിയ നഗ്നനായ ഒരാളെ ക്രിസ്തുവായി അവതരിപ്പിച്ചതിലൂടെ മുഴുവന്‍ ക്രിസ്തുമതത്തെയും പരിഹസിക്കുകയാണ്. ഇടതുപക്ഷക്കാര്‍ ഒളിമ്പിക്‌സിനെ ഹൈജാക്ക് ചെയ്തു, വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതും കങ്കണ പറഞ്ഞു.
പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെ വിമര്‍ശിച്ച് കങ്കണ റണാവത്ത് എംപി. ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചത് വികലമായിട്ടാണെന്ന് കങ്കണ പറഞ്ഞു. അന്ത്യ അത്താഴത്തെ നിന്ദിക്കുന്ന തരത്തിലാണ് അതരിപ്പിച്ചതെന്നും 2024ലെ ഒളിമ്പിക്‌സിനെ ഇത്തരത്തില്‍ സ്വീകരിച്ചതിലൂടെ ഫ്രാന്‍സാണ് എന്താണ് ഉദ്ദേശിച്ചതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കങ്കണ ചോദിച്ചു.
നീല നിറം പൂശിയ നഗ്നനായ ഒരാളെ ക്രിസ്തുവായി അവതരിപ്പിച്ചതിലൂടെ മുഴുവന്‍ ക്രിസ്തുമതത്തെയും പരിഹസിക്കുകയാണ്. ഇടതുപക്ഷക്കാര്‍ ഒളിമ്പിക്‌സിനെ ഹൈജാക്ക് ചെയ്തു, വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതും കങ്കണ പറഞ്ഞു.
‘ഹോമോസെക്ഷ്വല്‍ ആയിരിക്കുന്നതിനേക്കുറിച്ചാണ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പറയുന്നത്. ഞാനൊരിക്കലും ഹോമോസെക്ഷ്വാലിറ്റിക്ക് എതിരല്ല. പക്ഷെ ഇത് എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഒളിമ്പിക്‌സ് ഏത് ലൈംഗികതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? എന്തിനാണ് എല്ലാ രാജ്യങ്ങളുടെയും ഗെയിമുകള്‍, കായിക പങ്കാളിത്തം, മനുഷ്യന്റെ മികവ് എന്നിവയ്ക്കുമേല്‍ ലൈംഗികത ആധിപത്യം സ്ഥാപിക്കുന്നത്? ലൈംഗികത നമ്മുടെ കിടപ്പുമുറിയില്‍ മാത്രം ഒതുക്കിയാല്‍ പോരേ? ഇത് വളരെ വിചിത്രമാണ്,’ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
ക്രിസ്തുവിന്റെ അന്ത്യ അത്താഴം പെയിന്റിങ്ങിന് സമാനമായിട്ടായിരുന്നു ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ പ്രകടനങ്ങള്‍. യേശുക്രിസ്തുവും 12 ശിഷ്യന്മാരും ഇരിക്കുന്നത് പോലെയായിരുന്നു അവതരണം. നടുക്ക് ഉണ്ടായിരുന്നത് ഒരു സ്ത്രിയായിരുന്നു. എല്‍ജിബിടിക്യു അംഗങ്ങളായിരുന്നു വേദിയില്‍ ഈ സ്‌കിറ്റ് അവതരിപ്പിച്ചിരുന്നത്.
അതേസമയം, ഈ സ്‌കിറ്റിനെതിരെ ഫ്രാന്‍സിലെ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് രംഗത്തെത്തിയിട്ടുണ്ട്. ചടങ്ങില്‍ ക്രിസുതുമതത്തെ പരിഹസിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് കോണ്‍ഫറന്‍സ് പ്രതികരിച്ചത്. അതില്‍ ഖേദിക്കുന്നതായും അവര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെ അപമാനിച്ചുകൊണ്ടാണ് ഒളിമ്പിക്‌സ് ആരംഭിച്ചത് എന്ന് ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി പറഞ്ഞിരുന്നു.
എന്നാല്‍ സ്‌കിറ്റിനെ ന്യായീകരിച്ചുകൊണ്ട് വിവാദങ്ങള്‍ക്ക് പിന്നാലെ ഒളിമ്പിക് സംഘാടകരും രംഗത്തെത്തി. ഇതിലൂടെ തങ്ങളുടെ മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപിടിക്കുന്ന സന്ദേശമാണ് നല്‍കിയതെന്നാണ് സംഘാടകര്‍ നല്‍കിയ മറുപടി. കഴിയുന്നത്ര ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കാനാണ് ശ്രമിച്ചതെന്നും തങ്ങള്‍ വൈവിധ്യങ്ങളെ കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിച്ചതെന്നും സംഘാടകര്‍ കൂട്ടിചേര്‍ത്തു.